Monday, May 16, 2011

എന്റെ പ്രണയഗാനങ്ങള്‍!!!

ഒരു കുറി കൂടി ഞാന്‍ പാടാമൊരേകാന്ത-
സ്വരിതഗാനം നിങ്ങള്‍ കേട്ടുകൊള്‍ക
ഉറയുന്ന സ്നേഹസരിത്തിലെയവസാന-
മൊരു തുള്ളിയെന്‍ മേല്‍ പൊഴിച്ചു കൊള്‍ക

പുലരുകയില്ലയീ രാവെങ്കിലെന്നു ഞാന്‍
കളിയായി എന്നുള്ളിലോര്‍ത്തു നോക്കി
പ്രണയവിരഹത്തിന്നായിരം ഗീതങ്ങള്‍
പ്രിയമോടെ നിങ്ങള്‍ക്കായ് ആലപിക്കാം

പറയുന്നു കൂട്ടത്തിലാരോ "പ്രണയത്തിന്‍
അരിവറ്റവന്റെതീ ഗാനമെല്ലാം
അവനെന്തറിയുന്നു വേദന, ജീവന്റെ
അവയവമെല്ലാം പറിഞ്ഞ നോവ്‌

അവനിതു ചിട്ടപ്പെടുത്തിയൊരുക്കിയ
കവിത താന്‍, എങ്ങനുഭൂതി ചൊല്‍വിന്‍
ഒരു വട്ടമെങ്കിലും പ്രേമിച്ചിടാത്തവന്‍
അറിയുവതെങ്ങിനെ നോവിതെല്ലാം

കപടമാണീയെഴുത്തൊക്കെയും, ക്രൂരമാം
അപരാധമാണിവന്‍ ചെയ്തതൊക്കെ
ഒരു പെണ്ണു പോലും തിരിഞ്ഞു നോക്കാത്തവന്‍
അറിയാ സഖിക്കായി കത്തയപ്പൂ

വെറുമൊരു നേരം കളയലാണിപ്പൊഴും
അറിയുക, ഞാനില്ല കേട്ടിരിക്കാന്‍"
പറയവേ കണ്ണു കലങ്ങിയവന്നൊരു
വിറയലോടെ വീഞ്ഞു തീര്‍ത്തു നിന്നു

പകുതിയടഞ്ഞ മിഴിയോടെ ചുറ്റിലും
ചകിതരായ് കാത്തിരിപ്പുണ്ട്‌  കൂട്ടര്‍
ഒരു വേളയൊന്നു പതറി ഞാന്‍ പിന്നെയാ
വിറയാര്‍ന്ന കൈകള്‍ പിടിച്ചു ചൊല്ലി

"പറയുക സ്നേഹിതാ എങ്കില്‍ ഞാന്‍ എന്തെന്റെ
ചരിതം കവിതയായ് കേള്‍പ്പിക്കണോ??
ഇരുപത്തിയേഴു സംവത്സരത്തിന്‍ കഥ
നിറമിഴിയോടെ ഞാന്‍ ചൊല്ലിടേണോ ???

 അറിയാമാനുഭൂതി ഉള്ളില്‍ തിളക്കവേ
അതിതീവ്രമാകും വികാരമെല്ലാം
അലയടിച്ചീടുമാ വേലിയേറ്റങ്ങളില്‍
അറിയാതെ വന്നുപോം കാവ്യരാഗം

അവയല്ലാതെന്തെഴുതീടിലും ചൊല്ലുമോ
ചവറുകളെന്നെന്റെ സ്നേഹിതന്മാര്‍
ഇരു പക്ഷിയില്‍ നിന്നുമോന്നു കാട്ടാളന്റെ
ഇരയായി തീര്‍ന്നൊരു നാളതൊന്നില്‍
കരളു പിളര്‍ക്കുന്ന നോവോടെ മാമുനി
അരുളിയ വാക്കുകളോര്‍മ്മയില്ലേ?
കപടമെന്നോതുമോ നീയതും എങ്കിലെന്‍
കവിതയുമത്ര കപടമത്രേ

വെറുമൊരു വാക്കിനാല്‍ യക്ഷന്റെ നിശ്വാസം
അരുമയായ് വര്‍ണ്ണിച്ച കാളിദാസന്‍
അവിടുത്തെയും ചൊല്‍ക പുച്ഛിച്ചു തള്ളുമോ
കവിതയില്ലെന്നുള്ള ആക്ഷേപത്താല്‍

തുലനത്തിനായി മുതിരുകയല്ല ഞാന്‍
പലതായ് ഉദാഹരിച്ചെന്നു മാത്രം
പ്രതിഭകള്‍, ഞാനിങ്ങവര്‍ക്കു മുന്‍പില്‍ വെറും
പൊടിയാണറിയാം, ക്ഷമിക്കു, പക്ഷെ

അറിയാത്ത പ്രേമത്തെ പാടുവാന്‍ വയ്യെന്ന-
തവിവേകമെന്നേ പറഞ്ഞു കൂടൂ
നിഴലായി ഞാന്‍ കാണുമജ്ഞാതയാം സഖി-
ക്കെഴുതുന്നതും അതുകൊണ്ടു തന്നെ.

അനുഭവിച്ചീടാത്ത ദാരിദ്ര്യത്തെക്കുറി-
ച്ചിണയുടെ നീലമിഴിയെപ്പറ്റി
വഴിപിഴച്ചീടുന്ന യൌവനത്തെപ്പറ്റി-
യെഴുതുന്നതും അതുകൊണ്ടു തന്നെ

അപരാധമാണിത് എങ്കിലതാവട്ടെ
അപകര്‍ഷതാബോധം തെല്ലുമില്ല
അപരന്റെ കണ്ണുനീരേറ്റു വാങ്ങി അതി-
ന്നുപരി പടയ്ക്കും ഞാന്‍ കാവ്യലോകം!!

No comments:

Post a Comment