Thursday, May 19, 2011

നാളെക്കുള്ള എന്റെ മരണക്കുറിപ്പ്.....

ഇടിഞ്ഞു പൊളിഞ്ഞ ഏതോ ഒരാകാശത്തിന്റെ കീഴിലാണ്
എനിക്കും നിനക്കും ഏഴു നില മാളികകള്‍ ഉള്ളത്....

വെടിയൊച്ചകള്‍ നമ്മുടെ മനസ്സുകളെയും
വെടിയുണ്ടകള്‍ ചുമരുകളെയും തുളച്ചു....

നമ്മുടെ രണ്ടു പേരുടെയും മുറികള്‍ ഒരിക്കലും
വൃത്തിയോടെ ഇരുന്നില്ല
എന്റെ ചവറുകള്‍ നിന്റെതിലും,
നിന്റേതു നീ എന്റെ മുറിയിലും
കൊണ്ടുവന്നിട്ടു...

എല്ലാ വിളക്കുകളും നാം
ഊതിയണച്ചു ഇരുട്ടില്‍,
പ്രകാശത്തിന്റെ വര്‍ണ്ണങ്ങളെ കുറിച്ച്
കവിതകള്‍ എഴുതി

അക്ഷരത്തിന്റെ ചിറകിലേറി
അറിവില്ലായ്മയില്‍ ഉയര്‍ന്നു പൊങ്ങി.....

വെറുതെ വഴിയിലെ
പുല്‍ച്ചാടികളെ
ഭയപ്പെടുത്തി ഓടിച്ചു

മരണത്തിന്റെ നിഴലുകള്‍
നമ്മുടെ നേര്‍ക്ക്‌ നീളുമ്പോഴും
ഒടുവില്‍ മരിക്കുന്നത് താനാവാന്‍
നാം പരക്കം പാഞ്ഞു

സ്നേഹിതാ,
ഇനി നമുക്ക് സാമാന്യമായി
ശവപ്പറമ്പായ   ഈ ഭൂമിയും,
തണുത്തുറഞ്ഞ ഈ ആകാശവും,
എപ്പോള്‍ വേണമെങ്കിലും നമ്മെ സമീപിക്കാവുന്ന
വെള്ളം ഇറങ്ങാതുള്ള ഒരു
മരണവും മാത്രമാണ്..................

No comments:

Post a Comment