Monday, June 6, 2011

കുടിയന്റെ പാട്ട്!!!

ഇനിയുമൊന്നു നിറയ്ക്കുക വീണ്ടുമീ
ചഷകം രാവുറങ്ങുന്നതിന്‍ മുന്നെ നീ
ചിരിയുടെയും കണ്ണീരിനും അപ്പുറ-
ത്തൊരു നിമിഷം മുഴുകട്ടെ ഞാനിനി

ഇരുളു ചുറ്റും പെരുക്കുന്നു, റാന്തലിന്‍
തിരി പതുക്കെ ഉയര്‍ത്തുക, പിന്നെയാ
പകുതിയും തീര്‍ന്ന മൊന്തയില്‍ നിന്നെന്റെ
കരളിലേക്കു നീ മദ്യം പകരുക

ഇത് നുരയുന്നു, ഓരോ കുമിളയും
ഉയരുവാന്‍ കുതികൊള്ളുന്നു, പാഞ്ഞു ചെ-
ന്നവിടെവിടെയോ തട്ടിത്തെറിച്ചു, വന്‍
മറവി തന്നിലേക്കാഴുന്നു ശാശ്വതം

ഇവിടെ ആരുണ്ടു ചൊല്‍വിന്‍ ഉയിരിതില്‍
മറ പിടിക്കാതെ സ്നേഹിപ്പതായി? ഞാന്‍
അറിവു മദ്യലഹരിയാലല്ല എന്‍
ഉറവു പൊട്ടുന്ന സ്നേഹം പൊഴിവതായ്

പറയൂ സ്നേഹിക്കാനാകുമോ കാറ്റിനെ,
ഇല പൊഴിഞ്ഞ മരങ്ങളെ, ദൂരെയാ
പഴയ തീവണ്ടിപ്പാളത്തില്‍ ഉള്ളലി-
ഞ്ഞുരുകി  പാടിടും പ്രാകൃത ജിപ്സിയെ

തിരികെ ഒന്നും ചോദിക്കാതെ മാങ്കുല-
ക്കരികില്‍ പാടും കുയിലിനെ, പൂക്കളില്‍
പുതിയ വൈഡൂര്യ മാല കൊരുത്തിടും
പുലരി പൂക്കുന്ന തൂമഞ്ഞു തുള്ളിയെ

പറയു, ആകുമോ സ്നേഹിപ്പാന്‍, പൂക്കളെ
മലകളെ, മഴക്കുളിരിനെ, ചോലയെ
വഴിയിലെങ്ങാന്‍ തിരിഞ്ഞു നടക്കുന്ന
തമിഴന്‍ ഭ്രാന്തനെ, പൂച്ചക്കുറിഞ്ഞിയെ.

കഴിയുകയില്ല, കാരണം യുക്തി തന്‍
അടിമ നീ, സ്നേഹം അങ്ങ് നിഷിദ്ധമാം
ഇവിടെ വന്നു നുകര്‍ന്ന് നോക്കൂ സ്നേഹ
ഭരിതമാമീ രസം, ജീവദായകം

കുടിയനെന്നവര്‍ ചൊല്ലുകില്‍ ചൊല്ലട്ടെ
പരിഹസിക്കട്ടെ, കല്ലെറിഞ്ഞീടട്ടെ
തിരികെ പുഞ്ചിരി തൂകി സ്നേഹിക്കുക
അവരെയും മരണം വരെ സ്നേഹിതാ

 ഇവിടെ ഇല്ലില്ല വേറിട്ട ചിന്തകള്‍
അവനിവനെന്ന അസ്ഥിരപ്രജ്ഞകള്‍
ഇവിടെ ഇല്ലാ പുരാവൃത്തം ഭാവിയും
സുഖദ വര്‍ത്തമാനം ഒഴുകീടവേ

സകലവും തന്നിലെന്നുള്ള ചിന്തയില്‍
അഖിലവും സ്വയമെന്നവബോധത്തില്‍
നിഖിലജീവനസ്നേഹപ്രവാഹത്തിന്‍
പ്രഭവകേന്ദ്രമീ ശാല അറിയുക

പഴയ ഗീതകമൊന്നു നീ മൂളുക
മറവിയാണ്ട പ്രണയത്തെ ഓര്‍ക്കുക
അരികെ റാന്തല്‍ തിരി ഒന്നുയര്‍ത്തുക
ഹൃദയഭിത്തികള്‍ പാടെ തകര്‍ക്കുക

മതിലുകള്‍ പൊട്ടി പാഞ്ഞിടും സ്നേഹത്തിന്‍
അലയടിക്കും പ്രവാഹത്തിന്‍ നീന്തുക
ഒരു പുലരി വരും വരെ നീ നിന്റെ
കനവതൊക്കെയും ജീവിച്ചു തീര്‍ക്കുക

ഇനിയുമൊന്നു നിറയ്ക്കുക വീണ്ടുമീ
ചഷകം രാവുറങ്ങുന്നതിന്‍ മുന്നെ നീ
ചിരിയുടെയും കണ്ണീരിനും അപ്പുറ-
ത്തൊരു നിമിഷം മുഴുകട്ടെ ഞാനിനി!!

No comments:

Post a Comment