കഴിഞ്ഞ ആഴ്ച ഗുരുവായൂര് പോയപ്പോള്‍, പടിഞ്ഞാറേ നടയില്‍ നിരന്നു നില്‍ക്കുന്നു ലോട്ടറി വില്‍പ്പനക്കാര്‍.....
"നാളെയാണ് നാളെയാണ്...." എന്ന് നാമം ചൊല്ലിക്കൊണ്ടു. പെട്ടെന്ന് ശ്രീ പദ്മനാഭനും അവിടുത്തെ സ്വത്തും ഒക്കെ ഓര്‍മ്മ വന്നു.അവരുടെ തൊഴിലിനോട് പൂര്‍ണ്ണ ബഹുമാനം ഉണ്ടെങ്കിലും, ഒരു നിമിഷത്തേക്ക് മനസ്സില്‍ ഒരു ചിരി പൊന്തി.........
കായാമ്പൂ വര്‍ണ്ണന്റെ കള്ളച്ചിരി............
ഗുരുവായൂരിലെ ലോട്ടറി വില്‍പ്പനക്കാരന്‍
ശാന്തി തന്‍ മന്ത്രധ്വാനം മുഴക്കി പറവകള്‍
അന്തിവാനത്തിന്‍ ദൂരതീരങ്ങള്‍ തേടീടുമ്പോള്‍
വിശ്വമോഹന ഗാനമൊന്നില്‍ തന്‍ മനോവീണ
മീട്ടുമാ കാറ്റിന്‍ കൈകള്‍ കുഴലൊന്നൂതീടുമ്പോള്‍
കയ്യുകള്‍ നീട്ടീ വാനം മണ്ണിലെ പൂമ്പാറ്റകള്‍-
ക്കുമ്മകള്‍ നല്കീടുന്ന ശ്യാമള സായാഹ്നത്തില്‍
കുങ്കുമം പൂശിപ്പൊന്നിന്‍ കാല്‍ച്ചിലമ്പുകള്‍ തുള്ളി-
ച്ചാ തിരക്കുഞ്ഞുങ്ങള്‍ വന്നമ്മയെ പുണരവേ
എത്തി ഞാന്‍ തിരക്കിലെക്കാപ്പടിഞ്ഞാറേ നട,
എത്തി ഞാന്‍ ഗുരുവായൂര്‍ അമ്പലത്തിനു മുന്‍പില്‍
നെറ്റിയില്‍ ഭസ്മം തൊട്ട വഴിയില്‍ നിന്നൊന്നു ഞാന്‍
അകലെ തിളങ്ങുന്ന ഗോപുരം നോക്കിക്കണ്ടു
തിരക്കി പോകുന്നെന്നെ കാറ്റും, അയ്യപ്പന്മാരും,
ആയിരം കണ്ഠങ്ങളില്‍ പൊങ്ങുന്ന നാമം ജപം
പതുക്കെ ഉള്ളില്‍ കിനിഞ്ഞിറങ്ങുന്നുണ്ടാ സന്ധ്യാ-
ദീപത്തില്‍ ജ്വലിക്കുന്ന നാളം പോല്‍ നാരായണന്‍
ദിവ്യമാം തിരുനടക്കുള്ളില്‍ ഹാ വിളങ്ങുന്ന
കന്മഷമകറ്റുന്ന കണ്ണന്റെ തിരുരൂപം
കണ്ണിമക്കാതെ കാണാന്‍ ആശിച്ചോടിയെത്തുന്നു
അന്ന്യമാം ദേശങ്ങളില്‍ നിന്നുമായിരങ്ങളും
കുന്നി തന്‍ മണികള്‍ തന്‍ പിഞ്ചിളം കരങ്ങളാല്‍
കണ്ണന്റെ കാല്‍ക്കല്‍ വാരിയെറിയും കുസൃതികള്‍
വെണ്ണയും തൈരും പുരണ്ടുള്ളൊരു ചുണ്ടില്‍ ഉമ്മ
തന്നു രാധയോ ദൂരെ ചിരിച്ചു മറയുന്നു.
നിന്നു ഞാന്‍ പുരാണങ്ങള്‍ പുകഴ്ത്തുന്നതാം സച്ചിദ്
സൌഖ്യത്തിന്‍ മഹാനിധിക്കരികില്‍ വിമൂകനായ്
നിന്നു ഞാന്‍ ഗുരുവായൂര്‍ നടയില്‍ തിരതല്ലും
ധന്യസൌരഭത്തിന്റെ തിരയില്‍ നിലീനനായ്
"ഒന്നെടുക്കണം സാറേ നാളത്തെ മണ്‍സൂണ്‍ ബമ്പര്‍
ഒന്നരക്കോടിക്കുള്ള ഭാഗ്യത്തിന്‍ ടിക്കറ്റിതാ.
നാളെയാ നറുക്കെടുപ്പേറെയില്ലതു കൊണ്ട്
നാളുകള്‍, മടിക്കാതെ വാങ്ങണം ഒന്നോ രണ്ടോ"
തൊട്ടടുത്തൊരു ടിക്കറ്റ് വില്‍പ്പനക്കാരന്‍ വന്നു
നീട്ടുമാ ടിക്കറ്റ് ഒന്നു നോക്കി ഞാന്‍, നിറുത്താതെ
ഓതുന്നുണ്ടയാള്‍ ഭാഗ്യം ആരെയും കടാക്ഷിക്കാം,
നാളെ നിങ്ങടെ ശിരോരേഖകള്‍ മാറിപ്പോകാം
ഒന്നരക്കോടിക്കായി നൂറു രൂപയോ തുച്ഛം
എന്നതു മറക്കരുതെന്നുമാ, ഭാഗ്യത്തിന്റെ
കണ്ണേറു ലഭിച്ചവന്‍ പിന്നെയീ മണ്ണില്‍ രാജ-
സമ്മാനിതന്‍ പോല്‍ വാഴും എന്നതും ചൊല്ലിത്തന്നു
ദീനമാം മുഖത്തില്‍ ഞാന്‍ കണ്ടൊരു പ്രതീക്ഷ തന്‍
നേരിയൊരൊളി, പക്ഷെ, ടിക്കറ്റ് വാങ്ങീല ഞാന്‍.
ഒന്നു പുഞ്ചിരിച്ചെന്റെ നന്ദിയോതിയാ വഴി
നീങ്ങവേ മുന്നില്‍ പൊന്നിന്‍ താഴികക്കുടം കാണായ്
ഉണ്ടൊരു മഹാനിധി സോദരാ മതില്ക്കക-
ത്തൊന്നത് വശപ്പെടുത്താനിഹ മോഹിച്ചു ഞാന്‍
വന്നതാണിത്രത്തോളം വന്‍തപസ്വികള്‍ കാക്കും
വന്‍ തിരയടിക്കുന്ന ഭാഗ്യസാഗരം തേടി
ഹന്ത! നാം അറിയുന്നോ ആ മഹാസൌഭാഗ്യത്തിന്‍
അന്തമില്ലാതേയുള്ള പരിപാവന മൂല്യം
ഇന്നും നാം വട്ടം കറങ്ങീടുന്നു വിലയറ്റ
ലോഹവും, കടലാസ്സു കഷ്ണവും മോഹിച്ചെന്നും
ഭൂമിയില്‍ കുഴിച്ചിട്ട കല്ലുകള്‍ മിനുക്കി നാം,
ആ മിന്നി തിളങ്ങുന്ന സ്വര്‍ണ്ണത്തില്‍ ഭ്രമിച്ചു നാം
ലോട്ടറി എടുക്കുന്നു, ആ നട കണ്ടീടാതെ
പാവനപഥങ്ങളെ വിട്ടു നീങ്ങുന്നൂ ദൂരം
സ്വര്‍ണ്ണത്തെ, രത്നങ്ങളെ, ലോട്ടറി ടിക്കറ്റിനെ,
വില്‍ക്കുമാളിനെ, എന്നെ, നിങ്ങളെ, സൃഷ്ടിച്ചതാം
വിശ്വനായകന്‍ തന്നെ മറന്നേ പോകുന്നു നാം
നിശ്ശങ്കം ഭജിക്കേണ്ട ഗോപകകുമാരനെ
പാവന ഗുരുവായുപുരത്തില്‍ വിളങ്ങുന്നൊ-
രീ മഹാഭാഗ്യത്തിനെ കണ്ണടച്ചിരുട്ടാക്കി
നാറുന്ന നടപ്പാത തന്നില്‍ നാം മുഷിഞ്ഞൊരു
ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ അലഞ്ഞു നടക്കവേ
മിന്നിടും മണിപ്രഭാവലയാങ്കിതമാകും
പൊന്നിന്റെ സോപനത്തിന്‍ ഉള്ളില്‍ തന്‍ കുഴലൂതി
ധന്യമാം പ്രഭാപൂരം ചൊരിയും സൌഭാഗ്യമാം
കണ്ണന്റെ ചുണ്ടില്‍ മെല്ലെ വിരിഞ്ഞോ കള്ളച്ചിരി.....
നല്ലൊരു ഗുരുവായൂരപ്പ സ്തുതി.
ReplyDelete"ഒന്നെടുക്കണം സാറേ നാളത്തെ മണ്‍സൂണ്‍ ബമ്പര്‍
ReplyDeleteഒന്നരക്കോടിക്കുള്ള ഭാഗ്യത്തിന്‍ ടിക്കറ്റിതാ.
നാളെയാ നറുക്കെടുപ്പേറെയില്ലതു കൊണ്ട്
നാളുകള്‍, മടിക്കാതെ വാങ്ങണം ഒന്നോ രണ്ടോ"
nalla varikal
Vaayichathinum commentiyathinum Nandi.....
ReplyDeletenannayitundu..
ReplyDeleteഓം നമോ ഭഗവതേ വാസുദേവായ..നന്നായിട്ടുണ്ട്.
ReplyDeleteThank You..
ReplyDeleteAnd I know why you chanted it Vasantha Venat ;)
ഒന്നാന്തരം! ഭക്തപ്രിയ മാസികയ്ക്ക് (ഗുരുവായൂര് ) അയച്ചു കൊടുക്കൂ.
ReplyDelete