Wednesday, May 4, 2011

വെറുതെ ഒരു കിനാവ്‌

ഒഴുകിടാനായി നിന്നിലേക്കുള്ളൊരെന്‍
വഴികളെല്ലാം അടഞ്ഞു പോകുമ്പോഴും
നിറമിഴിയില്‍ നിരാലംബ ജീവിതം
നിഴലിടുന്നതു കണ്ടിരിക്കുമ്പൊഴും

അതിവിശുദ്ധ പഥഭ്രഷ്ടനായൊരു
പതിതകാമുകന്‍ ഞാന്‍ എന്നറികിലും
ഇനിയുമേതോ പദസ്പര്‍ശനം കൊണ്ടെന്‍
ഉയിരു പൂവിടും എന്നു കൊതിപ്പു ഞാന്‍

മരണഗാഥകള്‍ കൊണ്ടു നിറഞ്ഞൊരെന്‍
സ്മരണ തോറും ഒഴുകും നിണത്തിലെന്‍
മുറിവു പൊട്ടി ഒലിക്കുന്ന നീലച്ച
രുധിരബാഷ്പം കലര്‍ന്നു കാണുമ്പൊഴും

കുഴയും കണ്ണില്‍ അദൃഷ്ടലോകത്തിലെ
ജലപിശാചുകള്‍ വീണിഴയുമ്പൊഴും
വിധുമുഖത്തെ മറച്ചു കടവാവല്‍
ചിറകടിച്ചു പറന്നു പോകുമ്പൊഴും

വെറുതെ ആശിച്ചു പോകും നിലാവല
പുഴ കടന്നു വരുമെന്നു പിന്നെയും
വെറുതെ മോഹിച്ചിടും പുലര്‍കാലമെന്‍
തൊടിയിലൂടെ വരുമെന്നു പിന്നെയും

ഇനിയുമെല്ലാം നശിച്ചില്ല എന്നു ഞാന്‍
വെറുതെ ഉള്ളില്‍ നിനക്കുന്നിതിപ്പൊഴും
ഇരുളലയുടെ അറ്റത്തു നേര്‍ത്തൊരു
തരി വെളിച്ചം ഞാന്‍ കാണുന്നിതിപ്പൊഴും

No comments:

Post a Comment