Wednesday, August 17, 2011

പുത്തന്‍ കാഴ്ചകള്‍............

അരിയ തൂവല്‍ കിനാവില്‍ വീഴുമ്പൊളുള്‍-
ക്കുളിര് വീശും സുഖമിന്നറിവു ഞാന്‍
പുലരി പൊന്നിന്‍ കസവു പുതച്ചെന്റെ
കവിളില്‍ നുള്ളും മധുരമറിവു ഞാന്‍

ചിറകുരുമ്മിയാ പ്രാക്കള്‍ കുറുകിയ
പ്രണയമന്ത്രം ഉരുക്കഴിക്കുമ്പൊളെന്‍
കനവു തേടി നടന്നൊരു കസ്തൂരി
മദസുഗന്ധമായ്‌ നിന്നെയറിവു ഞാന്‍

അനഘമാം മന്ദഹാസം പൊഴിച്ചിടും
പനിമലരിന്നിതളില്‍ തുളുമ്പിടും
ഇനിയ നീഹാരബാഷ്പം പരത്തിടും
മണമുണര്‍ത്തും കിനാവു നുണവു ഞാന്‍

മഷി നിറച്ചൊരെന്‍ തൂലിക ചൊല്ലിടും
വിഷമവൃത്തം എഴുതിത്തളര്‍ന്ന ഞാന്‍
നിശയില്‍ നിന്നെക്കുറിച്ചുള്ളൊരോര്‍മ്മ തന്‍  
ഇശല് പാടി ഹാ! പുഞ്ചിരിക്കുന്നിതാ

ദുരിതജന്മക്കയങ്ങളില്‍ മുങ്ങി ഞാന്‍
നിറമിഴിയോടിരിക്കുമ്പൊളിന്നലെ
പകുതി പൂത്ത സ്മിതത്തോടെ എന്റെ കൈ
മുറുകെ നീയൊന്നമര്‍ത്തിപ്പിടിച്ചുവോ

ഉയിരില്‍ പാതിയും വെന്തു കരിഞ്ഞൊരെന്‍
കവിളില്‍ നീയൊന്നു മെല്ലെ തലോടിയോ
നെറുകയില്‍ ഉമ്മ വെച്ചെന്‍ മുടിയിഴ
അരുമയായി നീ കോതിയൊതുക്കിയോ?

മിഴിയില്‍ മിന്നും അനുരാഗമോടന്നു
പതിയെ എന്നോട് ചേര്‍ന്ന് നടന്നുവോ
ഒരു യുഗത്തിന്റെ സന്ധ്യയില്‍ നീയെന്റെ
കവിത കേള്‍ക്കാന്‍ അരികിലിരുന്നുവോ?

മിഴിയില്‍ നിന്നുടെ രൂപം തെളിയവെ
പ്രണയമെന്നതിന്‍ ജീവന്‍ തൊടുന്നു ഞാന്‍
മൊഴിയില്‍ നീയനുരാഗമായ് തീരുന്ന
നിമിഷസാന്ദ്രതക്കുള്ളില്‍ ലയിപ്പു ഞാന്‍

No comments:

Post a Comment