ദുരന്തമെന്തെന്നെ പൊതിഞ്ഞു നില്‍ക്കുന്നോ??
ദുരിതകൂപങ്ങള്‍ പെരുംവായ് കാട്ടുന്നോ??
നെറികെട്ടുള്ളോരീ പ്രപഞ്ചത്തില്‍ ചൊല്ലൂ
ഹൃദയവുമായി പിറന്നതോ കുറ്റം??
അകലെ നില്‍ക്കുവോര്‍ അറിവതെങ്ങിനെ
അകം തിളയ്ക്കുന്ന വിഷമത്തിന്‍ നോവ്??
അവരുറങ്ങട്ടെ സുഖസ്വപ്നങ്ങള്‍ ക-
ണ്ടതിനായേകിടാം ഒരു ശുഭരാത്രി
ഇവിടെ നെഞ്ചിലെ ഉലയുമൂതിക്കൊ-
ണ്ടിരുന്നിടാം ഒരു പുലര്‍കാലം വരെ
അതുവരേക്കുമെന്‍ തുണയായ് നീറുന്ന
കിനാക്കളും ഏകാന്തതയും മാത്രമായ്
കുഴഞ്ഞ കാലുമായ് ചവുട്ടിയ ദൂരം
വെറും മരീചികയിതു കാണാനായോ??
കുഴിച്ചു നോക്കുന്നു വെറുതെയീ മണല്‍-
പ്പരപ്പു, കാണുമോ ഒരിറ്റു സ്നേഹവും??
പൊരിയും തീയിതില്‍ പ്രതീക്ഷയുമായി
അണഞ്ഞ മേഘങ്ങളതാ മടങ്ങുന്നു
അനാഥത്വത്തിന്റെ വിരല്‍ പിടിച്ചു ഞാന്‍
ഇനിയുമേതൊക്കെ മരുക്കള്‍ താണ്ടണം??
ചെവി തുളക്കുന്നു സഹതാപോക്തികള്‍
അവയിലൂറുന്ന പരിഹാസശ്രുതി
വറുതി, സ്നേഹത്തിന്‍ വറുതിയിക്കാലം
മറയുമോ? വീണ്ടും മഴ തുളിക്കുമോ??
അതുവരേക്കെന്റെ പിടയും പ്രാണനെ
കരുതിക്കാക്കുവാന്‍ അശക്തനാണു ഞാന്‍
പിരിയുമെങ്കിലും ഇവിടെയിട്ടേക്കാം
നിണമുണങ്ങാത്ത ഹൃദയം പിന്നിലായ്....
സമയത്തിന്‍ ഭാവിപഥത്തിലാരാനും
ഒരിറ്റു സ്നേഹത്തിന്‍ കണിക തൂവിയാല്‍
അതില്‍ കിളിര്‍ത്തിടും ഒരു പനിനീര്‍പ്പൂ
ഇവിടെ വാസന്തക്കുളിര്‍ പരത്തുവാന്‍!!!!
No comments:
Post a Comment