Tuesday, April 5, 2011

വെറുതെ അലയുന്നവര്‍.....


കണ്ടെന്നോ ലോകം ചുറ്റി
ക്കണ്ടെന്നോ നാടുകളെല്ലാം
കണ്ടിട്ടുണ്ടോ നിന്‍ നാട്ടിലെ
നന്മയുടെ  ഏടുകളൊക്കെ??

ആകാശം കീറി വരുന്നൊരു
ജലബിന്ദു തലോടിയുണര്‍ത്തെ 
ആലസ്യം വിട്ടെഴുനേല്‍ക്കും
വിത്തിന്റെ മനം കാണുന്നോ??

പുതുമഞ്ഞിന്‍ തുള്ളികള്‍ തോറും
സൂര്യാംഗുലിയേല്‍ക്കെ  വിടരും
മുക്കുറ്റിപ്പൂവിന്‍ നാണം
നിറയുന്ന പ്രഭാതം കണ്ടോ??

കിളിവാലന്‍ കുന്നു കടന്നും
നിളയുടെ ഓളങ്ങള്‍ കടന്നും
പുളിമാവിന്‍ കൊമ്പില്‍ തൂങ്ങും
കാറ്റിന്റെ പാട്ടും കേട്ടോ??

നാഗത്താന്മാര്‍ക്ക്  വിളമ്പും
ഇളനീരിന്‍ മധുരമറിഞ്ഞോ?
നിറമാലസന്ധ്യ തൊഴാനായ് 
തിരുവില്വാമലയില്‍ പോയോ??

സോപാനം പാടിയുണര്‍ത്തും
ശ്രീകോവില്‍ നടയിലിരുന്നോ??
അന്തിത്തിരി പാളും കാവില്‍
കുമ്പിട്ടു കണ്‍കളടച്ചോ??

ഇല്ലെന്നോ?? പിന്നെന്തൊക്കെ
കണ്ടിട്ടെന്തുള്ളൂ കാര്യം?
സ്വന്തം നിധി കാണാതുലകില്‍ 
അലയുന്നതിന്തേ അര്‍ത്ഥം??

No comments:

Post a Comment