Wednesday, September 6, 2023

ജഗന്മയൻ

 ഓരോ മയിൽപ്പീലിത്തുണ്ടിനുമെത്രയോ-

യേറെക്കഥകൾ ഉണ്ടായിരിക്കും 

ഓരോ മുളന്തണ്ടിനുള്ളിലുമെത്രയോ 

ഗോപികാഗീതമുണ്ടായിരിക്കും 


ഓരോ പശുവിന്നകിടിലുമായിരം

ഓർമ്മ ചുരക്കുന്നുണ്ടായിരിക്കും 

ഓരോ കുസൃതിക്കുടക്കയിലും എൻ്റെ 

കണ്ണൻ്റെ കൺകളുണ്ടായിരിക്കും 


വാക മരങ്ങൾക്ക് കണ്ണന്റെ പൂമേനി 

മൂടിക്കുളിപ്പിക്കാൻ മോഹമത്രേ 

സന്ധ്യകൾക്കാ കാൽകൾ  മൂടും പീതാംബര-

ച്ചാർത്തുകൾ തുന്നുന്ന വേലയത്രേ 


ആറുകൾ മുങ്ങാംകുളിയിട്ടു കാളീന്ദി -  

യാകുവാനുള്ള ശ്രമത്തിലത്രേ 

കുന്നുകൾ ഗോവർദ്ധനത്തിനു നിത്യവും 

വന്ദനമർപ്പിച്ചു നിൽക്കയത്രേ 


പൂമ്പൈതൽ തന്നുടൽച്ചൂടു നുകർന്നാമോ 

ആലിലകൾ വിറപൂണ്ടു നിൽപ്പൂ

രാസരസത്തിൽ മുഴുകിയിട്ടാണാവോ 

ന്ലാവിന്നുദിക്കാൻ മറന്നിരിപ്പൂ 



കാലിണ തൻ്റെ മധുരമോർത്താണാവോ 

ആ കടമ്പിപ്പോഴും പൂത്തു നിൽപ്പൂ 

ആ വായ്ക്കകം കണ്ടു കൺ നിറഞ്ഞാണാവോ 

ആകാശമിന്നുമിരുണ്ടിരിപ്പൂ 


എങ്ങോട്ടു നോക്കിലും നിന്റെ കാൽപ്പാടുകൾ 

കേൾപ്പതിലൊക്കെയും വേണുഗാനം 

ഇജ്ജഗത്താകെയും നീലപ്പൂമേനിയിൽ

ചാർത്തിച്ചതാം വനമാല മാത്രം


കാണ്മതിലൊക്കെയും നിന്നുടെ ഓർമ്മകൾ 

തേന്മധുരം പോൽ കിനിഞ്ഞു നിൽക്കേ 

വേറൊരാനന്ദമീ ഞങ്ങൾക്കു വേണമോ 

നീയാം പരമ രസത്തിൽ മുങ്ങേ!!!

No comments:

Post a Comment