നീയിന്നലെ മുഖം നോക്കി
വലിച്ചെറിഞ്ഞ ദര്‍പ്പണം
വെറും കണ്ണാടിയല്ലെന്റെ
ഹൃദയം ആയിരുന്നത്
നുറുങ്ങി ചിതറിപ്പോയി
കൂടിച്ചേരാത്തതാം വിധം
ഓരോരോ ചില്ലിലും പക്ഷെ
നിഴലിപ്പതു നിന്‍ മുഖം
ഇങ്ങാരും വന്നു പാദത്തില്‍
മുറിവേല്‍ക്കാതിരിക്കുവാന്‍
അടച്ചു പൂട്ടീ ഞാനെന്റെ
കവാടങ്ങളിതൊക്കെയും
തനിച്ചിരുള്‍ മുറിക്കുള്ളില്‍
എന്നെ കുറ്റിയിടുമ്പോളും
മനസ്സില്‍ ഉദയം കൊള്‍വൂ
നിന്‍ പുഞ്ചിരി നിലാവൊളി
തകര്‍ത്തു നീയെന്‍ ചിത്തത്തിന്‍
ദര്‍പ്പണം എങ്കിലും സഖീ
ഇല്ല തെല്ലും പരിഭവം
നിന്നോടിതു വരെക്കുമേ
പൊട്ടിച്ചിതറിയുള്ളോരീ
കണ്ണാടിക്കഷണങ്ങളില്‍
ഗന്ധര്‍വ കന്യ പോലെ നീ
കളിയാടുവതിപ്പോഴും
മൂവന്തിയില്‍ കിതപ്പാറ്റും
കാറ്റിന്‍ മര്‍മര ശബ്ദമായ്
കാതില്‍ അലയടിക്കുന്നു
നിന്റെയാ മൃദു നിസ്വനം
പണ്ടു നിന്‍ രൂപമൊന്നെന്റെ
ഹൃദയത്തില്‍ കണ്ടിരുന്നു ഞാന്‍
ഇന്നായിരം മടങ്ങായ് നീ
തെളിയുന്നൂ ചിത്ത ദര്‍പ്പണേ
കൊള്ളാം
ReplyDelete