Thursday, July 21, 2011

ഉണരട്ടെ പ്രണയം........

തെളിയാ വരകള്‍
നെടുകെ പിളര്‍ന്ന
ഒരു ജീവിതത്തിന്‍
നിഴലും നിലാവും

വഴി മുട്ടിടുന്ന
ഒരു സ്നേഹഗംഗാ-
സ്വരവീചി തീര്‍ത്ത
നുരയും പദങ്ങള്‍

മെയ്യില്‍ വീണിഴയും
മൃഗതൃഷ്ണകള്‍ തന്‍
പരിരംഭണത്തിന്‍
മദഗന്ധമെങ്ങും

മുറിവേറ്റ പ്രാണന്‍
ഉഴറുമ്പൊളുള്ളില്‍
മുറുകുന്നിതേതോ
കയറിന്റെ അറ്റം

കുഴയുന്നു ചിത്തം
ഇരുളും ഒളിയും
ചതുരംഗമാടും
നില കണ്ടു നില്‍ക്കെ

അലയുന്നു ചിന്ത
അറിയാതെ ഏതോ
അപഥത്തില്‍ നിന്നെ
അറിയാന്‍ കൊതിച്ചു

പറയാതെ ചൊന്ന
പ്രണയത്തെയിന്നും
അറിയാതെ പോയ
നെടുവീര്‍പ്പിനൊച്ച

വെറുതെ കിനാവില്‍
മധുരം പൊഴിഞ്ഞു
ഉടന്‍ ആവിയായ് പോം
മഴയോ പ്രണയം

ഉയിരിന്റെ കഷ്ണം
പറിയുന്ന മട്ടില്‍
ഹൃദയത്തിലൊട്ടും
പശയോ പ്രണയം

ഒരു പുഞ്ചിരിക്കും
പുതു വ്യാഖ്യമേകും
മധുരാനുഭൂതി-
പ്പുഴയോ പ്രണയം

മറവിയെക്കാളും
മരണത്തെ ഇഷ്ട-
പ്പെടുവാന്‍ തുനിഞ്ഞ
കഥയോ പ്രണയം

ചുടുചോരയാല്‍  തന്‍
ഹൃദയാക്ഷരങ്ങള്‍
കനലില്‍ കുറിച്ച
വരിയോ പ്രണയം

അറിയില്ല പക്ഷെ
ഒരു കാവ്യമായെന്‍
ഇടനെഞ്ചിലൂറുന്നു
തവ മുഗ്ദ്ധചിത്രം

അതിനുള്ളിലേതോ
പനിനീര്‍ക്കണമായ്
ഉറയുന്നിതുള്ളില്‍
പ്രണയ സുഗന്ധം

അപഥങ്ങള്‍ താണ്ടി-
ത്തളരും പദത്തില്‍
ഒരു തുള്ളിയിറ്റിക്ക
തവ സ്നേഹവര്‍ഷം

പുണരട്ടെ എന്നെ
പുതു പൊന്നിന്‍ നാണ്യം
വിതറുന്ന മേട-
പ്പുലര്കാല വെട്ടം

എരിതീയെരിയും
ഇടനെഞ്ചില്‍ വീണ്ടും
ഉണരട്ടെ ധന്യ-
ശ്രുതിയൊന്നു വീണ്ടും

No comments:

Post a Comment