Friday, December 17, 2010

മാവും മനുഷ്യനും

ഉറങ്ങിക്കിടന്ന ആ ബസ്‌ സ്റ്റോപ്പില്‍ അയാള്‍ ഇറങ്ങി. പോക്കറ്റില്‍ നിന്ന് ടവല്‍ എടുത്തു അയാള്‍ മുഖത്തെ വിയര്‍പ്പൊപ്പി. റിക്ഷാ സ്റ്റാന്റ് പോലും ശൂന്യമായിരുന്നു.


മുസ്ല്യാര്‍മുക്കിന്റെ മുഖം മാറിപ്പോയിരിക്കുന്നു. പണ്ടുണ്ടായിരുന്ന ഓല മേഞ്ഞ പീടികകള്‍ക്ക് പകരം, കോണ്‍ക്രീറ്റ് മേഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആണ് കാണാനുള്ളത്. മാതാ പാരലല്‍ കോളേജ് ഇപ്പോള്‍ മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജി ആയി രൂപാന്തരപ്പെട്ടിരിക്കുന്നു......

ഒരു നിശ്വാസത്തോടെ അയാള്‍ തന്റെ പെട്ടി എടുത്തു. പിന്നീട് പാടത്തിലേക്ക് തിരിയുന്ന ഇടവഴിയിലൂടെ നടന്നു.

------------------

"വെര്‍തെ ആയിരുന്ന്വൊ ദൊക്കെ??" സന്ധ്യക്ക്‌ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ഭാമിനിയോടു ചോദിച്ചു.

"അങ്ങന്യൊന്നും നിയ്യ് വിചാരിക്കണ്ട.......ഒന്നും വെറ്ത്യൊന്ന്വല്ല ..ഒന്നൂല്ല്യെങ്കി ഇബടെള്ളോരു പട്ടിണീല്ല്യാണ്ടേ കഴിഞ്ഞില്ല്യേ?? അദ് നെന്റെ വെയര്‍പ്പല്ലാന്ന് ആരും പറയില്ല്യ...."

"ഉം ..."അയാള്‍ വെറുതെ മൂളി.

"നിക്ക് മനസ്സിലാവണുണ്ട് നെന്റെ നീറ്റല്....അദിനിപ്പോ നമ്മളെന്താ ചെയ്യാ അച്ചുതാ....ഓരോരുത്തര്‍ അവരടെ യുക്തം പോലെ ചെയ്തു ..അത്രേം വിചാരിച്ചാ മതി..."

"നിക്ക് വെഷമില്ല്യ ഓപ്ലെ......."അയാളുടെ തൊണ്ട ഇടറി. ഭാമിനിയുടെ മുഖത്തേക്ക് നോക്കാതെ അയാള്‍ എഴുന്നേറ്റു അകത്തേക്ക് നടന്നു. ഭാമിനി ഒരു നിശ്വാസത്തോടെ ഒഴിഞ്ഞ ചായക്കപ്പുകളെടുത്തു അടുക്കളയിലേക്കു പോയി.

പോകുന്ന വഴിയെല്ലാം ശൂന്യമായി അയാള്‍ക്ക് അനുഭവപ്പെട്ടു. മുന്‍പിവിടെ എല്ലാവരും ഉണ്ടാകുമായിരുന്നു. കുട്ടിക്കാലം മുതല്‍ താന്‍ കണ്ടു മറന്ന മുഖങ്ങള്‍ അയാളുടെ മനസ്സില്‍ മിന്നി.

തെക്കേ ചായ്പിനരികില്‍ എത്തിയപ്പോള്‍ അയാളുടെ കാല്‍മുട്ടുകള്‍ ഒന്ന് വിറച്ചു. "ഇല്ല..വല്ല്യമ്മാമനും പോയിരിക്കുന്നു "..അയാള്‍ പതുക്കെ ആ മുറിയിലേക്ക് കയറി. തേക്കില്‍ തീര്‍ത്ത അതിന്റെ ചുമരില്‍ തൈലങ്ങളുടെ പാടുകള്‍ ഇപ്പോഴും കാണാം . വല്യമ്മാമനു വാതമായിരുന്ന കാലത്തെ അടയാളങ്ങള്‍. ഓരോരുത്തരും എത്രയോ തലമുറകളിലേക്ക് തങ്ങളുടെ പൈതൃകം കടമായി നല്‍കിയാണ്‌ മറഞ്ഞു പോകുന്നത്. എന്നാല്‍ തനിക്കോ....അമ്മാമന്‍ മരിച്ചപ്പോള്‍ വരാത്തതിനു ഒരുവിധം എല്ലാവരും തന്നെ ചീത്ത പറഞ്ഞുവത്രേ...പക്ഷെ അടിയന്തര സദ്യക്ക് പണം അയച്ചതും താന്‍ തന്നെ.........

ഒരു നിശ്വാസത്തോടെ അയാള്‍ പറമ്പിലേക്കിറങ്ങി.

മുത്തപ്പന്‍മാവിനരികില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. വെറുതെ നിലത്തു കിടന്ന ഒരു കല്ല്‌ പെറുക്കി അയാള്‍ മുകളിലേക്കെറിഞ്ഞു. പണ്ടായിരുന്നെങ്കില്‍ ഇതിനോടൊപ്പം ഒരു പാട്ടു കൂടി ഉണ്ടാകും.

ഉണ്ട്...ഇപ്പോളും ഓര്‍മ്മയുണ്ട് ..അയാള്‍ അത്ഭുതപ്പെട്ടു....

"മുത്തപ്പാ... മുത്തപ്പാ.... കല്ല്‌ പിടിച്ചോ മുത്തപ്പാ...മാങ്ങ എറിഞ്ഞോ മുത്തപ്പാ ....കുമ്പ നിറക്കാം മുത്തപ്പാ..." ഓരോ ഏറിനും കുലക്കണക്കിനു മാങ്ങകള്‍ തരുമായിരുന്നു ഇത് . ഇപ്പോള്‍ മാമ്പഴക്കാലമല്ലല്ലോ ...

"ഇദിപ്പളും പൂക്കാറുണ്ടോ ഓപ്ലെ?" ചാരം വാരാന്‍ പുറത്തിറങ്ങിയ ഭാമിനിയോടു അയാള്‍ ചോദിച്ചു.

"ഉം..ധാരാളം...ഇബടെ ആരും ല്ല്യാത്തോണ്ട് അടുത്ത്ള്ള കുട്ട്യോള് വന്നു പറക്കി പോവും. പണിക്കു വരണ ശാരദ പറഞ്ഞു ആര്‍ക്കോ ഇതില് കണ്ണ്‍ ഇണ്ടെന്ന്‍. വേറെ എതാച്ചാല്‍ നോക്കിക്കോട്ടേ , ഇത് കുട്ട്യോള്‍ക്കായിട്ട് ഇള്ള മാവാണ് ന്ന് ഞാനും പറഞ്ഞു ..."

"ശെര്യാ ഓപ്ലെ....അദെന്ന്യാ ശെരി..."അയാള്‍ പതുക്കെ അകത്തേക്ക് നടന്നു.

-----------------

"എന്താ അച്ചൂ പ്ലാന്‍?? നീ നാട്ടില്‍ക്ക് പൂവാന്ന് പറഞ്ഞൂത്രേ?"

"അതെ ശ്രീധരാ. ഇനീം വയ്യ. എത്ര കാലാച്ചട്ടാ ഈ ഇടുങ്ങ്യ മുറീല് കഴിയാ....നാട്ടിലാച്ചാല്‍ ഏക്കറു കണക്കിന് സ്ഥലം നോക്കാനാളില്ല്യാണ്ടെ കെടക്കുണു. ഇപ്പൊ അവടെ ഓപ്പള് തന്ന്യേ ഉള്ളൂനും..."

"ഉം.."

"ബുദ്ധ്യൊറക്കണേന്റെ മുമ്പേ പോന്നതാ അവട്ന്ന് . ദിപ്പോ എത്ര കൊല്ലായി... നിക്കും വേണ്ടെടോ ഒരു വിശ്രമം...." അയാള്‍ കസേരയില്‍ ചാഞ്ഞിരുന്നു കണ്ണുകളടച്ചു. "ആയ കാലത്ത് ബാധ്യത്യൊക്കെ തീര്‍ക്കനാര്‍ന്നു ബദ്ധപ്പാട്. അന്നതിനൊക്കെ പറ്റ്വാര്‍ന്നു . ശരീരം കൊണ്ടും മനസ്സോണ്ടും..."

"ഉം...അപ്പൊ വീട്ടിലിണ്ടാര്‍ന്ന ബാക്കിള്ളോരൊക്കെ?"

"പോയി....കൊറേ പേര് മരിച്ചു .. കാര്‍ന്നോമ്മാര് ...ബാക്കിള്ളോര് ഓരോരോ ദിക്കിലായിട്ട്‌ പോയി...."അയാളുടെ കണ്ണ് നിറഞ്ഞു. കൂടുതലൊന്നും പറയാതെ അയാള്‍ കാന്റീനില്‍ നിന്നും എഴുന്നേറ്റു.

------------------

രാത്രി അയാള്‍ തന്റെ പായയെടുത്ത് പുറത്തെ റെഡ് ഓക്സൈഡ് അടിച്ച തളത്തില്‍ കൊണ്ടുപോയി വെച്ചു.

"നിയ്യ് അകത്തു കെടന്നോ...നല്ല തണുപ്പുണ്ടാവും പൊറത്ത്..."

"സാരല്ല്യോപ്ലെ....ഒരു പൊതപ്പ് തന്നാ മതി..."

നിലാവ് ചാഞ്ഞു വീഴുന്ന തളത്തില്‍ അയാള്‍ കിടന്നു. എത്രയോ വര്‍ഷങ്ങളില്‍ ഇതു താന്‍ കിനാവു കണ്ടിരുന്നു..ഈ രാത്രി. പക്ഷെ അന്ന് സ്വപ്നങ്ങളില്‍ എല്ലാവരും ഉണ്ടായിരുന്നു . കൂടെപ്പിറപ്പുകള്‍ , അമ്മാമന്മാര്‍ , വല്ല്യമ്മമാര്‍........

ഓരോ മാസവും തന്റെ ചിലവു പരമാവധി ചുരുക്കി ഇവിടെ ഉള്ളവര്‍ക്കു പണമയക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നു........

അവരൊക്കെ ഇന്നു വേറെവിടെയോ ചെന്നു കരപറ്റി . ഒരു പക്ഷെ ചെന്നാല്‍ സ്വീകരിച്ചിരുത്തുമായിരിക്കും. പക്ഷെ ഉള്ളില്‍ കുശുകുശുക്കുന്നുണ്ടാകും "പഴേ കണക്കൊക്കെ ചോയ്ക്കാന്‍ വന്നതാണോ ആവോ ?"...

അയാള്‍ ആ ദൃശ്യം മനസ്സില്‍ കണ്ടു ചിരിച്ചു. താന്‍ അതൊന്നുമല്ലല്ലോ ആഗ്രഹിച്ചത്‌ .......എല്ലാവരുടെയും നിലനില്‍പ്പിനു വേണ്ടി അധ്വാനിക്കുമ്പോള്‍, സ്വയം ജീവിക്കാന്‍ മറന്നു പോയോ എന്നയാള്‍ സംശയിച്ചു...അവസാനം അതിനൊക്കെയും പകരം കിട്ടിയത്......അയാള്‍ ഒന്ന് നെടുവീര്‍പ്പിട്ടു .

പെട്ടെന്നെന്തോ ഓര്‍ത്തിട്ടു അയാള്‍ എഴുന്നേറ്റു. നിലാവ് വാര്‍ന്നു വീഴുന്ന മുറ്റത്ത്‌ മുത്തപ്പന്‍മാവ് നില്‍ക്കുന്നു. അതിന്റെ ചില്ലകളില്‍ കുഞ്ഞുമനസ്സുകളുടെ ഊഞ്ഞാല്‍ കെട്ടിയിട്ടിരിക്കുന്നു... അതിന്റെ കടക്കല്‍ എത്രയോ നിഷ്കളങ്ക ബാല്യങ്ങളുടെ ചവിട്ടടിപ്പാടുകള്‍ കാണുന്നു....അതിന്റെ കൊമ്പുകളില്‍ അങ്ങിങ്ങായി ഇത്തിള്‍ക്കണ്ണികള്‍ പടര്‍ന്നിരിക്കുന്നു.

ഒന്നിലും ഉലയാതെ, ഇനിയും മൊട്ടിടാന്‍, പൂക്കാന്‍, കായ്ക്കാന്‍ തയ്യാറായി ആ മാവ് നിന്നു.

അയാള്‍ ആ തടിയില്‍ തലോടി.എന്നിട്ടാ പഴയ ഈണത്തില്‍ പാടി.

"മുത്തപ്പാ... മുത്തപ്പാ.... കല്ല്‌ പിടിച്ചോ മുത്തപ്പാ...മാങ്ങ എറിഞ്ഞോ മുത്തപ്പാ ....കുമ്പ നിറക്കാം മുത്തപ്പാ..."

ഒരു കാറ്റില്‍ മാവിന്റെ ചില്ല ഒന്നിളകി. തന്നെ പൊതിയുന്ന ആ കാറ്റിന്റെ കുളിരില്‍ അച്ചുതന്റെ മനസ്സ് നിറഞ്ഞു.

No comments:

Post a Comment