Friday, May 28, 2010

വിശ്വാസം അതു മാത്രമാണെല്ലാം..............

See the First part Here and The reply to the same Here

വിശ്വാസം അതു മാത്രമാണെല്ലാം..............

പ്രിയപ്പെട്ട അഭിക്ക്,


വിശ്വാസം അതു മാത്രമാണെല്ലാം..............

അതു ബോധ്യമായത് ഇന്നലെ ആണ്. ആകെ കലങ്ങിയ എന്റെ ജീവന്‍ വീണ്ടും ഊറി തെളിനീരായതിന്നലെ ആണ്.

ഏതോ മയക്കത്തില്‍ നിന്നും ഉണര്‍ന്നത്, ഞാന്‍ ചെയ്യാന്‍ തുനിഞ്ഞതിന്റെ ആഴമറിഞ്ഞത്, എല്ലാം ഇന്നലെ തന്നെ.



നിനക്ക് പൊറുക്കാനാകുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നുറപ്പാണ് അഭീ നാം അത് ചെയ്തിരുന്നെങ്കില്‍ നമുക്ക് ഈ ജന്മത്തില്‍ ഒരിക്കലും നമ്മോടു തന്നെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല. ഈ തിരിച്ചറിവുകള്‍ എനിക്കു വൈകി മാത്രമാണ് വന്നത്. പക്ഷെ അത് കൊണ്ട് മാത്രം, നേരായ വഴിയില്‍ നിന്ന് ഞാന്‍ ഇനിയും പിന്നോട്ട് പോകണമോ?





തെറ്റുകള്‍ നമുക്ക് രണ്ടു പേര്‍ക്കും പറ്റിയിട്ടുണ്ട്. അപക്വമായ പ്രണയകാലത്ത് ആര്‍ക്കും സംഭവിച്ചേക്കാവുന്നവ. അച്ഛന്റെ ഓഫീസിനു തൊട്ടു താഴെയിരുന്നു ഐസ്ക്രീം തിന്നുമ്പോള്‍ എന്തൊക്കെയോ കീഴടക്കിയ സന്തോഷമായിരുന്നല്ലോ നമുക്ക് രണ്ടു പേര്‍ക്കും. ബീച്ചിലും തിയേറ്ററിലുമൊക്കെ നിന്നോടൊപ്പം ചുറ്റുമ്പോളും മറ്റെന്തിനെക്കാളും വിലക്കപ്പെട്ട എന്തൊക്കെയോ നേടുന്ന അനുഭൂതിയായിരുന്നു.

നാം ആ ചെയ്തവയൊക്കെയും നമ്മെ വിശസിക്കുന്ന, നമ്മെ വളര്‍ത്തി വലുതാക്കി, നമ്മില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു ജീവിക്കുന്ന മാതാപിതാക്കളോട് ചെയ്യരുതാത്തവയാണെന്നു നാം മനസ്സിലാക്കിയില്ല.



നമ്മുടെ പ്രണയകാലത്തില്‍ നീ എനിക്ക് വേണ്ടി ചിലവഴിക്കാനും എന്നെ ഏറ്റവും മുന്തിയ ഭക്ഷണ വിഭവങ്ങള്‍ തന്നു സന്തോഷിപ്പിക്കുവാനും ശ്രമിച്ചിരുന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ എന്റെ ആശങ്കകള്‍ നിന്നോട് പറഞ്ഞിരുന്നത് നീ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ബില്ലുകള്‍ ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞാലും നീ സമ്മതിക്കുമായിരുന്നില്ല.

നമുക്ക് ആരോടെന്നില്ലാത്ത ഒരു വാശിയായിരുന്നു അഭീ ......... സ്വയം പ്രൂവ് ചെയ്തു കാണിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു നമുക്കിത്. മറ്റൊന്നുമല്ല.



ഈ ലോകത്തില്‍ മറ്റാരെയും സ്നേഹിക്കാത്തവണ്ണം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. അല്ല സ്നേഹിക്കുന്നു. ആ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് നിന്നോടൊപ്പം ഇറങ്ങി തിരിക്കാന്‍ ഞാന്‍ നിശ്ചയിച്ചതും.



അന്ന് രാത്രി ഞാന്‍ നിന്നോട് പറഞ്ഞ ആ വാചകങ്ങള്‍ ഹൃദയത്തില്‍ നിന്ന് പറഞ്ഞത് തന്നെ ആയിരുന്നു. രാവിലെ തന്നെ ആരോടും പറയാതെ, ആദ്യത്തെ ബസിനു തന്നെ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുകയും ചെയ്തു.പക്ഷെ ബസ്‌ എന്നെയും കൊണ്ട് മുന്നിലേക്ക്‌ പോകും തോറുമാണ് എനിക്ക് നഷ്ടപ്പെടുന്നത് എന്താണെന്നുള്ള യഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ ജനിച്ചു വളര്‍ന്ന കുടുംബം. ഇന്നലെ വരെ ഞാന്‍ എന്റേതെന്നു കരുതിയിരുന്ന എന്റെ എല്ലാവരും എനിക്ക് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്റെ ഒരു ആവശ്യത്തിനും എതിരു നില്‍ക്കാത്ത അവരുടെ ഈ ഒരു അവകാശമെങ്കിലും ഞാന്‍ അനുവദിച്ചു കൊടുക്കണ്ടേ? എന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയ അവരുടെ വിശ്വാസം ഞാന്‍ കാക്കണ്ടേ...??




ആ നിമിഷമാണ് ഒരു നിയോഗം പോലെ എനിക്ക് കാര്യങ്ങള്‍ വ്യക്തമായി തുടങ്ങിയത്. അവരുടെ വിശ്വാസം കാക്കണമെങ്കില്‍ എനിക്ക് നിന്റെ വിശ്വാസത്തെ ബലി കൊടുക്കേണ്ടി വരും. ഇനി അഥവാ അത് നിന്റെ വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടി ആണെങ്കിലോ, അവരുടെതിനെയും. ആ യാഥാര്‍ത്ഥ്യത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മകളെ കാണാനില്ലാത്ത ഒരു അച്ചന്റെ രോദനം മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ സാധിച്ചത് . ഏറ്റവും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു പോരുകയായിരുന്നു ഞാന്‍ .



അഭീ,

നാം സ്വപ്നം കണ്ട നാളുകള്‍ എന്റെ മനസ്സില്‍ തന്നെയുണ്ട്. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇതെല്ലാം ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശയായേ തോന്നൂ. അഭിയെ ഇത്രയടുത്ത് അറിഞ്ഞ മറ്റൊരാളുമില്ല എന്നാണു എന്റെ വിശ്വാസം. അത് കൊണ്ട് പറയുന്നു - അഭിക്കു ഇത് താങ്ങാന്‍ കഴിയും. ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാനും.

വീട്ടിലെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിച്ചതായി പറയണം. അഭിയുടെ സുഹൃത്തുക്കളോടും.

അഭിയോടു ഞാന്‍ ക്ഷമ ചോദിക്കുന്നില്ല........... അതെനിക്ക് തരുവാന്‍ നിനക്ക് കഴിയില്ലെന്നെനിക്കറിയാം.

ഒരേ ഒരപേക്ഷ മാത്രം ......

നമ്മില്‍ അര്‍പ്പിച്ച വിശ്വാസം അവ ആരുടെതാണെങ്കിലും തകരാതെ കാക്കുക.ഇന്ന് ഞാന്‍ മൂലം നിനക്കുണ്ടായത് നാളെ നീ മൂലം വേറൊരാള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ



കാരണം,

വിശ്വാസം അത് മാത്രമാണെല്ലാം.............

2 comments:

  1. എന്തുവാ രണ്ടുപേരും കൂടെ ചെയ്യുന്നെ.
    ഒന്നും മനസ്സിലായില്ലാ.
    :-)

    ReplyDelete
  2. മോളെ അമ്മൂ , നിനക്കുള്ള മറുപടി ദാ താഴത്തെ ലിങ്കില്‍ ...

    http://olapeeppi.blogspot.com/2010/05/blog-post_28.html

    -അഭി

    ReplyDelete