വിമാനത്തിൽ തനിച്ചിരുന്ന് ഞാൻ ഒരാഴ്ചക്കാലം ആലോചിച്ചു. എന്തൊരത്ഭുത യാത്രയായിരുന്നു അത്? എന്തൊക്കെ കാഴ്ചകൾ? എന്തൊക്കെ അനുഭവങ്ങൾ? എത്ര സ്നേഹം? എന്തൊരു നിർവൃതി? ഈശ്വരാനുഗ്രഹം തലക്ക് മുകളിൽ നിന്ന് ധാരധാരയായി വാർന്ന നിമിഷങ്ങൾ..... എയർപോർട്ടിൽ വെച്ച് എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പോരുമ്പോൾ മനസ്സിൽ ഒരല്പം വിഷാദം തോന്നിയിരുന്നു എന്നത് ശരി. പക്ഷെ അനിവാര്യമായ കൂടിച്ചേരലുകൾക്ക് ഒരു വിരാമം ഇടക്കാവശ്യമാണല്ലോ.
ഉച്ചഭക്ഷണം കഴിഞ്ഞ് ഭുവനേശ്വർ എത്തിയപ്പോളേക്ക് വൈകുന്നേരമായിരുന്നു. പോകുന്ന വഴിയിൽ മുക്തേശ്വർ ക്ഷേത്രം കണ്ടു. ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു അമ്പലം. മുക്തേശ്വർ വേണോ ലിംഗരാജ് വേണോ എന്ന ചിന്തക്കൊടുവിൽ ലിംഗരാജ് ക്ഷേത്രം തിരഞ്ഞെടുത്തിരുന്നു. മുക്തേശ്വരനെ അകലെ നിന്ന് മനസാ തൊഴുത് ഞങ്ങൾ അവസാനത്തെ സ്റ്റോപ്പിലേക്ക് എത്തിച്ചേർന്നു.
ലിംഗരാജ് ക്ഷേത്രം ഭുവനേശ്വറിലെ ഏറ്റവും വലിയ അമ്പലമാണ്. ജഗന്നാഥക്ഷേത്രത്തിനും മുൻപാണ് ഇത് നിർമ്മിച്ചത്. കലിംഗ വാസ്തുവിദ്യയിൽ തീർത്ത ഇതിന്റെ പ്രധാനഗോപുരം പുരിയിലേത് പോലെത്തന്നെയാണ്. 180 അടിയാണ് ഇതിന്റെ ഉയരം. അനേകം ഉപക്ഷേത്രങ്ങൾ നിറഞ്ഞ അതിബൃഹത്തായ ഒരു അമ്പല കോംപ്ലക്സ് ആണ് ഇവിടുത്തേത്.വണ്ടി പാർക്ക് ചെയ്ത് അമ്പലത്തിലേക്കെത്താൻ ഞാൻ ഒരല്പം വൈകി. അവിടെ ചെല്ലുമ്പോൾ എന്തൊക്കെയോ തർക്കങ്ങൾ കഴിഞ്ഞ് ബാക്കിയുള്ളവർ നിൽക്കുന്നു. ചോദിച്ചപ്പോളാണ് വിവരമറിഞ്ഞത്. അവിടുത്തെ ഒരു കച്ചവടക്കാരൻ അമ്പലമതിലിലേക്ക് മൂത്രമൊഴിച്ചത് കണ്ട സതീഷേട്ടൻ അയാളെ ചോദ്യം ചെയ്തു. നീയാരെടാ ചോദിക്കാൻ എന്ന മട്ടിൽ പെരുമാറിയ അയാൾക്ക് പിന്നീട് പോലീസ് ഉദ്യോഗസ്ഥരോടാണ് സമാധാനം പറയേണ്ടി വന്നത്. എല്ലാവരും സതീഷേട്ടനെ അഭിനന്ദിച്ചു.
ലിംഗരാജ ക്ഷേത്രം അതിവിശാലമായ ഒന്നാണ്. ഗംഗാ രാജവംശത്തിനും നൂറ്റാണ്ടുകൾക്ക് മുൻപ് യയാതി-1 എന്ന സോമവംശി രാജാവാണ് ഇവിടെ ക്ഷേത്രം പണി ആരംഭിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാർ അത് വിപുലമാക്കി. ഇവിടെയും അകത്ത് ഫോട്ടോഗ്രാഫി പാടില്ല. നിരവധി കുഞ്ഞുകുഞ്ഞ് അമ്പലങ്ങൾ ഉള്ള മതിൽക്കകം. ഞങ്ങൾ വരി നിന്ന് അകത്തുകയറി തൊഴുതു. അമ്പലത്തിന്റെ നാലുപാടും നടന്നുകണ്ടു. പുരിയിൽ നിന്ന് വളരെ വ്യത്യസ്തമല്ല ഇവിടുത്തെ നിർമ്മിതിയും. മുകളിലെ സുദർശനചക്രമില്ല. പകരം ത്രിശൂലമാണ്. തിരക്ക് കുറവായതിനാൽ എല്ലാം വളരെ ഭംഗിയായി ചുറ്റിക്കണ്ടു.
അമ്പലത്തിൽ വിഷ്ണുവിനും ഒരു ശ്രീകോവിലുണ്ട്. പിൽക്കാലത്ത് വൈഷ്ണവസമ്പ്രദായം ശക്തിപ്രാപിച്ചപ്പോൾ നിർമ്മിച്ചതാകും എന്നാണ് നിഗമനം. എന്തായാലും ശൈവരും വൈഷ്ണവരും ശത്രുക്കളായിരുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താക്കുന്നതാണ് ഇവിടെ കണ്ടത്. അമ്പലത്തിൽ നിന്ന് അധികം വൈകാതെ ഇറങ്ങി. ഇനി ഞങ്ങൾക്ക് ഹോട്ടൽ കലിംഗയിലേക്കാണ് പോകേണ്ടത്. സുനിത ഡോക്ടറും മുരളിയേട്ടനും ഇന്നവിടെ തങ്ങും.വണ്ടി ഹോട്ടലിനടുത്ത് ഒരു തുറന്ന ഇടത്തിൽ പാർക്ക് ചെയ്ത് അവരുടെ സാധനങ്ങളിറക്കി ഹോട്ടലിൽ എത്തിച്ചു. യാത്രപറഞ്ഞു. വളരെ ഊഷമളമായി ഞങ്ങളെ അവർ യാത്രയാക്കി. ഒരു പ്രധാന കവലക്കരികിലാണ് ഞങ്ങൾ പാർക്ക് ചെയ്തിരുന്നത്. എതിർവശത്ത് ഒരു ഹോട്ടൽ ഉണ്ട്. അവിടെ നിന്ന് രാത്രിക്കുള്ള ഭക്ഷണവും നാട്ടിലേക്കുള്ള മധുരപലഹാരങ്ങളും വാങ്ങി.
ഏതാണ്ട് 7 മണിയോടെ ഞങ്ങൾ ബിജു പട്നായക് എയർപോർട്ടിൽ എത്തി. ഇപ്പോളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിന്റെ മേൽനോട്ടം. പഴയ രീതിയിലുള്ള ഒരു എയർപോർട്ട്. ശുചിമുറികൾ ഉൾപ്പെടെ എല്ലാം നിലവാരം കുറഞ്ഞവ. അവിടെ ലോബിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. മാധവന്റെ ഫ്ലൈറ്റ് ആണ് ആദ്യം. യാത്ര പറഞ്ഞ് മാധവൻ പോയി. എന്റേത് അല്പം കഴിഞ്ഞ്. യാത്രയിലെ മുഹൂർത്തങ്ങൾ അയവിറക്കിയും ചിത്രങ്ങൾ പങ്കുവെച്ചും ഞങ്ങൾ അൽപനേരം കൂടി ഒരുമിച്ചു ചിലവിട്ടു. ഞാൻ ബാംഗ്ലൂർക്കും മറ്റുള്ളവർ ഡൽഹി വഴി കോയമ്പത്തൂർക്കുമാണ് പോകുന്നത്.വിമാനത്തിന്റെ അറിയിപ്പ് വന്നതോടെ എല്ലാവരോടും യാത്രപറഞ്ഞ് ഞാൻ നടന്നു. അനുഗ്രഹം കൊണ്ട് വന്നുചേർന്ന ഒരു അസുലഭമായ തീർത്ഥയാത്രയുടെ മധുരസ്മരണകളുമായി, ഭഗവാന്റെ മടിയിൽ അൽപനേരം ഇരിക്കാനായതിന്റെ കൈവല്യം നുണഞ്ഞുകൊണ്ട്, ചരിത്രവും, ശാസ്ത്രവും, ആദ്ധ്യാത്മികതയും, പച്ചമനുഷ്യരും എല്ലാം ചേർന്ന് നിറംപിടിപ്പിച്ച ഒരാഴ്ചക്കാലത്തിന്റെ മങ്ങാത്ത ഓർമ്മകളുമായി ഞാൻ വിമാനത്തിലേക്ക് കയറി. വിമാനം ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പറന്നുയർന്നു. താഴെ നിന്ന് കലിംഗം പുഞ്ചിരിതൂകി. മുകളിൽ നിന്നുള്ള അനുഗ്രഹവർഷം ഞാൻ ഉൾത്താരിൽ ഏറ്റുവാങ്ങി...
No comments:
Post a Comment