Thursday, February 10, 2011

മറഞ്ഞെങ്കിലും നന്ദി....

നിന്‍ പുസ്തകത്താളില്‍ ഞാനിട്ട കൈയൊപ്പ്‌
നീ പണ്ടു പണ്ടേക്കു മായ്ച്ചിരിക്കാം
നിന്‍ പിറന്നാളിനായ് ഞാന്‍ തീര്‍ത്ത കാവ്യത്തിന്‍
ഏടുകള്‍ തീയില്‍ എരിഞ്ഞിരിക്കാം

അന്ധകാരത്തില്‍ നിനക്കു തുണക്കായി
ഞാനന്നു നല്കിയൊരാ വിളക്കും
ഏതോ പഴയ കടയുടെ മൂലയില്‍
ആകെ പൊടിയില്‍ മറഞ്ഞിരിക്കാം

നീറുന്ന കണ്ണിലൊഴിക്കുവാനായി ഞാന്‍
ഏകിയ തൂമഞ്ഞുതുള്ളി പോലും
ഏതോ വെറുപ്പിന്‍ വെയിലേറ്റടയാള-
ഹീനമായ് വറ്റി വരണ്ടിരിക്കാം.

പുസ്തകത്താളില്‍ കുടുങ്ങും മയില്‍‌പീലി
പോലെന്റെ മാനസം നിന്നോര്‍മ്മയില്‍
ചുറ്റിപ്പിണഞ്ഞു കിടപ്പാണതില്‍ നിന്റെ
കുറ്റമെന്തുള്ളൂ പറഞ്ഞീടുകില്‍

നീ എന്റെ രൂപമോ, പേരോ, പരസ്പരം
ചൊന്ന കഥയോ മറന്നിരിക്കാം
ഇന്നുമെന്‍ മാനസം ആ പാട്ടു മൂളുന്നി-
തെങ്കില്‍ അതില്‍ പിഴ എന്റെ തന്നെ

ഹന്ത!! മറവിയില്‍ ഞാനാണ്ടു പോകിലും,
നിന്റെ മനസ്സില്‍ നിന്നൂര്‍ന്നെങ്കിലും
ഇന്നു ഞാന്‍ നിന്റെ വിദൂരമാം ഓര്‍മ്മയില്‍
ഒന്നുമേ വന്നില്ലയെന്നാകിലും

നന്ദി, ഇനിയുമോര്‍മ്മിക്കുവാന്‍ നീ എനി-
ക്കെത്ര കഥയുടെ ബീജമേകി.
ജീവിതവീണയില്‍ വായിക്കുവാന്‍ ദുഃഖ-
സംഗീതം ഒന്നു പകര്‍ന്നു പോയി.

No comments:

Post a Comment