Tuesday, June 14, 2011

ദീപനാളം കണക്കെ.....

നാളുകള്‍ക്കപ്പുറം ഓര്‍ത്തു ചിരിക്കുവാന്‍
ഞാന്‍ നിനക്കേകിയൊരോര്‍മ്മ  
പ്രാണനില്‍ നിന്നും പറിച്ച വാക്കെന്നതു
പാടെ മറന്നുവോ നീയും

വെണ്ണിലാക്കായല്‍ തുഴഞ്ഞു പോകാന്‍ നിന-
ക്കന്നു തുണ വന്ന കാറ്റെന്‍
നെഞ്ചില്‍ നിന്നും പാറി വന്നതാണെന്നു  നീ
എന്നാല്‍ ഒരിക്കല്‍  ഓര്‍ത്തില്ല

വാര്‍ത്തിങ്കള്‍ തന്നൊളി ചായം പുരട്ടിയ
നിന്റെ കവിളില്‍ തലോടാന്‍
ഈറന്‍ മുടിക്കെട്ടു മാടി ഒതുക്കുവാന്‍
എന്നെ വിളിച്ചതുമില്ല

ദൂരെ മരുഭൂമി തന്നില്‍ ഉരുകുന്ന
ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍  
അങ്ങു ഞാന്‍ പാടിയതൊക്കെയും ഓമലെ
നിന്നെക്കുറിച്ചായിരുന്നു 

ഏകാന്തമെന്റെ പ്രവാസകാലങ്ങളില്‍
മൂകം വിതുമ്പുന്ന നേരം
ആര്‍ത്തിരമ്പീടും കടല്‍ പോലെ എന്‍ മനം
തീരം പുണരുന്ന നേരം

ഓര്‍ക്കുവാറുണ്ട് ഞാന്‍ ഏതോ മധുരാനു-
രാഗത്തിന്‍ നഷ്ടകണങ്ങള്‍
നെഞ്ചില്‍ കുളിരുന്ന തീയ്യ്‌ പകരുന്ന
ആര്‍ദ്രമാം പ്രേമകണങ്ങള്‍

ഓര്‍മ്മയില്‍ തെങ്ങിളനീരിന്‍ തണുപ്പേകി
ശാന്തം ഉണര്‍ന്നനുരാഗം
ആദ്യമായ് നിന്നുടെ ചുണ്ടെന്‍ കവിളിലായ്
പാതി അമര്‍ന്ന വികാരം.

ഈറന്‍ മുകിലിന്റെ കീഴില്‍ കുട ചൂടി
ചേര്‍ന്നു നടന്ന പ്രഭാതം
നീലക്കരിമിഴി കണ്ണില്‍ സ്വയം നോക്കി
ഞാന്‍ നിന്നുപോയ സമയം

എന്നും പിരിയാതിരിക്കാന്‍  ഉറപ്പു ത-
ന്നന്നു  പിരിഞ്ഞൊരു  നാളും
പിറ്റേന്ന്  പൊന്നുതിരുന്ന പ്രഭാതത്തില്‍
പൊങ്ങിപ്പറന്ന വിമാനം

എല്ലാമൊരു ചലച്ചിത്രം  കണക്കെന്റെ
നെഞ്ചില്‍ തെളിഞ്ഞു മായുന്നു
നിന്നുടെ പ്രേമസ്മരണകള്‍ എന്നുള്ളില്‍
നൂറു നിറങ്ങള്‍ ചാര്‍ത്തുന്നു

ഇന്നു, നിഴലും ഭയക്കുന്നൊരീ നാട്ടില്‍
കണ്ണുനീരോടെ ഞാന്‍ പാടെ
എന്നോമലേ എന്തുകൊണ്ടു നീ  ഇന്നെന്റെ
പാട്ടിന്നു താളമിട്ടില്ല

എല്ലാം മറന്നുവോ, പുത്തനാം തീരങ്ങള്‍
തേടി നടന്നുവോ? ദൂരെ-
വെള്ളിത്തിളക്കത്തില്‍ എല്ലാം മറന്നു നീ
അങ്ങോട്ടു യാത്ര പോകുന്നോ??

പ്രാണനില്‍ കത്തിയൊരഗ്നി തന്‍  ഊഷ്മാവു
പോരാഞ്ഞു നീയെന്തു വേറെ
ചൂടു തേടീടാന്‍ തുനിഞ്ഞോ? പറയുക
എന്നെ നീ പാടെ മറന്നോ??

ദൂരെയാണെങ്കിലും നിന്നുടെ നെഞ്ചിടി-
പ്പിന്നിവിടെ കേട്ടിടുന്നു
ഇല്ലാ, അരുതാത്തതൊന്നുമേയെന്നു ഹാ!
എന്നോടു ചൊല്ലി പോകുന്നു

ഇപ്പോഴും തോരാതെ പെയ്യുന്നുണ്ടാ മഴ
എന്നു പറഞ്ഞു പോകുന്നു
നിന്റെ ഹൃദയ സ്വകാര്യങ്ങള്‍ എന്‍ കാതില്‍
മെല്ലെ മന്ത്രിച്ചു പോകുന്നു

ദീപനാളം തിരിതാഴ്ത്തുന്നു, പാളുന്നു,
പിന്നെയും പുഞ്ചിരിക്കുന്നു
മോഹം വരളുന്നു, തെറ്റുന്നു, പിന്നെയും
തീക്ഷ്ണം ജ്വലിച്ചെരിയുന്നു.

No comments:

Post a Comment