നിഷ്കള പ്രേമമെന്‍
ശുഷ്ക ശബ്ദങ്ങളാല്എങ്ങിനെ ഞാന്‍ ഓതിടാവൂ
ഉള്ളില്‍ ചിലമ്പിട്ടു
തുള്ളും മനസ്സിനെ
എങ്ങിനെ ഞാന്‍ മെരുക്കാവൂ
നിന്നെ നിനക്കുമ്പോള്‍
നെഞ്ചില്‍ പതയുന്ന-
തെങ്ങിനെ ഞാന്‍ അടക്കാവൂ
ഓര്‍മ്മയില്‍ നീ തൂകി-
യോടിയ പുഞ്ചിരി
എങ്ങിനെ ഞാന്‍ മറക്കാവൂ
പണ്ടൊരു നാളില്‍ നിന്‍
സന്ദേശമൊന്നു ഞാന്‍
കണ്ടതു തൊട്ടു മനസ്സില്‍
നീയല്ലാതൊന്നും തെ-
ളിയുവതില്ലെന്നു
ചൊല്ലേണ്ടതെങ്ങിനെ തോഴീ
നിന്റെ ചിരിയുടെ
വിദ്യുത്പ്രഭയിലെന്‍
ജീവിതം പൂത്തു തളിര്‍ക്കെ
നിന്‍ ചൊടിപ്പൂവിന്‍ മ-
ധുരം നുണഞ്ഞെന്റെ
പ്രാണന്‍ ഉന്മത്തമായീടെ
നിന്‍ കരളിന്‍ താള-
മൊന്നിലെന്‍ തംബുരു
ഇന്ന് ശ്രുതി ലയിപ്പിക്കെ
നിന്റെ വിലോലമാം
കണ്ണിലെന്‍ ഭാവന
വീണ്ടും ചിറകു വിടര്‍ത്തെ
എന്റെ കരളിലെ
ചെമ്പകപ്പൂവുകള്‍
നല്‍കേണ്ടതെങ്ങിനെ സൌമ്യേ
എങ്ങിനെ ചൊല്ലെണ്ടി-
തേതേതു ഭാഷയില്‍
നിന്നെ ഞാന്‍ സ്നേഹിപ്പതായി
എങ്ങിനെ ചൊല്ലേണ്ടു
നീയെന്റെ ജീവനില്‍
സന്ധ്യയായ് പൂവിട്ടതായി
ഓമലെ എന്‍ പ്രേമ
പുഷ്പങ്ങള്‍ വാടാതെ
എങ്ങിനെ ഞാന്‍ തന്നിടാവൂ
നിന്റെ നുണക്കുഴി
നോവാതെയുമ്മകള്‍
എങ്ങിനെ ഞാന്‍ ഏകിടാവൂ
No comments:
Post a Comment