Monday, August 22, 2011

ഓ....അണ്ണാ........

 ഇപ്പോള്‍ ഒരേ ഒരു  മന്ത്രം മാത്രമേ കേള്‍ക്കാനുള്ളൂ. "അണ്ണാ.......". പക്ഷെ ശുഭലക്ഷണമല്ല, എന്റെ മനസ്സിലെ
 കവടിപ്പലകയില്‍ തെളിയുന്നത്... ആരൂഢം ശരിയാവുന്നില്ല...... വഴി തെറ്റിയ, രാജ്യസ്നേഹം ക്രിക്കറ്റ്‌ കളത്തില്‍ മാത്രം പ്രകടിപ്പിക്കാന്‍ ശീലിച്ച നമ്മുടെ യുവാക്കള്‍ ഇത്ര വേഗം അവരുടെ ദൌത്യം തിരിച്ചറിഞ്ഞോ???

ദോഷൈകദൃക്കായ ഒരു കവിയുടെ വ്യാകുലതകള്‍..........

ഓ....അണ്ണാ........

ആര്‍ത്തു വിളിക്കുന്നവരുടെ മുന്‍പില്‍
പടിഞ്ഞിരിക്കുമ്പോളും
പാറിപ്പറക്കുന്ന കൊടികള്‍  
നിന്റെ മുഖ സ്മിതം ഏന്തി
ആയിരങ്ങളെ ഉന്മത്തരാക്കുമ്പോളും 
സജ്ജരായ പടയാളികള്‍ കണക്കെ
ഒരു നൂറായിരം
യുവാക്കള്‍ നിനക്കായി
യുദ്ധഭേരി മുഴക്കുമ്പോളും 

ഞാന്‍ ഭയക്കുന്നു,
അവര്‍ നിന്നെയും
ഒരു ദൈവമാക്കി
പ്രതിഷ്ഠിച്ചു കളയുമോ എന്ന്....
 ഞാന്‍ വ്യാകുലപ്പെടുന്നു
ചീറി വിളിക്കുന്ന ഈ യുവാക്കള്‍ക്ക്
നിന്റെ തപസ്സിന്റ വിലയറിയുമോ എന്നോര്‍ത്ത്
എന്റെ  മനസ്സ് നീറുന്നു
പണ്ടൊരു ഖാദിക്കാരന്റെ
നെഞ്ചു പിളര്‍ന്നൊഴുകിയ
രക്തം കൊണ്ടെഴുതിയ
താരകമന്ത്രം ഓര്‍ത്തോര്‍ത്തു....

എനിക്കറിയാം നിനക്കിനി ഒരു
മടങ്ങിപ്പോക്കില്ലെന്നു
പക്ഷെ,
രാംലീല കഴിഞ്ഞു
രംഗത്തിനു തിരശ്ശീല വീഴുമ്പോള്‍
രാമനേത് രാവണനേത്  എന്ന്
ജനങ്ങള്‍ ചോദിക്കുമ്പോള്‍
നിന്റെ  കണ്ണീരും ശാപവും
ഈ നാടിനെ ദഹിപ്പിച്ചു കളയുമോ??
 നിന്റെ ജഠരാഗ്നിയില്‍ നിന്ന് കൊളുത്തിയ
ഈ ജ്വാല ഏറ്റു വാങ്ങാന്‍
എന്റെ ജനത  പ്രാപ്തരായോ?? 

ഓ അണ്ണാ.........
നീ ജയിക്കില്ലെന്നുറപ്പുള്ള
ഒരു യുദ്ധത്തിനാണോ
ഇറങ്ങിത്തിരിച്ചിരിക്കുന്നത്............

2 comments:

  1. ധര്‍മ്മ സമരത്തിന്‍റെ പരിസമാപ്തിയെക്കുറിച്ചുള്ള വ്യാകുലത ഭീതി ഉണ്ടാക്കുന്നു.

    " അണ്ണാ.......". പക്ഷെ ശുഭലക്ഷണമല്ല, എന്റെ മനസ്സിലെ കവടിപ്പലകയില്‍ തെളിയുന്നത്...

    വാസ്തവം.

    ReplyDelete
  2. കണ്മുന്നിലെ അഴിമതികള്‍ക്കു നേരെ കണ്ണടച്ച് 'അണ്ണാ" മന്ത്രം ചൊല്ലിടാം.... ......

    ReplyDelete