Thursday, July 14, 2011

ഒരു വസന്തസ്മൃതി..........

ഒടുവില്‍ നീയുമൊഴിഞ്ഞു പോകുമ്പൊളെന്‍
മുറിയില്‍ ഞാനുമെന്‍ മൌനവും ബാക്കിയായ്
വെറുതെ കണ്ണീര്‍ തുളുമ്പുന്ന കണ്ണിനോ-
ടരുതരുതെന്നു ചൊല്ലി ഞാന്‍ പിന്നെയും

വഴി പിഴച്ചൊരെന്‍ ഭാവന, പ്രാണനില്‍
പുക വലിക്കുന്ന നോവ്‌, ശിരോരേഖ
വഴിതെളിക്കുന്ന പാതയില്‍ വീണുട-
ഞ്ഞിഴയുമോര്‍മ്മ തന്‍ പ്രാകൃത രൂപകം

അവിടെ കുഞ്ഞിളംകാറ്റു പോല്‍ വന്നു തന്‍
കുളിരു വീശിയോര്‍ എങ്ങോ മറഞ്ഞു പോയ്‌
ഒരു നിമിഷം തെളിഞ്ഞു നീയും പകര്‍-
ന്നവിടെ തൂവെളിച്ചം , ഇരുള്‍ മായ്ക്കുവാന്‍

വഴിവിളക്കിഞ്ഞെരിയുവാന്‍ വേണ്ടയോ
പറയു സ്നേഹം, അതില്ലാതണഞ്ഞു പോയ്‌
ഇവിടെ എന്റെ ഇരുട്ടില്‍ തെളിഞ്ഞൊരീ
മണിവിളക്കും , ഇരുട്ട് കനത്തുവോ??

മിഴിയില്‍ നന്ദിയോടോര്‍ക്കുന്നിതെപ്പോളും
ഒരിടവേളയില്‍ വന്ന വസന്തമേ
പുറകില്‍ നിന്നുമേകാന്തത മൂടുവാന്‍
വരുമതിന്‍ മുന്നേ പുഞ്ചിരിക്കട്ടെ ഞാന്‍!!!!!!!!

No comments:

Post a Comment