Tuesday, July 5, 2011

ഇനിയൊരു യാത്ര പോവുക.........

അനാഥ ജീവിതങ്ങള്‍ തന്‍ പുരാതന പ്രതിഷ്ഠകള്‍
ചുവന്ന ചോരയില്‍ കുളിച്ചു കണ്ണു പൊത്തി നില്‍ക്കവേ
മറഞ്ഞു പോയ വെണ്ണിലാക്കുളിര്‍മ്മയില്‍  പൊതിഞ്ഞു ഞാന്‍
മറന്നു പോയൊരീണമിന്നുമോര്‍ക്കുവാന്‍ ശ്രമിക്കവേ

തെറിച്ചു വീണ താരകം ഇടയ്ക്കിടയ്ക്ക് കണ്‍തുറ-
ന്നുറക്കവേ കരഞ്ഞിടാന്‍ കഴിഞ്ഞിടാതെ വിങ്ങവേ
മറഞ്ഞു നിന്ന കൂരിരുള്‍ക്കിനാക്കള്‍ നാവു നീട്ടി നി-
ന്നരങ്ങു വാണിടാന്‍ തുടങ്ങേ, അണഞ്ഞുവോ വിളക്കുകള്‍

ഇരുട്ടില്‍ ഏകനായി ഞാന്‍, ഭയന്നു മെയ് വിറച്ചിടെ  
വരുന്നതില്ല ദൂരെ നിന്നു പോലുമിറ്റു  സാന്ത്വനം
വൃഥാ തടഞ്ഞു തപ്പി ഞാന്‍ അകത്തു വട്ടം ചുറ്റവേ
ചിരിച്ചിടുന്നതാരു താന്‍ സഖാക്കളോ, പിശാചമോ  

അദൃഷ്ടപൂര്‍വ്വമാം വിധത്തില്‍ എന്നെ വെട്ടയാടിയെന്‍
നിണം കുടിച്ചു പിന്തിരിഞ്ഞു പോകുവാന്‍ ഒരുങ്ങവേ
വിധിക്കു നല്‍കിടട്ടെ ഞാന്‍ ഉറക്കെ എന്റെ പിന്‍വിളി
പറഞ്ഞു പോകയുത്തരം, പറഞ്ഞു പോക സത്വരം

മനസ്സിനുള്ളില്‍ സ്നേഹമേകി എന്തിനീ ഇരുള്‍ പുത-
ച്ചുറങ്ങിടുന്ന  നാടകത്തില്‍ എന്നെ നീ ഇറക്കിയോ??
വെളിച്ചമെത്തിടാന്‍ കൊതിക്കുമെന്നെ ജീവിതത്തിലെ
ഇരുള്‍മുറിക്കകത്തു പൂട്ടി വെച്ചിരിപ്പതെന്തിനോ??

അധോതലത്തില്‍  നിന്നുമൊന്നുയര്‍ന്നിടാന്‍  ഒരുങ്ങവേ
പുതഞ്ഞു പോയ ചേറില്‍ നിന്നും കരയ്ക്കു ഞാന്‍ അടുക്കവേ
മുറിഞ്ഞു പോയ നൂലുകള്‍ ഒരിക്കല്‍ കൂടി കെട്ടിയൊ-
ന്നുയര്‍ന്നു പാറിടാന്‍ കൊതിച്ചു ഞാന്‍ ഒരുങ്ങി നില്‍ക്കവേ

നിരര്‍ത്ഥ സ്നേഹ-സൌഹൃദ മരീചിക രചിച്ചു നീ
മനസ്സിനെ ഭ്രമത്തിലാഴ്ത്തി പുഞ്ചിരിപ്പതെന്തിനായ്
പിരിഞ്ഞു പോകുമെന്നുറപ്പു തന്നെയെങ്കിലും സ്വയം
മറന്നു സ്നേഹമേകിടുന്ന ചിന്ത തന്നതെന്തിനായ്
 
വിയര്‍ത്തു ഞാന്‍ വിനഷ്ടമാം ചരിത്രമോര്‍ത്തു നോക്കവേ
കിനാവില്‍ നഷ്ടബോധമോടെ കണ്ണുനീര്‍ പോടിഞ്ഞിടെ
ഇടയ്ക്കു പുഞ്ചിരിത്തിളക്കമേകിടുന്നൊരോര്‍മ്മയായ്
പടിക്കല്‍ വന്നു നില്‍പ്പതെന്തു നേടുവാന്‍ പറഞ്ഞിടൂ

പറഞ്ഞു പോക എന്തിനിന്നിയും വിടാതെ പിന്തുടര്‍-
ന്നുയിര്‍ പറിച്ചെടുത്തു നീ തിരിച്ചു പോയിടുന്നഹോ
നിലാവു പിന്തിരിഞ്ഞു പോകും കാളരാത്രിയില്‍ ഇതില്‍
തലോടുവാന്‍ വരും കരങ്ങള്‍ തട്ടിടുന്നതെന്തിനായ്

പറഞ്ഞു പോക, ഉത്തരം പറഞ്ഞു പോക, ജീവിതം
ഉറഞ്ഞു പോയിടുന്നൊരീ നിശീഥിനിക്കു മുന്‍പേ നീ
തിരിഞ്ഞു പിന്നെ നോക്കിടാതെ പോക യാത്രയൊന്നു നീ
ലഭിച്ചുവല്ലോ എന്നില്‍ നിന്നും ഒക്കെയും നിനക്കഹോ!!

പറിച്ചു വെച്ച എന്‍ കരള്‍ പിഴിഞ്ഞെടുത്ത് കൊള്ളുക
മുറിച്ചു വെച്ച ഹൃത്തടം കഴിക്കുവാന്‍ എടുക്കുക
തിളക്കമാര്‍ന്ന കണ്ണുകള്‍ ചുഴന്നെടുത്തു കൊള്ളുക
ഒരിക്കലും തിരിച്ചു വന്നിടാത്ത യാത്ര പോവുക.......

No comments:

Post a Comment