Tuesday, May 25, 2010

വിശ്വാസം...അതാണോ എല്ലാം ??

Inspired by the Kalyan Jwellers Ad. Still with doubts.........


അശാന്തം എന്‍ ഉയിരിന്റെ തുടിപ്പിതെല്ലാം


ഒരു ശാപം പോലെ നിന്‍ മേല്‍ പതിച്ചീടുമ്പോള്‍

നിശീഥത്തിന്‍ നിലവിളി പോലെ എന്‍ നാദം

നിരന്തരം നിന്നെ വിളിച്ചുണര്‍ത്തിടുമ്പോള്‍



കരി പിടിച്ചിരുണ്ടൊരെന്‍ ജീവിതത്തിന്റെ

കിളിവാതില്‍ തഴുതിട്ടു ഞാനിരുന്നാലും

അറിയില്ല എന്റെ ചിന്താ വീചികള്‍ നിന്നെ

നിരന്തരം തേടിടുന്നതെന്തിനായാവാം?



പിറന്ന നാള്‍ നിന്നെ എന്‍ കൈ വെള്ളയില്‍ വാങ്ങി

മൃദുവാം നിന്‍ മുഖം പയ്യെ മുകര്‍ന്നീടവേ

നിനക്കുമ്പോള്‍ പോലും ഉള്ളം കവിഞ്ഞൊഴുകും

ഒരു സ്നേഹ പ്രവാഹത്തില്‍ ഒലിച്ചു പോയ്‌ ഞാന്‍



അതു കഴിഞ്ഞെത്രയെത്ര രാത്രി തോറും ഞാന്‍

ഉറങ്ങാതെ നിനക്കായി കാവലിരുന്നു

അളവില്ലാത്തൊരു സ്നേഹം പകര്‍ന്നു നല്‍കി

പതിയെ നിന്‍ വളര്‍ച്ചയില്‍ കോള്‍മയിര്‍ക്കൊണ്ടു.



കുസൃതികള്‍ ,പിണക്കങ്ങള്‍ , പിടി-വാശികള്‍

ഉള്ളം തുറന്നു നാം ചിരിച്ചോരാ ചെറു കളികള്‍

സ്മരണയില്‍ ഇന്നുമെന്നും തിളങ്ങീടുന്ന

മധുരമാം സായന്തന സവാരികളും



മറന്നു നീ ചപലമാം ഒരു വികാര-

ത്തിരയുടെ അലകളില്‍ ഉലഞ്ഞു പോയി

ഉയിര്‍ നല്‍കി കാത്തു പോന്ന പനന്തത്തയും

പുതു കിളിക്കൂട്ടു തേടിപ്പറന്നു പോയി.



മകളെ - എന്‍ അമ്മു - നീയീ പിതാവിന്നുള്ളില്‍

ഒരു സര്‍ഗ വസന്തത്തെ പാകിയെന്നാലും

ഒരു ഞൊടി കൊണ്ടു ചുട്ടു കരിച്ചിട്ടല്ലേ

പറയാതെ നീയിറങ്ങി പോയതന്നേരം



അറിയില്ല ആര്‍ക്കു വേണ്ടി നീയിതു ചെയ്തു

അറിയില്ല ആരു നിന്നെ ഇത്ര മോഹിച്ചു

മനസ്സില്‍ നിന്‍ സുഖം മാത്രം കൊതിപ്പൂ പക്ഷെ

അറിയില്ല എന്തീ കണ്ണീര്‍ പറയുന്നെന്നു



പുതു നെല്ലിന്‍ കതിരും എന്‍ സ്നേഹവും ഉണ്ട

പനന്തത്ത കൂടു വിട്ടു പറന്നു പോകെ

പറയുന്നു കാറ്റും "എല്ലാം വിശ്വാസം എന്ന

പഴങ്കഥ മറക്കുവാന്‍ നേരമായില്ലേ??"

4 comments:

  1. ഇതിനുള്ള മറുപടി ഇവിടെ...
    വിശ്വാസത്തിന്റെ മറുവശം

    http://olapeeppi.blogspot.com/2010/05/blog-post_26.html

    -എം. എസ്. രാജ്

    ReplyDelete
  2. Hats-off to you Dileep... :) Wonderful read throughout the blog...

    ReplyDelete
  3. dileep ur emial is nayam@gmail.com or nayathil@gmail.com? or dileepnayathil@gmail.com

    ReplyDelete