Thursday, February 17, 2011

പ്രണയദിനക്കുറിപ്പുകള്‍

ഓമലേ ഞാനീ പ്രണയദിനത്തിന്റെ
ഓര്‍മ്മയില്‍ നിന്നെക്കുറിച്ചു പാടാം
ആര്‍ദ്രമീ രാവിന്റെ മാറില്‍ നിനക്കായ് നി-
ലാവിന്‍ കുടിലില്‍ ഞാന്‍ കാത്തിരിക്കാം

കണ്ണില്‍ പ്രതീക്ഷ തന്‍ പൊന്‍വിളക്കേന്തി നിന്‍
പൊന്‍ വളക്കൈകള്‍ കിനാവു കാണാം
വാലിട്ടെഴുതിയ നിന്‍ മിഴിക്കോണിലെന്‍
ലോല ഹൃദയമിടിപ്പു തേടാം

ചെണ്ടുമല്ലിപ്പൂക്കള്‍ തോല്‍ക്കുന്നൊരാ ചുണ്ടില്‍
തേന്‍വണ്ടായ് മൂളിടാനായ് കൊതിക്കാം
നിന്‍ ചൊടിപ്പൂക്കളില്‍ നിന്നും പരാഗ-
കണങ്ങള്‍ മുകരാന്‍ തുടിച്ചു നില്‍ക്കാം

ആര്‍ദ്രമീ സന്ധ്യയില്‍ ആമ്പല്‍ക്കുളത്തിന്റെ
ആ പടിക്കെട്ടില്‍ ഞാന്‍ കാത്തിരിക്കാം
ആലോലമാടുന്ന നിന്നളകങ്ങളില്‍
ആദ്യ പ്രണയാമൃതങ്ങള്‍ തേടാം

ഏതു വസന്ത മധുരവും തോറ്റിടും
പുഞ്ചിരിപ്പാലു നുകര്‍ന്നിടാനായ്
വീണ്ടും നിലാവില്‍ ഞാന്‍ പാടിയിരുന്നിടാം
ഈ നാട്ടുമാവിന്‍ ചുവട്ടിലിന്നും

ജീവനില്‍ സാന്ദ്രസംഗീതമായീടുക
പ്രാണനില്‍ പൂര്‍ണ്ണേന്ദുവായീടുക
എന്നുമെന്‍ മാറിലെ ചൂടായി ചേര്‍ന്നെന്നില്‍
വെണ്ണിലാവിന്റെ വിശുദ്ധിയേക....

No comments:

Post a Comment