Thursday, April 14, 2011

വിഷുക്കണി

കത്തും നെയ്ത്തിരി നാളവും, ഉരുളിയില്‍ ഗ്രന്ഥം, ഫലം, കോടിയും,
പുത്തന്‍ പൊന്‍കണിവെള്ളരിക്ക, അരിയും, നാണ്യങ്ങളും, സ്വര്‍ണ്ണവും
ഒത്തിങ്ങിന്നെതിരേറ്റിടുന്ന പുതുതാം വര്ഷം നമുക്കാകവേ
ചേര്‍ത്തീടട്ടെ ശുഭാപ്തിയും, പുതിയതാം നേട്ടങ്ങളും, നന്മയും//

ചേലില്‍ ചീകിയൊതുക്കി വെച്ച മുടിയില്‍ ചൂടിച്ച പൂമാലയും,
പീലിക്കണ്ണ്, ദയാര്‍ദ്രമായ നയനം, മഞ്ഞത്തുകില്‍, ഗോപിയും,
കാലിക്കോലുമൊരോടതന്‍ കുഴലുമായ് എന്നും തെളിഞ്ഞീടുക
നീലക്കാര്‍മുകില്‍ വര്‍ണ്ണനെന്റെ കണിയായ് എന്നും മനക്കാമ്പിതില്‍//

പാകം വന്നൊരഹം പിളര്‍ന്നതില്‍ മഹാജ്ഞാനത്തിന്‍ സ്നേഹം പകര്‍-
ന്നാകെ മൂടിന കൂരിരുട്ടിലുദയം കൊണ്ടീടുമാ ജ്യോതിയില്‍
വാകച്ചാര്‍ത്തണിമെയ്യുമായി വരുമാ ഗോപാലവേഷത്തിലെന്‍
മേഘശ്യാമനിലാറിടട്ടെ ഹൃദയം ചെന്താമരക്കണ്ണനില്‍//

വീണ്ടും വന്നു മടങ്ങുകെന്റെ വിഷുവേ, കൊന്നക്കിലുക്കത്തൊടെന്‍
ആണ്ടില്‍ നന്മ നിറക്കുകെന്റെ ഹൃദയേ സ്നേഹം ചൊരിഞ്ഞീടുക/
തീണ്ടീടാത്ത കരക്കു മേലെ ഇവനെ കൊണ്ടിട്ടു പോരുമ്പൊഴും
നീണ്ടീടട്ടെ കരങ്ങളെന്നെ പുണരാന്‍ മേടപ്പുലര്‍കാലമേ//

മേടം പൊന്‍കണി വെച്ചിടുന്നു ഗുരുവായൂരപ്പനായ് കൊന്നകള്‍
പാടെ പൂത്തു തളിര്‍ത്തിടുന്നിതവയില്‍ പാടും വിഷുപ്പക്ഷികള്‍
നാടാകെ പുതുമോടിയാര്‍ന്നുണരുമീയാണ്ടിന്‍ ഉഷഃസന്ധ്യയില്‍
നേടട്ടെ ഭവദാശകള്‍ പുതിയതാം മാനങ്ങള്‍!! ആശംസകള്‍!!!!

No comments:

Post a Comment