പണ്ടെന്റെ ശൈശവ വിനോദ ദിനങ്ങളില്‍പ്പൊന്‍-
കൊന്നക്കുല ചിതറി വീണൊരു ഓര്‍മ്മയായി
ഉണ്ടെന്റെ ഹൃത്തില്‍ വിഷുവിന്‍ കണിയായി ഗ്രീഷ്മ -
സന്ധ്യാപരാഗകണമിപ്പൊഴും മാഞ്ഞിടാതെ
പുത്തന്‍ ഉടുപ്പു നനയാതിഹ സ്കൂളിലെത്താന്‍
ബദ്ധപ്പെടും മഴ കുതിര്‍ത്ത പ്രഭാത ചിത്രം
മാറ്റങ്ങള്‍ വന്നു മറവിപ്പൊടി തന്നിലാണ്ടു
പോകാതെ കാത്തു കരുതുന്നു മനസ്സിലിന്നും
മഞ്ഞില്‍ കുളിച്ച തിരുവാതിര രാത്രി തോറും
ആര്‍ക്കുന്ന ചോഴി ഉറയുന്ന പടിപ്പുരക്കല്‍
അമ്മക്കു പിന്നില്‍ ഭയമോടെ വിറച്ചു കൊണ്ടു
നിന്നുള്ള ഞാന്‍ ഇനിയുമോ ഭയമോടിരിപ്പൂ?
പൂക്കള്‍ വിരിഞ്ഞു പുതുമോടിയോടെന്റെ ഗ്രാമ-
വാതില്‍ക്കല്‍ വന്നു പൊലി പാടിയൊരോണ നാള്‍കള്‍
തന്നുള്ളൊരായിരം നിറങ്ങളില്‍ ഇന്നുമൂര്‍ന്നു-
വീഴുന്നു ചേതന മധുരം പൊഴിയും വഴിക്കല്‍
നീറ്റുന്ന തപ്ത പ്രണയാതുര നാളില്‍ പ്രാണ-
നൂറ്റിക്കൊടുത്ത മധുരം വിഷമായി തിരിച്ചു വാങ്ങെ
കാറ്റിന്‍ നനുത്ത കരമേകിയ സാന്ത്വനങ്ങള്‍
ഏറ്റുള്ള സൌഖ്യമറിയുന്നു കിനാക്കളില്‍ ഞാന്‍
കണ്ണീരില്‍ മുങ്ങിയ കിനാക്കളൊടെന്നുമെന്റെ
മുന്നില്‍ നിവര്‍ന്നു വരും ജീവിതമൊന്നു കാണ്‍കെ
എന്നില്‍ പകര്‍ന്നു പല ഭംഗികള്‍ തീര്‍ത്തു പോകും
എണ്ണം തികഞ്ഞ ഋതുകല്‍പ്പനകള്‍ അസംഖ്യം
മുന്നില്‍ നിവര്‍ന്നു വരും ജീവിതമൊന്നു കാണ്‍കെ
എന്നില്‍ പകര്‍ന്നു പല ഭംഗികള്‍ തീര്‍ത്തു പോകും
എണ്ണം തികഞ്ഞ ഋതുകല്‍പ്പനകള്‍ അസംഖ്യം
നന്നായിട്ടുണ്ട്...
ReplyDeleteവൃത്തഭംഗംവരുന്നത് ഒഴിവാക്കാമായിരുന്നു...
നന്ദി... ശ്രദ്ധിക്കാം... അറിവില്ലായ്മയും മടിയും ഒഴിവാക്കാന്‍...
ReplyDelete