ഉയിരിന്‍ ശ്യാമവാനങ്ങളിലിപ്പൊഴും 
 ഒരു മുറിയുടെ വിങ്ങിടും ഓര്‍മ്മകള്‍ 
 നിലവിളിക്കുന്ന കണ്ഠങ്ങള്‍   കണ്ണുകള്‍ 
 പരതിടുന്ന വെളിച്ചത്തുരുത്തുകള്‍ 
  ഇരുളില്‍ പേടിപ്പെടുത്തുന്ന  രാക്ഷസര്‍ 
 നിണമൊഴുകിച്ചുവന്നൊരു ദംഷ്ട്രകള്‍ 
 മുറുകെ കെട്ടിയിരിക്കുനതാം എന്റെ 
 വഴി തടയുന്ന ചങ്ങലക്കണ്ണികള്‍
  കരുണ വറ്റിയ കണ്ണുകളാല്‍ എന്നെ 
 സഹതപിച്ചു നോക്കുന്നവര്‍ , ശാപവാ-
 ക്കുരുവിടും വാര്‍ഡന്‍, ലാത്തിയാല്‍ ഓങ്ങിടും 
 മൃഗ സമാനരാം കാവല്‍പ്പിശാചുകള്‍ 
  തലയില്‍ മൂളുന്ന വേതാള ചിന്തകള്‍ 
 ഉടലില്‍ തല്ലിപ്പഴുക്കും മുറിവുകള്‍ 
 വയര്‍ നിറക്കുവാന്‍ ദുര്‍ഗന്ധവാഹിയാം 
 കഴുകിടാത്ത പാത്രത്തിലെ വറ്റുകള്‍ 
  ഉടല്‍ മറക്കുവാന്‍ കീറപ്പഴന്തുണി 
 മലവും മൂത്രവും പറ്റിയ പാഴ്തുണി,
 മുറിയില്‍ കൂട്ടുകാരുണ്ടു മിഴികളില്‍
 കരി പിടിച്ച, പരിത്യക്ത ജീവികള്‍ 
  ഇടയില്‍ കൈകാല്‍ വരിഞ്ഞു കെട്ടിത്തല- 
 വഴി കടന്നു പോം വൈദ്യുത വീചികള്‍ 
 സ്മൃതിയില്‍ വണ്ടു തുളച്ചിടും പോലൊരു 
 കൊടിയ യാതന തീര്‍ത്തിടും നാളുകള്‍ 
  ദുരിത പര്‍വങ്ങള്‍ താണ്ടിക്കടക്കിലും  
 പരിഹസിക്കും പരിശുദ്ധ മാനുഷര്‍ 
 ഒരു ചിരിയുടെ സൌജന്യമേകാത്ത 
 മതി തെളിഞ്ഞൊരെന്‍ സ്വന്തം സഹോദരര്‍ 
  വിധി ചവുട്ടിച്ചതചോരീ ജീവിതം 
 ഇഴയുകയാണീ സെല്ലിന്‍ വരാന്തയില്‍ 
 ഇവിടെയില്ലില്ല  ഈശ്വരന്‍, ഇങ്ങു താന്‍
 നരക സ്വപ്നത്തിന്‍ ശാശ്വത ഭൂമിക 
 
സ്പര്‍ശിച്ചു..
ReplyDeleteആ ചിരികള്‍ വളരെ പരിചിതം