Thursday, February 10, 2011

എങ്ങു കളഞ്ഞു പോയി??

ചാന്തു പൊട്ടു പരന്ന നെറ്റിയില്‍
കയ്യു കൊണ്ടു തലോടിയാ
ആശുപത്രി വരാന്തയില്‍ നിറ-
യുന്ന മാതൃ വിലാപവും

കണ്‍കള്‍ മൂടിയടച്ചുറക്കം
നടിച്ചിടുന്ന സമൂഹമെ-
ന്നുള്ളിലേകും അരക്ഷിതത്വ-
മുറഞ്ഞു തുള്ളിന ഭീതിയും

വീടു വിട്ടൊരു പെണ്‍കിടാവ് തി-
രിച്ചു കേറി വരും വരെ
ഉള്ളില്‍ പ്രാര്‍ഥനയോടെ മേവിടും
ആയിരങ്ങള്‍ തന്‍ നീറ്റലും

സ്കൂളിലോ, വഴി വക്കിലോ ,ഒരു
വാഹനത്തിനകത്തുമോ
എങ്ങുമേ വിധി തന്ന സ്ത്രൈണത
ഭാരമാകുമവസ്ഥയും

അറ്റു പോയ മനുഷ്യനന്‍മയും,
വറ്റിടുന്ന പ്രതീക്ഷയും
ഏറ്റു വാങ്ങിടും സ്ത്രീത്വമേ, ചരി
തങ്ങള്‍ നിന്റെ മറക്കൊലാ

എന്തിനായ് സ്വയ രക്ഷയോര്‍ത്തു
പരന്റെ മുന്നിലിരക്കണം?
എന്തിനായ് പരപീഡ ഇങ്ങിനെ
കണ്ണടച്ചു സഹിക്കണം?

അന്ധകാരമകറ്റി ജീവനില്‍
പൊന്‍ വിളക്കു കൊളുത്തുമാ
പുണ്യമാം അറിവിന്റെ വൈഖരി
പാടിയുള്ളവള്‍ എങ്ങു പോയ്‌?

ദര്‍പ്പമേറിയ ജീവനില്‍ പുതു
സര്‍ഗ്ഗധാര പകര്‍ന്നിടാന്‍
സിംഹ വാഹനമേറിടും മഹി-
ഷാസുരാന്തകി എങ്ങു പോയ്‌?

എണ്ണമറ്റ ദുരന്തശൃംഖല
വന്നിടും സമയത്തിലും
കണ്ണനുണ്ണിയെ ഓര്‍ത്തു പാടിയ
മീര തന്‍ ഭജനെങ്ങു പോയ്‌?

കൈകളില്‍ പടവാളുമേന്തി-
യെതിര്‍ത്ത വൈരിയെ വീഴ്ത്തിടാന്‍
അശ്വമേറിയ ഝാന്‍സി തന്‍ പട-
വാള്‍ തിളക്കമതെങ്ങു പോയ്‌?

ചങ്കു പൊട്ടി ശപിച്ചു കൊണ്ടെരി-
തീയിലാ നഗരത്തിനെ
ചുട്ടെരിച്ച ചരിത്രമോതിയ
പൊന്‍ ചിലങ്കകള്‍ എങ്ങു പോയ്‌?

No comments:

Post a Comment