Monday, May 16, 2011

കരയുവാനില്ല

ഇല്ലാ കരയുവാന്‍ ഇല്ലാ കണ്ണീര്‍ തൂകാന്‍
പുഞ്ചിരിച്ചെന്നും കഴിഞ്ഞു കൊള്ളാം

എന്റെ മണ്‍വീണകള്‍  പൊട്ടിത്തകര്‍ന്നു പാഴ്-
കമ്പി അപശ്രുതി പാടിയാലും
കണ്ണുനീര്‍ ചാലിച്ചെഴുതിയതൊക്കെയും
മണ്ണോടടിഞ്ഞു   പൊയ്പോകയാലും  

ഇന്നു പുണരും സുഹൃദവായ്പെല്ലാമേ
മിന്നല്‍ പോല്‍ കണ്‍ചിമ്മി മാഞ്ഞു പോകെ
ധന്യമാം നിര്‍വൃതിയേകും ശരത്കാല
സന്ധ്യകളെല്ലാം മറഞ്ഞു പോകെ

നീറുമീ നെഞ്ചില്‍ കിളിര്‍ത്ത കവിത തന്‍
വേരറുത്തന്തി വിട പറയെ
ചേര്‍ത്തു തലോടിയ കുംഭാനിലാക്കുളിര്‍
നീര്‍ത്തും കിനാവില്‍ ചിതലരിക്കെ

ആകുലമാകിയ മാനസസങ്കീര്‍ണ്ണ-
ജാലം കുടുങ്ങി തളര്‍ന്നു വീഴേ
സങ്കടത്തീയല കത്തിയെരിഞ്ഞെന്റെ
മണ്‍കുടില്‍ വെന്തു നിലത്തു വീഴേ

ഉള്ളിലെ വാടിയില്‍ പൂത്ത കുസുമങ്ങള്‍
നുള്ളിയെടുത്തോര്‍ തിരിച്ചു പോകെ
ഏതോ പവിത്രമാം ശംഖില്‍ നിറച്ചൊരെന്‍
ജീവിതം തൂവിത്തുളുമ്പി നില്‍ക്കെ

എത്ര വലിയ കൊടുങ്കാറ്റു വീശിലും
എത്രമേല്‍ തീമഴ പെയ്തെന്നാലും
ധൂര്‍ത്തനാം എന്റെ മേല്‍ ഏതു തപസ്വി തന്‍
മൂര്‍ത്തമാം ശാപങ്ങള്‍ ഏറ്റെന്നാലും

ഇല്ലാ കരയുവാന്‍ ഇല്ലാ കണ്ണീര്‍ തൂകാന്‍
പുഞ്ചിരിച്ചെന്നും കഴിഞ്ഞു കൊള്ളാം!
ഈറനാം കണ്ണിലുദിക്കും   തിളക്കമേ
ജീവിതമെന്നതറിഞ്ഞു   കൊള്ളാം!!!

No comments:

Post a Comment