Thursday, August 11, 2011

ആത്മാവിന്റെ സാമ്രാജ്ഞി

പറഞ്ഞീടാതെ വന്നെന്റെ
നെഞ്ചില്‍ നീ കൂടു കൂട്ടിയോ?
പിരിഞ്ഞീടാത്തതാം വണ്ണം
നീയെന്നെ നിന്റെയാക്കിയോ?

ഇമ ചിമ്മാത്ത കണ്ണാലെ
നിന്നെ നോക്കിയിരിക്കവെ
ലജ്ജയാലെ ചുവന്നോ നിന്‍
പൊന്‍കവിള്‍‍ത്തടമാകവേ

വിരിഞ്ഞു നില്‍ക്കും കണ്ണിന്റെ
പീലി എന്‍ നേര്‍ക്ക്‌ ചായ്ച്ചു നീ
വിടരും കൌതുകത്തോടെ
എന്നെ  തൊട്ടിങ്ങുഴിഞ്ഞുവോ?

ഇളം ചൂടാര്‍ന്ന നിന്‍  കൈയാല്‍
എന്‍ കരം നീ  പിടിച്ചുവോ
കളിയായെന്‍ മുടിക്കുള്ളില്‍
 നിന്‍ വിരല്‍ തെന്നിയോടിയോ?

നിന്റെയും എന്റെയും ശ്വാസ-
താളം ഒന്നായി മാറിയോ
ഒന്നിച്ചു പാട്ട് മൂളുമ്പോള്‍
നാദങ്ങള്‍ വിലയിച്ചുവോ 

പറയാനായിടാതുള്ളില്‍
വിങ്ങി നിന്നൊരു വാക്കുകള്‍
നിന്റെ കൈവിരലേറ്റപ്പോള്‍
കാവ്യമായ് പ്രവഹിച്ചുവോ??

മൃദുവാം ചുണ്ടിലെന്‍ പ്രേമം
ഉപഹാരങ്ങളേകവേ
കൂമ്പിയോ അറിയാതെ നിന്‍
ലജ്ജ മൂടിയ കണ്ണുകള്‍

ഹംസഗീതം മുഴങ്ങുന്ന
കാളിന്ദീ പുളിനങ്ങളില്‍
പണ്ടു നാം കണ്ടിരുന്നെന്നോ
പുരാതന യുഗങ്ങളില്‍

കല്പാന്ത പ്രളയത്തോളം
 നമ്മള്‍ നീന്തി നടന്നുവോ
പ്രണയം കുത്തിയോടുന്ന
ഏതോ മനസ ഗംഗയില്‍

ഒടുവില്‍ പറയാതേതോ
സന്ധ്യയില്‍ പ്രണയാര്‍ദ്രയായ്
എന്റെ ഉള്ളില്‍ നീ ചേക്കേറി
വിടര്‍ന്നു പൊന്‍ പ്രഭാതമായ്‌

കിനാവിന്‍ ചില്ലുകൊട്ടാരം
തകര്‍ത്തെന്‍ ജീവശാഖിയില്‍
വന്നു പൂവിട്ടു നീയെന്നില്‍
ഉണ്മയായി നിറഞ്ഞുവോ?

പറയൂ, എന്നിലെ എന്നെ
കവര്‍ന്നിന്നലെ രാത്രിയില്‍
എത്തിയോ എന്റെ ആത്മാവിന്‍
സാമ്രാജ്യത്തെ ഭരിക്കുവാന്‍

No comments:

Post a Comment