മനുഷ്യന്‍ - ഒരു പതിനായിരമേട് കവിതയാലും വര്ണ്ണിക്കാന്‍ ആകാത്ത, ഒരു നൂറായിരം ജന്മങ്ങളാലും തിരിച്ചറിയപ്പെടാത്ത , നിഗൂഢത
ചതി, കാപട്യം, സ്നേഹം പുതപ്പിച്ച ലോഭം - പഞ്ചസാരയില്‍ പൊതിഞ്ഞ കൈവിഷം - അങ്ങിനെ ഒരുപാട് മുഖങ്ങള്
കണ്ടിട്ടും കൊണ്ടിട്ടും അനുഭവിച്ചിട്ടും പഠിക്കാത്ത, വേദന ഇരന്നു തിന്നുന്നുവോ എന്ന് തോന്നിക്കുന്ന വേറെ ചില മുഖങ്ങള്
വഴിമാറിപ്പോയാലും വിധിയെന്ന ദുരന്തം പിന്തുടര്ന്ന് വേട്ടയാടുന്ന വേട്ടമൃഗത്തിന്റെ വ്യഥ...........
കവിളിലൂടൊലിച്ചീടുന്ന കണ്ണുനീര്
വിരല്കളാല്‍ തുടച്ചന്നു ചിരിച്ചു ഞാന്
ഉയിരു ചൂള പോല്‍ കത്തിച്ചു നിന്‍ തണു-
പ്പകലുവാനായി കാവലിരുന്നു ഞാന്
നിലവിളിച്ചോടി നീ വന്നിടുമ്പോള്‍ നിന്
നിറമിഴിയൊപ്പി ആശ്വസിപ്പിച്ചു ഞാന്
തിരികെ നോക്കാതെ നന്ദിയൊന്നോതാതെ
പഴയ പൂമരം തേടിപ്പറന്നു നീ
ഹൃദയരക്തത്തിനാല്‍ കുതിര്ന്നുള്ളൊരീ
പഴയൊരേടും വലിച്ചെറിഞ്ഞില്ലയോ??
സ്വയമുരുകി ഞാന്‍ തീര്ത്ത ചില്ലിന്‍ പാത്ര-
മൊരു കളിയായ് എറിഞ്ഞുടച്ചില്ലയോ??
ജഗദധീശന്റെ കാവ്യ രചനയില്
ചെറിയൊരക്ഷരത്തെറ്റു പോല്‍ ജീവിതം
പ്രകൃതി തന്‍ ലോല ഗാനവിപഞ്ചിയില്
ശ്രുതി പിഴച്ചതു പോലെന്റെ ജീവിതം
കുഴയും മാനുഷാത്മാവിലൊന്നിന്നു ഹാ!!
നടു നിവര്ക്കാന്‍ ഞാനത്താണിയായെങ്കില്
വഴി മറന്നൊരു പക്ഷിക്കു കൂട്ടിലേ-
ക്കണയുവാന്‍ ഞാന്‍ നിമിത്തമായ് തീര്ന്നെങ്കില്
വറുതിയാണ്ടിടും ഉഷ്ണമരുക്കളില്
ഒരു കുളിരലയായ് വീശിയെങ്കില്‍ ഞാന്
ഇവിടെ വിണ്ടു വരണ്ട മണ്ണില്‍ ഒരു
പുതുമഴ പോലെ പെയ്തു പോയെങ്കില്‍ ഞാന്
മിഴിനീര്‍ മൂടിടും ജീവിതാത്മാക്കളില്
ഒരു പ്രതീക്ഷ തന്‍ നാമ്പായി ഞാനെങ്കില്
നിറയും ശോകത്തിന് കാര്മേഘം മൂടിയ
മിഴിയില്‍ ചിരി പടര്ത്താനെനിക്കായെങ്കില്
ഇനിയുമെത്രമേല്‍ യാതന തിന്നിടാം
ഇനിയുമെത്ര നരകം സഹിച്ചിടാം
ഇരുളിന്‍ പാപങ്ങളേറ്റു വാങ്ങി ഒരു
പുതു പുലരിക്കായ് ഞാന്‍ വഴി മാറിടാം//
No comments:
Post a Comment