എന്‍ ചിറകിന് നിഴല്‍ വീണു നിന്റെ
മണ്കുടിലിലെ മുല്ല പൂത്തെന്നോ?
കണ്ണില്‍ നിന്നിറ്റു വീണ കണ്ണീരാല്‍
വിണ്ട ചുണ്ടില്‍ കവിത പൂത്തെന്നോ?
ഉള്ളിലെ സ്നേഹതീര്ത്ഥത്തില് മുങ്ങി
നിന്റെ ജീവന് കുളിരാര്ന്നുവെന്നോ
വെണ്ണിലാവു പോല്എന്റെ സ്മിതത്താല്‍
നിന് നിശാഗന്ധി ഹാ! വിരിഞ്ഞെന്നോ??
നിന് നിശാഗന്ധി ഹാ! വിരിഞ്ഞെന്നോ??
ആര്‍ത്തലച്ചു വരുന്നൊരെന്‍ വന്യ-
സ്നേഹനിര്ഝരിക്കുള്ളില് കുടുങ്ങി
നീയൊലിച്ചു പോയെന്നോ, തിരിച്ചു
പോകുവാന്‍ നീ വഴി മറന്നെന്നോ
നിര്‍ത്തിടാതെ പൊഴിയുമീ പ്രേമ-
വര്ഷബാഷ്പത്തില് ആകെ നനഞ്ഞു
നീ പുളകം അണിഞ്ഞുവോ, മേഘ-
രാഗമൊന്നു നീ മൂളിയോ മെല്ലേ.
ചൊല്ലുകിന്നു നിന് സ്വപ്നങ്ങളില്‍ നീയെന്‍
നെഞ്ചില്‍ ചാഞ്ഞു കിടന്നിരുന്നില്ലയോ
ചൊല്ലുകെന്റെ കവിളില്‍ നിന് കൈവിരല്‍
ഭംഗിയില്‍ ചിത്രം ഒന്ന് വരച്ചുവോ??
പ്രാണനില്‍ കുറുകീടുന്ന പ്രാവായി,
കണ്ണിലൂറുന്നൊരാ ദിവാ സ്വപ്നമായ്,
നെഞ്ചിലിന്നും മയങ്ങുന്ന നോവായി
വെണ്ണിലാവിന്റെ മൂകസംഗീതമായ്
കാത്തിരിപ്പില്‍ നിരങ്ങും സമയമായ്
നേര്‍ത്ത കാറ്റില്‍ പൊതിയും സുഗന്ധമായ്
പ്രേമം നിന്നെ വിളിപ്പതു കേട്ടുവോ
നീയുമെന്റെ കുടില്‍ തേടി വന്നുവോ??
No comments:
Post a Comment