Monday, April 11, 2011

പുതിയ ചരിത്രങ്ങള്‍ എഴുതാന്‍............

നിലവിട്ടു വീഴാതിരിക്കുക, വാവിട്ടു
നിലവിളിക്കാതെ ഇരിക്കുക
ഇല പൊഴിഞ്ഞീടുമീ സന്ധ്യയില്‍ ഉള്ളിലെ
കനല്‍ കെടുത്താതെ ഇരിക്കുക

അറിയൂ നശിച്ചൊരീ കാലം തുടരില്ല
അധിക നാളില്ല ഈ വേദന
കരയാതെ, കണ്ഠങ്ങള്‍ ഇടറാതെ പാടുക
അതിജീവനത്തിന്റെ പാട്ടുകള്‍

പുലരി തന്‍ തൂവെട്ടമകലെയാണെങ്കിലും
അറിയുക ഒരു നാളതും വരും
ഇരുളിന്റെ കോട്ടകള്‍ തകരുന്നൊരാ നാളില്‍
മിഴികളില്‍ പൊന്‍ നാമ്പുദിച്ചിടും

ജനകോടികള്‍ തന്റെ ഹൃദയരക്തത്തിനാല്‍
പണിത സൌധങ്ങള്‍ തകര്ന്നിടും
ഭരണകൂടങ്ങളില്‍ അധികാരമാണ്ടിടും
കൊടിയതാം ബാധ ഒഴിഞ്ഞിടും

ഉയരുമൊരായിരം യുവത തന്‍ ഗാനങ്ങള്‍
പുനരപി ഗ്രാമാന്തരങ്ങളില്‍
പുതിയൊരു സ്വാതന്ത്ര്യ സമരഗാഥക്ക് നാം
സ്വയമൊരുങ്ങീടുന്ന നാള്‍ വരും

അതു വരും തീര്‍ച്ച, ഒരല്പം ക്ഷമിക്കുക,
പുതുയുഗ വാതില്‍ തുറന്നിടാന്‍
ജനത തന്‍ ആശകള്‍ ഒന്നായുണരവേ
ഒരു കൊടുങ്കാറ്റു വരും വരും

നര മൂത്ത വാര്‍ദ്ധകം, വിധിയെ തിരുത്തുന്ന
യുവതയ്ക്ക് കീഴ്പ്പെടും നാള്‍ വരും
അറിവിന്‍ കരുതിളീ ദേശം ഉയിര്‍ക്കൊണ്ട്
ഉലയാതെ നിന്നിടും നാള്‍ വരും

അതുവരെ , മുഷ്ടി ചുരുട്ടിപ്പിടിക്കുക
ഉള്ളിലെ തീക്കനല്‍ കാക്കുക
പുതിയ നാള്‍ തേടി വരുന്ന വരെ നിന്റെ
ഉയിരിന്റെ പാട്ടേറ്റു പാടുക

അധികാര മേടകള്‍ ആകെ വിറയ്ക്കുന്ന
രുധിര സ്വപ്‌നങ്ങള്‍ മറക്കുക
പുതിയൊരു താരകമന്ത്രവുമായിതാ
ഇവിടെ നാം ഇന്നണി ചേരുക

No comments:

Post a Comment