Friday, December 11, 2009

ഹരിമുരളീരവം

2004 കോളേജ്‌ മാഗസിനു വേണ്ടി ശ്രീ രവീന്ദ്രന്‍ മാഷെ ഇന്റര്‍വ്യൂ ചെയ്യന്‍ സാധിച്ചതു എന്റെ ജീവിതത്തിലെ എറ്റവും അനര്‍ഘമായ നിമിഷമാണു. ആ മഹാ സംഗീതജ്ഞന്റെ സാമീപ്യം അനുഭവിച്ച രണ്ടര മണിക്കൂര്‍ നേരം.....
2004 മാഗസിനില്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂ...

ഹരിമുരളീരവം
------------------

അതിര്‍ വരമ്പുകളില്ലത്ത അനഘ സംഗീതത്തിന്റെ ലയമാധുര്യം എതെതു മനസ്സുകളെയാണു ആര്‍ദ്രമാക്കാത്തത്‌? അനന്തമായ ഈ പാലാഴിയില്‍ നീന്തുന്നതിനോടൊപ്പം സ്വജീവിതരാഗങ്ങള്‍ ആലപിച്ച്‌ നമ്മെ അത്ഭുത ലോകത്തേക്ക്‌ പിടിച്ചുയര്‍ത്തുന്ന അപൂര്‍വ്വ പ്രതിഭയായ ശ്രീ. രവീന്ദ്രന്‍ മാഷുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസ്ക്ത ഭാഗങ്ങളാണിവിടെ കുറിക്കുന്നത്‌.
ചൂള എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തു പ്രവേശിച്ച അദ്ദേഹം അതുവരെ മലയാളം അനുഭവിച്ചിട്ടില്ലാത്ത, ഹൃദയത്തില്‍ നിന്നുമൊഴുകിയെത്തുന്ന ഒരു ആത്മസംഗീതത്തിന്റെ ഉള്ളറകള്‍ തുറന്നിട്ടു.
കലൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ ഞങ്ങളോട്‌ ഔപചാരികതയുടെ മുഖമൂടിയില്ലാതെ ചിരപരിചിതമായ ശൈലിയില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങി.....

? സാറിനു സംഗീതവുമായുള്ള ബന്ധം തുടങ്ങുന്നത്‌?
- ഞാന്‍ ജനിച്ചത്‌ കൊല്ലം ജില്ലയിലെ ചെങ്കോട്ടക്കടുത്തുള്ള കുളത്തൂപ്പുഴ എന്ന ഒരു നാട്ടിന്‍പുറത്താണു. പാരമ്പര്യമായി എനിക്ക്‌ സംഗീതത്തിന്റെ സാധ്യതകളേറെ ഇല്ല. ഒരു കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്‌.
പിന്നെ.... ഈശ്വരവരദാനം എന്നു പറയാം, ഞാന്‍ മ്യൂസിക്‌ കോളേജില്‍ ചേര്‍ന്നു. 4 വര്‍ഷം ഗാനഭൂഷണം കോഴ്സ്‌ ചെയ്തു.

?ഗാനസംവിധാന രംഗത്തേക്കുള്ള കടന്നു വരവ്‌?
- ഞാന്‍ ഇന്നതാകണം എന്നു മോഹസ്വഭാവമുള്ള ആളല്ല, ആരുടെ മുന്‍പിലും കൈ കാണിക്കാതെ ജീവിക്കണം എന്നേ ഉള്ളൂ. 10-40 പടങ്ങളില്‍ ഞാന്‍ പാടിയിട്ടുണ്ട്‌. ആദ്യമായി പാടിയത്‌ വെള്ളിയാഴ്ച എന്ന പടത്തിലായിരുന്നു. ബാബുരാജ്‌ സംഗീത സംവിധാനം ചെയ്ത്‌ സത്യന്‍ മാഷ്‌ അഭിനയിച്ച പടമായിരുന്നു അത്‌.
ഞാന്‍ ഇന്നതെ ചെയ്യൂ എന്നു പിടിവാശിയുള്ള ആളല്ല, ആയതിനാല്‍ തന്നെ ഞാന്‍ ഒരു ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റു കൂടി ആയിരുന്നു. രതീഷ്‌, ദേവന്‍, കമലഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊക്കെ ഞാന്‍ ശബ്ദം നല്‍കിയിട്ടുണ്ട്‌. പിന്നീടാണു ഞാന്‍ ഗാനസംവിധാന രംഗത്തെക്കു കടന്നു വന്നത്‌. യേശുദാസിന്റെ സഹായം ഇതില്‍ എനിക്കു എടുത്തു പരയേണ്ടതാണു.ചൂള എന്ന പടത്തിലാണു ഞാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്തത്‌.

?സംഗീതത്തിന്റെ അനുഭവം എങ്ങിനേ?
-മുദ്രപ്പത്രത്തില്‍ ടൈപ്പ്‌ ചെയ്യേണ്ട ഒന്നല്ല സംഗീതം. അതൊരു സൃഷ്ടിയാണു. അത്ഭുതപൂര്‍വ്വമായ ഒരു സൃഷ്ടി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണത്‌.

?കോളേജ്‌ ക്യാമ്പസിലെ ഒര്‍മ്മകള്‍?
- ഞാന്‍ പഠിക്കുന്ന കാലത്ത്‌ ജീവിതം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു. പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്‌. ഞാനും വിജയന്‍ എന്ന ഹാര്‍മ്മോണിസ്റ്റും മണി എന്ന തബലിസ്റ്റും ചേര്‍ന്ന്‌ തമ്പാനൂര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു ബസ്സ്‌ കയറും. ആദ്യം കാണുന്ന സ്കൂളില്‍ ഞങ്ങള്‍ മൂന്നു പെരും ഇറങ്ങും..... ഞങ്ങല്‍ സ്കൂളിലെ പ്രിന്‍സിപ്പാളിനെ കന്ദ്‌ ഞങ്ങളുടെ ദയനീയത അവതരിപ്പിക്കും. ചിലര്‍ പാട്ടു പാടാന്‍ അനുവാദം തരും. അങ്ങിനെ സ്കൂളില്‍ ഞങ്ങള്‍ പാടും. കുട്ടികള്‍ തരുന്ന ചില്ലറ ഞങ്ങള്‍ സ്വീകരിക്കും...
ആങ്ങിനെ ഒരു 100 രൂപയെങ്കിലും ഞങ്ങള്‍ക്ക്‌ കിട്ടും, ഒരാഴ്ചക്ക്‌ അന്ന്‌ അതു തന്നെ ധാരാളം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ന്‌ അത്‌ ഒരു ഭിക്ഷാടനമായിരുന്നു.പക്ഷെ.... ഒരു അഭിമാനത്തിന്റെ ഭിക്ഷാടനമായിരുന്നുവെന്നു മാത്രം.

?ക്യാമ്പസില്‍ അന്നത്തെ സഹപാഠികള്‍?
-അന്ന്‌ ഞാന്‍ ദസേട്ടന്റെയൊക്കെ ജൂനിയര്‍ ആയിരുന്നു. എം.ജി. രാധാകൃഷ്ണനൊക്കെ അന്ന്‌ ദാസേട്ടന്റെ കൂടെ അവിടെ പഠിക്കുന്നുണ്ടായിരുന്നു.

?യേശുദാസിനെക്കുറിച്ച്‌ അന്നത്തെ ഓര്‍മ്മകള്‍?
-ദസേട്ടനെ ഇന്നത്തെപ്പൊലെ ഞാന്‍ അന്ന്‌ അടുത്തറിയില്ലായിരുന്നു. അല്ലെങ്കില്‍ അദ്ദെഹത്തെ എല്ലവരും ഒഴിവാക്കുകയായിരുന്നു എന്നു പറയാം. അന്ന് അദ്ദെഹത്തിന്‍ വളരെ പട്ടിണിയുടെയും ദുരിതങ്ങളുടേയും കാലമായിരുന്നു. ഉച്ചഭക്ഷണത്തിന്റെ ഒഴിവില്‍ എല്ലാവരും ഭക്ഷണം കഴിക്കാന്‍ വെണ്ടി പോകുമ്പോള്‍, അദ്ദേഹം കോളേജ്‌ ക്യാമ്പസിലെ ഒരു മാവിന്‍ ചുവട്ടിലുള്ള സര്‍ക്കാര്‍ പൈപ്പില്‍ നിന്നും വെള്ളാം കുടിക്കുന്നത്‌ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്‌. അതായിരുന്നു അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം.അന്ന് ഞങ്ങളുടെ ഹോസ്റ്റലിന്റെ അടുത്ത്‌ ഒരു അമ്പലമുണ്ടായിരുന്നു. രാവിലെ ഞങ്ങള്‍ എണീക്കുമ്പോഴെക്കും 6-7 മണിയാകും. എന്നാല്‍ അന്ന് എന്നും കാലത്ത്‌ മൂന്നര മണിക്ക്‌ അമ്പലത്തിലെ നിര്‍മ്മാല്ല്യം കണ്ടു തൊഴുന്ന ആദ്യഭക്തന്‍ ദസേട്ടനായിരുന്നു. അതെ, ക്രിസ്ത്യാനിയായ ദാസേട്ടന്‍.

?ഇഷ്ടപ്പെട്ട രാഗം?
-എന്റെ മൂന്നു മക്കളും എനിക്ക്‌ ഒരുപോലേയാണു. അതു പോലെതന്നെയാണു എനിക്ക്‌ എല്ലാ രാഗങ്ങളും.

?പുതിയ ഗായകരെപ്പറ്റി?
-സിനിമയില്‍ പാടുക, ഒരു പിന്നണി ഗായകന്‍/ഗായിക ആകുക. പിന്നെ ഗാനമേളകള്‍ നടത്തുക.....ഇങ്ങനെ ആയാല്‍ വന്നിടത്ത്‌ നില്‍ക്കുകയേ ഉള്ളൂ. ഒരു പടി മുന്നോട്ടു കയറുകയില്ല. സംഗീതത്തിനു സ്വയം ഡെഡിക്കേറ്റ്‌ ചെയ്യുക, തുടര്‍ച്ചയായി പരിശീലിക്കുക, എങ്കിലേ വിജയിക്കൂ.....

?അവാര്‍ഡുകള്‍?
- ഞാന്‍ 600-ളം പടത്തില്‍ സംഗീതം നല്‍കി. ഓരോ പടത്തിലും ചുരുങ്ങിയത്‌ 4 പാട്ടോളം ചെയ്തു. അങ്ങിനെ മൊതം 2400 പാട്ടുകള്‍ ചെയ്തു. ഈ പാട്ടുകളാണു എന്റെ ഏറ്റവും വലിയ അവാര്‍ഡ്‌.

?എന്തു കൊണ്ട്‌ സാറിന്റെ മിക്ക പാട്ടുകളും ദാസെട്ടനെ കൊണ്ട്‌ പാടിക്കുന്നു?
- എനിക്കു നല്ലതെന്നു തോന്നുന്നതാണു ഞാന്‍ ചെയ്യാറു. ഞാന്‍ ഭാഷയേയും സംഗീതത്തേയും ഒരു പോലെ സ്നെഹിക്കുന്നവനാണു. അതുകൊണ്ടു തന്നെ അതു രണ്ടും ഭംഗിയായി കൈകാര്യം ചെയ്യാന്‍ ദാസിനറിയാം.

?മാറി വരുന്ന മലയാള ചലച്ചിത്ര സംഗീതത്തെക്കുറിച്ച്‌?
- പഴയ, മണ്ണിന്റെ മണമുള്ള സംഗീതത്തില്‍ നിന്നും, അര്‍ത്ഥത്തിന്റെ ആഴമുള്ള കവിതകളില്‍ നിന്നും മാറി, കറുപ്പിനഴകിനും,പൈനാപിളിനും ലജ്ജാവതിക്കും അഡിക്റ്റാവുന്നുവെങ്കില്‍, അല്ലെങ്കില്‍.... അവ കേട്ടു നാം ആടുന്നുവെങ്കില്‍, അത്‌ ഒരു തരം ഒളിച്ചോട്ടമാണു. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം.

?ഓണത്തേക്കുറിച്ചുള്ള ഓര്‍മകള്‍?
- ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ച്‌ വളര്‍ന്നവനാണു.ഞാന്‍ ഇപ്പോഴും മനസ്സു കൊണ്ട്‌ ഒരു ഗ്രാമീണനാണു.കൈവിട്ടു പോകുന്ന പഴയ കലാരൂപങ്ങളെക്കുറിച്‌ ദു:ഖിക്കുന്നവനാണു. മഞ്ഞളില്‍ മുക്കിയ കസവു മുണ്ടുടുത്ത്‌, അമ്പലത്തില്‍ തൊഴാന്‍ പോകുന്നതുമന്നത്തെ സാമ്പാരും പായസവും ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്‌.ഇന്ന് എല്ലാം മാറി......ഓണം ചാനലുകാര്‍ക്ക്‌ മാത്രമുള്ള ആഘോഷങ്ങളായി മാറി. പായസം വരെ റെഡിമെയ്ഡ്‌ ആയി. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ന് ഓണം 'ഓണച്ചന്തകള്‍'ആയി മാറിയിരിക്കുന്നു.
ആള്‍ക്കൂട്ടത്തില്‍ തനിച്ചാണു ഇന്ന് മലയാളി. അവന്‍ ആഗോളനായതിനോടൊപ്പം അവനു അയല്‍ക്കരന്‍ ആരുമല്ലാതായി. ആര്‍ക്കും മുഖമില്ല. മുഖാവരണങ്ങളേ ഉള്ളൂ.കമ്പോള കാമമാണു ജീവിതം എന്നു തെറ്റിദ്ധരിച്ചു പൊയ മലയാളിയുടെ മനസ്സ്‌ രോഗാതുരമാണു. എവിടെയും പ്രലോഭനങ്ങളേ ഉള്ളൂ.പ്രതികരണശേഷി നഷ്ടമാവുകയാണു.അല്ലെങ്കില്‍ പ്രതികരിച്ചതു കൊണ്ട്‌ ഇവിടെ ഒന്നും സംഭവിക്കാതിരിക്കുകയാണു. മലയാളിക്കു നഷ്ടമായ ഈ വക ഗുണങ്ങളുടെ വീണ്ടെടുപ്പ്‌ മാത്രമാണു പോംവഴി.

ആസ്വസ്ഥതയുടെ നേരിയ ഭാവം പോലുമില്ലാതെ രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സംഭാഷണം കഴിഞ്ഞപ്പോളേ അദ്ദെഹത്തിനോടുള്ള ബഹുമാനം മുന്‍പത്തേക്കളേറെ വര്‍ദ്ധിച്ചിരുന്നു.
ചടുലമായ സംഗീതം അരങ്ങു തകര്‍ക്കുമ്പോഴും പൈമ്പാലിന്റെ വിശുദ്ധിയാര്‍ന്ന സംഗീതധാര മനുഷ്യമനസ്സുകളില്‍ പ്രവഹിപ്പിച്ച്‌, ജീവന്‍ നിലക്കാതെ ഞരമ്പുകളില്‍ അതിന്റെ തുടിപ്പ്‌ തീര്‍ക്കുന്ന ആ ഹരിമുരളീരവം ഇപ്പോള്‍ കൂടുതല്‍ ഹൃദ്യമാണു.
ഈശ്വരന്‍ നിരച്ചുകൊടുത്ത ഈ ദധികുംഭം ഇങ്ങനെ എന്നെന്നും നിറഞ്ഞു തുളുമ്പുവാന്‍,
സംഗീതത്തിന്റെ രവീന്ദ്ര ശംഖധ്വനി നമ്മിലെ നമ്മെ തുയിലുണര്‍ത്തുവാന്‍,
തളരാത്ത ചിറകുമായി കൂടുതല്‍ ഉയരങ്ങളിലേക്കു പറക്കുവാന്‍ അദ്ദെഹത്തിനാകട്ടേയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

2 comments: