Wednesday, February 23, 2011

എല്ലാം നീ

നേരിട്ട ജന്മ ദുരിതങ്ങളില്‍ ഒക്കെയും എന്‍
ജീവന്റെ നാളമണയാതെ പൊതിഞ്ഞു കാത്തു
നേരിന്റെ പാതകളിലേക്കു നയിച്ച നിന്റെ
കാരുണ്യമേറ്റു നനയുന്നു നിരന്തരം ഞാന്‍

നക്ഷത്ര ശോഭകളില്‍ ഉള്ളു ഭ്രമിച്ചു, തന്റെ
ലക്ഷ്യങ്ങള്‍ തെറ്റി ഉഴറീടിന മാനസത്തില്‍
രക്ഷാപഥം തെളിയുമാറു ചുരത്തി നീയേ
അക്ഷീണമായമൃതമാകിയ സ്നേഹധാര

വേറില്ല നിന്റെ കനിവിന്നു സമം, അതെന്നില്‍
സാന്ദ്രം നിറഞ്ഞു, കലരുന്നു കണങ്ങള്‍ തോറും
നീറുന്ന നെഞ്ചിലൊരു സന്ത്വനമേകുമേതോ
താരാട്ടു പോലെ പുണരുന്നു,പൊതിഞ്ഞിടുന്നു

കാളുന്ന വേനല്‍ വെയിലില്‍, തുടികൊട്ടിയാര്‍ത്തു
പെയ്യുന്ന മാരിയില്‍, അകം ഉറയുന്ന മഞ്ഞില്‍,
തേന്‍വണ്ടു മൂളി എതിരേറ്റിടും പൊന്‍ വസന്തേ
എന്നും നിരന്തരമഹോ തവ സ്നേഹവര്‍ഷം

ഓതുന്നതൊക്കെ തിരുനാമ മഹത്വമാകാന്‍
ചെയ്യുന്ന കര്‍മമഖിലം തവ ദാസ്യമാകാന്‍
ഊറുന്ന കാവ്യമതിലൊക്കെയും നീ തുളുമ്പാന്‍
നീ തന്നെ ഏകുക മഹേശ്വര നിത്യമാര്‍ഗം

No comments:

Post a Comment