Tuesday, March 29, 2011

മൃതിവാക്യം

അര്‍ജുനന്റെ പൌത്രനായ പരീക്ഷിത്, ഒരിക്കല്‍ നായാട്ടിനിടയില്‍ ദാഹിച്ചു ചെന്ന് കയറിയ ഋഷിവാടത്തില്‍, ധ്യാന നിമഗ്നനായി ഇരുന്ന ഋഷിയുടെ കഴുത്തില്‍ ചത്ത പാമ്പിനെ ഇട്ടു അപമാനിച്ചു.


അത് മൂലം ഏഴാം നാള്‍ തക്ഷന്റെ കടിയേറ്റു മരിക്കും എന്ന് ഋഷി പുത്രന്റെ ശാപം ഏല്‍ക്കാന്‍ ഇടയാവുകയും ചെയ്തു. മരണം എന്ന ഒഴിവാക്കാന്‍ ആകാത്ത സത്യത്തെ നേരിടാന്‍ തടാക മധ്യത്തില്‍ ഒരു മണ്ഡപം പണി കഴിപ്പിച്ചു, അതീവ സുരക്ഷയില്‍ ഭാഗവത കഥ കേള്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പക്ഷെ തക്ഷകന്‍ ഒരു പഴത്തിനുള്ളില്‍ പുഴുവായി കയറിക്കൂടി ഏഴാം ദിവസം ഭാഗവതത്തിലൂടെ മരണ ഭയത്തെ അതിജീവിച്ച പരീക്ഷിത്തിനെ ദംശിച്ചു.

മൃതിവാക്യം
എന്റെ കിനാവിന്റെ
കരിയിലകള്‍
നീ വരുമ്പോള്‍
പറന്നു പോകുന്നു.

ഭീതിയുടെ ശൃംഗങ്ങള്‍
മനസ്സിന്റെ മുന്തിരിവള്ളികളില്‍ ഉടക്കി,
എന്റെ യാത്ര തടയുന്നു.

വേദവും, വേദാന്തവും
ന്യായവും, മീമാംസയും
അര്‍ത്ഥമില്ലാത്ത
വാചകങ്ങള്‍ മാത്രം!

നിത്യമായത്
ദുഃഖം മാത്രം!!

ശാപ വചസ്സുകള്‍
എന്നെ നിരന്തരം
പിന്തുടര്‍ന്നു വേട്ടയാടുന്നു...........
ചത്ത പാമ്പിന്റെ കണ്ണുകള്‍ പോലെ
എനിക്ക് ചുറ്റും
മരണദൂതികള്‍
കറങ്ങി നടക്കുന്നു.

മരണം എന്റെ മുന്നില്‍
സ്പഷ്ടം തെളിഞ്ഞു നില്‍ക്കുന്നു.
കൃതങ്ങളുടെ
ഫലത്തിനുള്ളില്‍
ഒരു പുഴുവിന്റെ രൂപം ധരിച്ചു
അതെന്നെ കബളിപ്പിക്കുന്നു.

എല്ലാ സുരക്ഷയും,
എല്ലാ പ്രാര്‍ത്ഥനയും,
എല്ലാ പ്രവൃത്തിയും
ചേതനയറ്റ എന്റെ
ശരീരത്തിലാകും
ചേര്‍ന്നണയുന്നത്‌ ....

പുതുതായി പണി കഴിപ്പിച്ച,
തടാക മധ്യത്തിലെ ഈ
ഭാഗവതമണ്ഡപത്തിലും
തക്ഷകന്റെ വരവിനായി
ഞാന്‍ കാത്തിരിക്കുമ്പോള്‍.......................

No comments:

Post a Comment