Friday, February 4, 2011

ബാല്യകാലസഖി

സ്മൃതിയിലൊരു മയിലിന്റെ പീലിക്കുരുന്നു പോല്‍


ആകാശമറിയാതൊളിപ്പിച്ചു ഞാന്‍

മിഴിയിലൊരു മഴവില്ലിന്‍ വര്‍ണ്ണ പരാഗമായ്

ആരാരും കാണാതെ സൂക്ഷിച്ചു ഞാന്‍



നിലവുരുകിയൊഴുകുന്ന താഴ്വരക്കപ്പുറം

നീലക്കടമ്പില്‍ ഞാന്‍ ഊയലാട്ടി

നീലാമ്പല്‍ പൊയ്കയില്‍ വിരിയുന്നൊരോളത്തിന്‍

ആന്ദോളനങ്ങളില്‍ ഞാന്‍ ഉറക്കി



താമരപ്പൂക്കള്‍ വിരിയും പ്രഭാതത്തിന്‍

മഞ്ഞള്‍വരക്കുറിയിട്ട് തന്നു

ആലോലമാടുന്ന തെച്ചിക്കുടന്ന തന്‍

ചോരച്ചുകപ്പാലെ പൊട്ടു തൊട്ടു



വഴിയരികില്‍ കൈതപ്പൂ മൊട്ടു പറിച്ചു നിന്‍

കാര്‍കൂന്തലില്‍ അന്നു ചൂടിത്തന്നു

ഒഴുകീടുമരുവി തന്‍ കരയില്‍ വെച്ചന്നു നിന്‍

കവിളിലെന്‍ ചുംബനത്തേന്‍ പകര്‍ന്നു



വെയിലില്‍ തിളങ്ങുന്ന മഞ്ഞിന്‍ കണമന്നു

നിന്നുടെ നെറ്റിയില്‍ ചാര്‍ത്തിത്തന്നു

നിളയുടെ പൂഴിമണല്‍ത്തിട്ടയില്‍ നമ്മള്‍

എത്ര സൌധങ്ങള്‍ പടുത്തുയര്‍ത്തി



നീലവാനത്തിലെ വെള്ളക്കുതിരകള്‍-

ക്കെത്ര നാള്‍ നാം ശുഭയാത്രയോതി

വഴിയരികില്‍ നില്‍ക്കുന്ന മന്ദാര മൊട്ടിനും

എത്ര വസന്ത മധുരമേകി



നിഴലുകള്‍ ചുരുങ്ങുന്ന മധ്യാഹ്ന ഗ്രീഷ്മത്തില്‍

എത്ര കുയില്‍പ്പാട്ടിങ്ങേറ്റു പാടി

മാമ്പൂ പൊഴിയുന്ന നാട്ടുവഴികളില്‍

എത്ര നാള്‍ ഓടിക്കളിച്ചു നമ്മള്‍



ഗോരോചനക്കുറി തൊട്ട വയല്‍ക്കര

ചൂടുന്ന പിച്ചകപ്പൂ പറിച്ചും

അന്തിത്തിരി പാളും അന്ത്യാളന്‍ കാവിന്റെ

മുന്‍പില്‍ ഭയത്താല്‍ വിറച്ചു കൊണ്ടും



മാറത്തു പോട്ടിത്തഴച്ച താരുണ്ണ്യത്തിന്‍

നൂതനത്വതില്‍ സ്വയം മറന്നും

എത്ര നാള്‍ ഒന്നിച്ചു നാം നടന്നൂ നവ്യ

ജീവിത മാധുരി നാം നുകര്‍ന്നൂ



എല്ലാം കടംകഥ പോലെ ഒരുത്തര-

മില്ലാതെയന്നവസാനിക്കവേ

നമ്മോടഭിപ്രായമാരാഞ്ഞിടാതെ നിന്‍

അച്ഛന്‍ സ്ഥലം മാറി പോയീടവേ



അന്നവസാനമായ് നിന്‍ കൈ പിടിച്ചു ഞാന്‍

ഒന്നുരിയാടാതെ നിന്നീടവേ

ആകെ കലങ്ങിയ കണ്ണുമായ് നീയുമെന്‍

ചാരത്തിലായിട്ടിരുന്നീടവേ



നിന്‍ കൈ മുറുകെ പിടിച്ചു നിന്‍ കണ്ണിലേ-

ക്കെന്തിനെന്നില്ലാതെ നോക്കി ഞാനും

ആകെ വിതുമ്പി നീ എന്റെ കൈ വെള്ളയില്‍

ഏതോ അനാഥ ചിത്രം വരച്ചു



പിന്നെ തിരിഞ്ഞു നോക്കാതെ മടങ്ങി ഞാന്‍

കണ്ണുനീര്‍ കൊണ്ടു വഴി മറഞ്ഞും

നെഞ്ചില്‍ കനലു നിറച്ചും ഹൃദയത്തില്‍

ആരെയോ എന്തോ ശപിച്ചു കൊണ്ടും



ഇന്നുമോര്‍ക്കുന്നു ഹാ നഷ്ടപ്രണയത്തിന്‍

നീറ്റല്‍ പോതിഞ്ഞുള്ളൊരാ ദിനങ്ങള്‍,

ജീവിതം അര്‍ത്ഥവിഹീനമായ് തീര്‍ന്നൊരു

ശൂന്യമാം ഏകാന്ത സായാഹ്നങ്ങള്‍,



ഉള്ളു തണുത്തു തുടങ്ങിയ കാലങ്ങള്‍,

പിന്നെയുമെത്രയോ സൌഹൃദങ്ങള്‍.

പിന്നെയും കണ്ടുമുട്ടല്‍, ചിരി, പങ്കിടല്‍,

പിന്നെയും വേര്‍പാടിന്‍ വേദനകള്‍



എങ്കിലുമിന്നും കിനാവില്‍ ഉദിക്കുന്നു

ആര്‍ദ്രമാം നിന്‍ മുടി തന്‍ സുഗന്ധം

ഏതോ അനുപമ പുണ്യമായ് ചോരുന്നു

ജീവനില്‍ ആ മന്ത്രമുഗ്ദ്ധ ഗാനം



ഇന്നുമോര്‍ക്കുന്നു ഞാന്‍ ആ നല്ല ഗ്രാമീണ-

ജീവിതത്തിന്റെ മധുര സ്വപ്നം

ഇന്നുമോര്‍ക്കുന്നു നിന്‍ മന്ദസ്മിതം അതില്‍

ആണ്ടു പോകുന്നു മമ ഹൃദന്തം



No comments:

Post a Comment