മതിയിതില്‍ മദമേറിപ്പൊന്‍കിനാവിന്റെ തേരില്‍ 
ഹൃദയമിടറി വീഴും പാതയില്‍ കൈതരാനായ് 
മൃതിയുടെ കിളിവാതില്‍ ചേര്ത്തടച്ചെന്റെ ഉള്ളില്‍ 
അമൃത കിരണമായി നീ വിളങ്ങേണമീശാ
പിരിവുകള്‍ പലതും കണ്ടേറ്റവും ഭീതനായോ-
രടിയനില്‍ തിരുനേത്രം പെയ്തിടും സ്നേഹവര്ഷം 
ശരിയുടെ വഴി കാണിച്ചീടുവാനായി എന്നും
നിറയണമതിനായി നീ തുണക്കേണമീശാ
മിഴിയില്‍ ദുരഭിമാനം മൂടിടും നേരവും നീ
കൃപയൊടെയതു നീക്കിക്കണ്‍ തുറപ്പിച്ചിടേണം 
നിഴലുകള്‍ ചതി ചെയ്തിട്ടെന്റെ കണ്‍ കെട്ടിടുമ്പോള്‍ 
പിഴവുകള്‍ ദയവായി നീ പൊറുക്കേണമീശാ 
സുഖം!! അതു മരുഭൂവില്‍ കാനല്‍വെള്ളം കണക്കെ 
ഇനിയുമകലെയെന്നേ തോന്നിടുമ്പോള്‍ മഹേശാ,
അഖിലഭുവനവും കാത്തീടും നിന്‍ കാല്‍കള്‍ തന്നെ 
സുഖലഹരി തരുന്നെന്നുള്ളില്‍ തോന്നേണമീശാ
ഉയിരില്‍ പിടയുമേതോ നോവു വാക്കായി എന്റെ
വിരല്‍കളില്‍ തുടികൊട്ടിപ്പാടി കാവ്യം ചമക്കെ 
അടിയനൊരു വെറും പാഴ്പേന താന്‍ എന്ന സത്യം 
മനസ്സില്‍ സകലനേരം തോന്നണേ എന്റെയീശാ
 
No comments:
Post a Comment