Tuesday, February 21, 2023

ഭഗവത് ചരണം....

ശ്രീ രാമകൃഷ്ണ ജയന്തി ആശംസകൾ 
-----------------------------------------------------
ആരാണു നിത്യ നരകങ്ങളിലാഴുമെന്നെ 
താരാപഥങ്ങളിലെ രാജകുമാരനാക്കി 
നേരിൻ നനുത്ത തിരി നീട്ടിയടുത്തു വന്നോ
രാ രാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ 

പാരിന്റെ വേദനകൾ തീർക്കുവതിന്നു വന്ന 
നാരായണൻറെ അവതാരവരിഷ്ഠനാം നീ 
വേറാരു നിന്നുടെ കണക്കു കൃപാലുവാകാൻ
ആ രാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ 

തീരാത്ത തൃഷ്ണയുടെ വൻ ചുഴിയിൽ കറങ്ങി-
ത്തീരുന്നു ജീവിതമഹോ!! തവ പാദമാകും 
തീരം തൊടുന്ന നിമിഷത്തിൽ കൃതാർത്ഥമാകും 
ആ രാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ 

നീറുന്ന പ്രാണനഭയം, പരിപൂർണ്ണഭക്തി 
ചേരുന്ന നേത്രയുഗളം, സ്മിതമാർന്ന വക്ത്രം 
കാരുണ്യമാകെയുടലാർന്നതു പോലെയാകു-
മാ രാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ 

നൂറായിരം പിഴകൾ കൊണ്ടു നിറഞ്ഞൊരെൻറെ 
ചാരത്തു വന്നു തഴുകുന്നൊരു  രാജഹംസം 
കോരിത്തരിച്ചു തവ ഗാഥകൾ പാടുവാനായ് 
ആ രാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ 

ചോരുന്നു നിൻ സ്മിതമതിൽ കനിവിൻ നിലാവ് 
സാരാത്മകം തവ വചസ്സതിലാത്മഹർഷം 
നേരുന്നു ജന്മദിന മംഗളമെൻ പുരാനാം 
ശ്രീരാമകൃഷ്ണ ചരണങ്ങൾ നമിച്ചിടാം ഞാൻ

1 comment: