Thursday, July 7, 2011

കാമുകനെ പിരിയാം.................

ഒരു ടിപ്പിക്കല്‍ സോഫ്റ്റ്‌വെയര്‍ സാഹചര്യം.....എത്ര തവണ കോഡ് മാറ്റി എഴുതി അയച്ചാലും തൃപ്തിയാകാത്ത ഓണ്‍സൈറ്റ്.... ചുറ്റിലും കണ്ണ് നട്ട് നില്‍ക്കുന്ന മാനേജര്‍മാര്‍...... ഒഴിവാകാന്‍ ആകാതെ പിടയുന്ന പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.............................



"എന്നിട്ടെന്തോതി കാമുകന്‍?" ചോദിച്ചു ഞാന്‍
ഒട്ടൊന്നു നാണിച്ചവള്‍ പുഞ്ചിരി തൂകിച്ചൊല്ലീ
"വേറൊന്നും പറഞ്ഞില്ല ഇന്നലെ അയച്ചൊരെന്‍
പ്രേമലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി

തിരുത്താന്‍ പറഞ്ഞിന്നും, ഞാന്‍ എന്റെ പ്രണയോപ-
ഹാരമായ്‌ സമര്‍പ്പിച്ച പ്രേമ സാക്ഷ്യങ്ങള്‍ എല്ലാം
ചില നേരത്തെല്ലാമെന്‍ പിഴയാണെന്നേ തോന്നും
പറയാന്‍ കഴിയാത്ത വേദന വിങ്ങിപ്പൊട്ടും

എങ്കിലും പിരിഞ്ഞീടാന്‍ ആവില്ല പരസ്പര-
സംഘര്‍ഷം ഉണ്ടെന്നാലും എന്റെ കാമുകനല്ലേ
എളുപ്പം പിരിക്കുവാന്‍ വയ്യാത്തൊരുടമ്പടി
വളരെ പണ്ടേ ഞങ്ങള്‍ കൈമാറിയിട്ടുണ്ടല്ലോ

പിന്നെയും ഞങ്ങള്‍ സ്വസ്ഥ ജീവിതം നയിപ്പതു
കണ്ടീടാന്‍ വെമ്പല്‍ പൂണ്ടു നില്‍പ്പതുണ്ടാള്‍ക്കാര്‍ ചുറ്റും
അറിയാത്തൊരു വാക്കാല്‍ കലമ്പിച്ചെന്നെന്നാകില്‍
എന്ത് താന്‍ നടക്കുമോ നിശ്ചയമില്ല സത്യം"

"എന്തിനീ ദുഃഖം പേറി നീ പിന്നെയും എഴുതുന്നു
പ്രേമലേഖനങ്ങള്‍ നീ കാമുകനായി സഖീ
സന്തോഷം നടിച്ചു നീ പിന്നെയും എന്തിന്നു തന്‍
സന്താപം ഒതുക്കി ഹാ പുഞ്ചിരി തൂകീടുന്നു

പറയാം വിഷമമാണെങ്കിലും അസാധ്യമ-
ല്ലവനെ പിരിഞ്ഞിടാന്‍, സ്വാതന്ത്ര്യം നേടീടുവാന്‍
പഴയ ഉടമ്പടിക്കടലാസെല്ലാം നോക്കൂ
ചിതലിങ്ങരിക്കുന്നു, ജീവിതം വിളിക്കുന്നു

പറയൂ, ഇറങ്ങുവാന്‍ ഈ ഇരുള്‍ മുറി വിട്ടു
പുറമേക്കിറങ്ങുവാന്‍, ജീവിതമാഘോഷിപ്പാന്‍
പറയൂ ഉണ്ടോ ധൈര്യം, അന്തിമ യാത്രാമൊഴി
അവനായേകാന്‍, പുത്തന്‍ വെളിച്ചം കണ്ടീടുവാന്‍

ഉയിരില്‍ പുതച്ചൊരു പാരതന്ത്ര്യത്തിന്‍ കൂച്ചു
വിലങ്ങിങ്ങഴിക്കുവാന്‍, പുതു സ്വപ്‌നങ്ങള്‍ തേടാന്‍
പറയൂ, ഒരുങ്ങിയോ നീ നീലവാനം നോക്കി
ഉയരെ പറക്കുവാന്‍, സ്വച്ഛന്ദം വിഹരിക്കാന്‍

എങ്കിലിന്നോതീടുക യാത്ര നിന്‍ കമിതാവിന്നു
ഓതുക സ്വസ്തി നിന്റെ സഹായാത്രികര്‍ക്കാകെ
പിന്നെയാ ഉടമ്പടി കീറി നീ പറത്തുക
പിന്നെ നീ വിഹംഗമായ് പൊങ്ങി ഹാ പാറീടുക!!!!

3 comments:

  1. എഴുതിയത് ഇഷ്ടപെട്ടു..

    മോണിറ്ററിൽ തെളിയുന്ന കുറെ ഒന്നുകളും പൂജ്യങ്ങളും നമ്മുടെയൊക്കെ പ്രണയത്തെ അപഹരിക്കുന്നുവെന്നത് സത്യമാണ്..

    ReplyDelete
  2. "പറയാം വിഷമമാണെങ്കിലും അസാധ്യമ-
    ല്ലവനെ പിരിഞ്ഞിടാന്‍, സ്വാതന്ത്ര്യം നേടീടുവാന്‍
    പഴയ ഉടമ്പടിക്കടലാസെല്ലാം നോക്കൂ
    ചിതലിങ്ങരിക്കുന്നു, ജീവിതം വിളിക്കുന്നു"

    പിന്നെയാ ഉടമ്പടി കീറി നീ പറത്തുക
    പിന്നെ നീ വിഹംഗമായ് പൊങ്ങി ഹാ പാറീടുക!!!! "

    ഇതൊക്കെയാണ്‌ പ്റണയം...!!!
    nice ketto..

    ReplyDelete
  3. @Rakesh : Thanks.....
    @Anashwara : Onsitile kaamukanmaare parichayam undenkil ingine parayilla.....:D..Thanks for visiting...:D

    ReplyDelete