Monday, March 28, 2011

ഒരു നീലാംബരി

ഇനിയും പാടുക
പഴങ്കഥകളെന്‍
ചെവിയില്‍ ഓതുക
പുരാവൃത്തങ്ങള്‍, ഈ
മിഴിയടയുന്ന
വരെ മീട്ടീടുക
സ്മൃതി തന്‍ തന്തിയില്‍
ഒരു നീലാംബരി

പതുക്കെ ഞാന്‍ സ്വയം
മറക്കട്ടെ, ഗാഢ-
സുഷുപ്തിയില്‍, നിറം
വിരിയും സ്വപ്നത്തില്‍.
ഇനിയും വയ്യെനി-
ക്കുണര്‍ന്നിരിക്കുവാന്‍!
മയങ്ങട്ടെ, സ്വല്പം
മയങ്ങട്ടിന്നു ഞാന്‍

നിണം ഒഴുകുന്ന
മുറിവുകള്‍ക്കു മേല്‍
പൊതിയും വേദന
അരിച്ചിറങ്ങവേ
ഇനിയും വയ്യെനി-
ക്കുണര്‍ന്നിരിക്കുവാന്‍!
കിനിയും ചോരയില്‍
ഒഴുകിപ്പോകുവാന്‍

മിഴിയില്‍ പുഞ്ചിരി
വിരിഞ്ഞു മാഞ്ഞു പോയ്‌
മൊഴിയില്‍ പൂത്തൊരു
വസന്തം വന്നു പോയ്‌
ഇനിയും ഞാനെന്ന
പഴയ വീണയില്‍
ഉണരുമോ ഖര-
ഹരപ്രിയ രാഗം

കഴിഞ്ഞ കാലത്തിന്‍
അവശിഷ്ടദുഃഖ-
ശകുനമായി ഞാന്‍
ഇവിടെ വാഴവെ.
വിലോലമാമെന്റെ
കിനാവുകള്‍ക്കു മേല്‍
 മൃഗീയസ്വാര്‍ഥത
പിടി മുറുക്കവേ

അകലെ മാഞ്ഞൊരു
മഴവില്ലും, നിറം
വിതറും സന്ധ്യ തന്‍
വിമൂകസ്പന്ദവും
പ്രതീക്ഷ തന്‍ ചെറു-
കണിക നീട്ടുന്നു,
അവസാനിച്ചില്ലെ-
ന്നുറപ്പു നല്‍കുന്നു

ശരിയാകാം, ഇരുള്‍-
പുഴക്കുമപ്പുറം
വെളിച്ചത്തിന്നുടെ
തുരുത്തുണ്ടായേക്കാം
ശരിയാകാം, പുതു-
പ്രഭാതമൊന്നെന്റെ
അനതിദൂരത്തില്‍
വിരിഞ്ഞു നില്‍പ്പുണ്ടാം

ശരിയാകാം, പക്ഷെ
ഇനിയും വയ്യെന്റെ
പ്രതീക്ഷകള്‍ക്കു പൊന്‍-
തിരി കൊളുത്തുവാന്‍
ഇനിയുമായിടാ
സമയമാകുന്ന
തിരയ്ക്ക് മായ്ക്കുവാന്‍
സ്വയം വരയ്ക്കുവാന്‍

ഇനിയെന്‍ വാഴ്വിന്റെ
അഗാധത്തില്‍ ചെന്നു
കിനാവിന്‍ മെത്തയില്‍
കിടന്നുറങ്ങട്ടെ
പതിഞ്ഞ താളത്തില്‍
പതുക്കെ മൂളുക
വിമോഹനമാകും
ഒരു നീലാംബരി.

1 comment: