Friday, December 11, 2009

മനസ്സില്‍ കിനിയുന്ന രവീന്ദ്രസ്മൃതി

അടുത്ത കോളേജ്‌ മാഗസിനില്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററെ അനുസ്മരിചു ഞാന്‍ ഒരു ചെറിയ ലേഖനം എഴുതി.

മനസ്സില്‍ കിനിയുന്ന രവീന്ദ്രസ്മൃതി
-------------------------------------------------
മലയാളികളുടെ ഹൃദയങ്ങളില്‍ സ്വരങ്ങളുടെ അമൃതവര്‍ഷിണി രാഗം ഇനി പെയ്തിറങ്ങില്ല,
സ്മൃതിയുടെ ഉള്‍ത്താളുകളില്‍ എവിടെയൊ കുടുങ്ങിപ്പോയ ഗൃാ‍തുരത്വത്തെ നാം കണ്ടെത്തുമ്പോഴും അവ പറഞ്ഞു തീര്‍ക്കുവാന്‍ വാക്കുകളില്ലാതെ നാം വിഷമിക്കും. മലയാളിയുടെ ജീവിതത്തില്‍ ശുദ്ധസംഗീതത്തിന്റെ സ്വനതന്ത്രികള്‍ മീട്ടിയെത്തിയ കളരാജഹംസം തിരിഞ്ഞു നോക്കാതെ പറന്നകന്നിരിക്കുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ ഇനി വെറും ഓര്‍മ്മ മാത്രം.

തികച്ചും ആകസ്മികമായി രവീന്ദ്രന്‍ മാസ്റ്ററുടെ ചിത്രം റ്റി.വി. യില്‍ കണ്ടപ്പോള്‍ തന്നെ ഏതൊക്കെയോ ദുഃശകുനങ്ങള്‍ ഞാന്‍ കണ്ടിരുന്നു.മരണവാര്‍ത്ത സ്ഥിരീകരിച്ചപ്പോള്‍ എന്തെന്നറിയാത്ത ഒരു നഷ്ടബോധം. ആ നഷ്ടബോധത്തിന്റെ നടുക്കത്തിലിരുന്നുകൊണ്ട്‌ ഞാന്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തുപോയി. 2004 ലെ കോളേജ്‌ മാഗസിനുവേണ്ടി രവീന്ദ്രന്‍ മാസ്റ്ററുടെ അഭിമുഖത്തിനായി കലൂരിലെ അദ്ദേഹത്തിന്റെ വസതിയിലദ്ദേഹവുമൊത്തു ചിലവഴിച്ച നിമിഷങ്ങള്‍.
അഭിമുഖത്തിനായി നിയുക്തരായവര്‍ ഞങ്ങള്‍ നാലുപേരായിരുന്നു. ഞാന്‍,സഫീറുസ്സലാം,കൃഷ്ണകുമാര്‍,നിതിന്‍. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ്‌, കോളേജ്‌ ബസ്സില്‍ കയറി ഞങ്ങള്‍ പുറപ്പെട്ടു. ഒരു പ്രശസ്ത വ്യക്തിയെ, അതിലുപരി സംഗീതത്തിന്റെ ഓരോ ഭാവവും ജീവിതമാക്കിയ ഒരു മനുഷ്യനെ കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു ഞങ്ങള്‍. നേരത്തേ തയ്യാറാക്കിയ ചോദ്യാവലികളൊടുകൂടി, പുതിയവ കൂട്ടിച്ചേര്‍ത്ത്‌ ആഴവും പരപ്പുമേറിയ ഒരു അഭിമുഖമാക്കണം ഇത്‌ എന്ന ചിന്ത ഞങ്ങളിലുണ്ടായിരുന്നു. എന്റെ ഹൃദയത്തിലും ഒരു അനിര്‍വചനീയമായ സന്തോഷം ഉണ്ടായിരുന്നു.
കലൂരില്‍ ബസ്സിറങ്ങി ഞങ്ങള്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മന്റ്‌ ലക്ഷ്യമാക്കി നടന്നു. വഴിയില്‍ നിന്ന് അഭിമുഖം പകര്‍ത്തിയെടുക്കുവാന്‍ പേപ്പറും മറ്റും വാങ്ങി.
വാതില്‍ തുറന്ന് ഞങ്ങളെ അകത്തേക്ക്‌ ക്ഷണിച്ചതിനു ശേഷം ചെയ്തുകൊണ്ടിരുന്ന ഏതൊ ഒരു കാര്യം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം അകത്തേക്കു ചെന്നു. ഞങ്ങളെല്ലാവരും തന്നെ അദ്ദെഹത്തിന്റെ ദര്‍ശനത്താല്‍ ഉത്സാഹഭരിതരായിരുന്നു.സന്തോഷത്തോടെ ഞങ്ങള്‍ പരസ്പരം അടക്കം പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം മാസ്റ്റര്‍ പുറത്തേക്കു വന്നു. കാര്യങ്ങല്‍ അന്വേഷിച്ച ശേഷം അഭിമുഖത്തിനായി അദ്ദേഹം ഇരുന്നു. എതിര്‍വശത്ത്‌ ഞങ്ങളും.
തടിച്‌ ഉയരം കൂടിയ ശരീരപ്രകൃതി, സമൃദ്ധമായ താടി, മുടി കൊഴിഞ്ഞു തുടങ്ങിയ ശിരസ്സ്‌, പ്രസാദാത്മകമായ മുഖം, മനസ്സ്‌ നിറയുന്ന സാമീപ്യം.....
ഞങ്ങള്‍ അറിഞ്ഞ്‌ അനുഭവിക്കുകയായിരുന്നു സംഗീതം ജീവച്ഛ്വാസമാക്കിയ ഒരു മഹാനുഭാവനെ. ഹൃദയഹാരികളായ മൃദുലഗാനങ്ങള്‍ നല്‍കിയ സംഗീതജ്ഞനെ. നിശ്ചയദാര്‍ഢ്യം കൊണ്ട്‌ ഉയരങ്ങള്‍ കീഴടക്കിയ ഒരു സാധാരണക്കാരനെ.

ഏങ്ങിനേ തുടങ്ങണം എന്നതിനെക്കുറിച്‌ ഞങ്ങള്‍ക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല. ഞങ്ങളില്‍ എല്ലാവര്‍ക്കും ഇത്‌ ആദ്യത്തെ അനുഭവമായിരുന്നു. രവീന്ദ്രന്‍ മാഷുടെ തൊട്ടടുത്ത്‌ ഇരുന്നത്‌ ഞാനായിരുന്നു. സ്വാഭാവികമായും ഞാനായിരുന്നു തുടങ്ങേണ്ടിയിരുന്നത്‌. പക്ഷെ അതിനൊക്കെ മുന്‍പെ, 'മക്കളെ' എന്ന അഭിസംബോധനയോടെ രവീന്ദ്രന്‍ മാസ്റ്റര്‍ ഞങ്ങളോട്‌ സംസാരിച്ചു തുടങ്ങി.
തുടക്കത്തില്‍ അദ്ദേഹം സംസാരിച്ചത്‌ സംഗീതത്തെക്കുറിച്ചായിരുന്നില്ല. ഒരു ചോദ്യവും ചോദിക്കാതെ തന്നെ അദ്ദേഹം സ്വജീവിതാനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെച്ചു. ഇന്നത്തെ തലമുറയിലെ യുവ ജനങ്ങളെക്കുറിച്ചും, അവരുടെ ഇടയിലെ നന്മ വറ്റിപ്പോകുന്നതിനെക്കുറിച്ചും മറ്റും ഉദാഹരണങ്ങളോടെ സരസമായി അദ്ദേഹം പറഞ്ഞു. അപ്പോള്‍ അവിടെ കണ്ടത്‌, സമൂഹത്തിന്റെ അഭ്യുദയനിഃശ്രേയസങ്ങള്‍ക്കു വേണ്ടി തുടിക്കുന്ന ഒരു മനസ്സാണു,
സൃഷ്ടിതലത്തെ അതിലംഘിച്ച്‌ സമഷ്ടിതലത്തിലേക്കുയര്‍ന്ന ഒരു ചിന്താസരണിയാണു.

ഇടക്കിടെ ഞങ്ങലുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞും സാന്ദര്‍ഭികമായ സംശയങ്ങള്‍ക്ക്‌ മറുപടി പറഞ്ഞും അദ്ദേഹം തുടര്‍ന്നു.
'സ്വന്തം മക്കളോടെന്ന വണ്ണമാണു നിങ്ങളോടു ഞാന്‍ സംസാരിക്കുന്നതെന്ന്' ഇടക്കിടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ക്ക്‌ തിരിച്ചും ഉളവായ വികാരങ്ങള്‍ പിതൃതുല്യമായ ആദരവായിരുന്നു.
ക്രമേണ, സ്വന്തം ജീവിതസാഹചര്യങ്ങളും,വളര്‍ന്നു വന്ന വഴികളും അദ്ദേഹം വിശദീകരിച്ചു തന്നു. കുളത്തൂപ്പുഴ രവി എന്ന സാധാരണക്കാരന്‍ എങ്ങിനേ രവീന്ദ്രന്‍ മാസ്റ്ററായി എന്നതു ഞങ്ങല്‍ കേട്ടു. അവിടെ പട്ടിണിയുടേയും ഇല്ലായ്മയുടേയും കണ്ണുനീരുപ്പുണ്ടായിരുന്നു. ഒഴിവാക്കപ്പെടലിന്റെ നൊമ്പരമുണ്ടായിരുന്നു. കഠിനാദ്ധ്വാനത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ പതറാതെ താന്‍ നിന്നത്‌ ഒട്ടൊരു അഭിമാനത്തോടുകൂടി തന്നെയാണു അദ്ദേഹം പറഞ്ഞത്‌. ആതിനു സാക്ഷ്യമേകാനെന്നവണ്ണം ആ വീടിന്റെ ചില്ലലമാരകള്‍ നിറയെ പുരസ്കാരങ്ങള്‍ ചിരിച്ചുകൊണ്ട്‌ നിന്നു.

യേശുദാസിനെക്കുറിച്ചും, പുതിയ ഗായകരെക്കുറിച്ചുമെല്ലാം തികഞ്ഞ ശാന്തതയോടെ അദ്ദേഹം പറഞ്ഞു. താന്‍ സ്നേഹിക്കുന്ന ഗ്രാമവിശുദ്ധിയെക്കുറിച്ചും ഇടക്കിടെ സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു.
സംഭാഷണത്തിനിടയില്‍ 'വടക്കും നാഥന്‍' എന്ന ചിത്രത്തിനു വേന്റി യേശുദാസ്‌ പാടിയ 'ഗംഗേ' എന്ന ഗാനം ഞങ്ങളെ കേള്‍പ്പിച്ചു.സംഭാഷണത്തിനിടയില്‍ എത്തിയ ഹരിദാസ്‌ എന്ന സംവിധായകനെ ഞങ്ങല്‍ക്കു പരിചയപ്പെടുത്തി.
ഠികഞ്ഞ ഈശ്വരവിശ്വാസിയാണു ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന് ഞങ്ങള്‍ക്ക്‌ ബോധ്യമായി. സ്വന്തം സംഗീതവും അതിനാല്‍ നേടിയ പ്രശസ്തിയുമെല്ലാം ശ്രീ പാവക്കുളത്തപ്പന്റെ അനുഗ്രഹം എന്നു പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞു. 'താഴ്മ താന്‍ അഭ്യുന്നതി' എന്ന കവിവചനത്തിന്റെ പൊരുള്‍ എനിക്ക്‌ ബോധ്യമായത്‌ അവിടെ വെച്ചാണു.
സംഗീതത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക്‌ വളരെ വിശദമായിത്തന്നെ അദ്ദേഹം മറുപടി പറഞ്ഞു. ഞങ്ങളുടെ സംശയങ്ങളെ ഗുരുനിര്‍വിശേഷമായ അവധാനതയോടെ നിവൃത്തി വരുത്തി തന്നു.












രണ്ടര മണിക്കൂര്‍ നേരത്തെ സംഭാഷണം കഴിഞ്ഞപ്പോള്‍ തികച്ചും നൂതനമായ ഒരനുഭവമായിരുന്നു ഞങ്ങള്‍ക്ക്‌. ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനായതു പോലെ. ഞങ്ങളുടെ അപേക്ഷപ്രകാരം അദ്ദേഹം ഫോട്ടോക്ക്‌ ഇരുന്നു തന്നു.
രവീന്ദ്രന്‍ മാസ്റ്ററുടെ കാല്‍തൊട്ടു വന്ദിച്ച്‌, യാത്ര പറഞ്ഞു പിരിയുമ്പോള്‍, മനസ്സ്‌ നിറഞ്ഞിരുന്നു. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും ഹൃദയം ശക്തിമത്തായിരുന്നു. ജീവിതത്തില്‍ നല്ല നിലയില്‍ എത്തിച്ചേരും എന്ന അദ്ദേഹത്തിന്റെ അനുഗ്രഹം പുതിയൊരു ഉണര്‍വ്വിനു വിത്തു പാകിയിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇന്ന് കേരളം മുഴുവന്‍ ദുഃഖിക്കുകയാണു.
നമ്മെ ആനന്ദിപ്പിച്ചിരുന്ന ആ സംഗീതം നിലച്ചിരിക്കുന്നു. മലയാളികളുടെ സ്വത്വത്തെ ഉണര്‍ത്തിയ രാഗതാളങ്ങള്‍ നിന്നുപോയിരിക്കുന്നു.
ജീവിതരാഗത്തില്‍ അപശ്രുതിയായി കാലം അദ്ദേഹത്തെ കവര്‍ന്നെടുത്തിരിക്കുന്നു. നമ്മളെപ്പോലുള്ള സാധാരണക്കാരോടു പോലും ഇത്രമേല്‍ ഹൃദ്യമായി പെരുമാറുന്ന ആ വിശാലഹൃദയത്തിന്റെ ഉടമ വേര്‍പിരിഞ്ഞു പോയിരിക്കുന്നു.
ഹൃദയത്തില്‍ നൊമ്പരത്തോടെ,
കലങ്ങിയ മനസ്സോടെ നാമും അത്‌ അംഗീകരിച്ചേ മതിയാകൂ.
കാലം അകാലത്തില്‍ കവര്‍ന്നെടുത്ത ആ സംഗീതപ്രതിഭയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്‌.............

2 comments:

  1. Hi,
    Good to read about legendary Raveendran master.

    -MS Raj

    ReplyDelete
  2. രവിന്ദ്രന്‍ മാഷെകുറിച്ചുള്ള ഓര്മ നന്നായി.
    ഇനിയും വരാം..

    ReplyDelete