Sunday, April 12, 2020

വൈറസ്....

ലോകമിന്നു കോവിഡ് ഭീതിയിലാണ്. അതിലും ഭീതിദമായ വൈറസുകൾ നമുക്കു ചുറ്റുമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും, ഒരു രാഷ്ട്രം എന്ന നിലയിലും നമുക്കുള്ളിൽ കടന്നുകൂടിയ പരകീയ അണുക്കളെ നശിപ്പിക്കാതിരുന്നാൽ, ഈ അണുവിനെ ജയിക്കാൻ സാധിച്ചാലും നാം വിജയിക്കുന്നില്ല...
പുതിയ മ്യൂറ്റേഷനുകളോടെ ഇനിയും അവ ഉയിർക്കൊള്ളും....

------------------------------------------------------------------------------------------------------------------

ലോകമാകെ നടുക്കുന്ന
രോഗം താണ്ഡവമാടവേ
നെഞ്ചിൽ കിതയ്ക്കും ശ്വാസത്തെ
ചുമച്ചു തുപ്പിടുന്നു ഞാൻ

ഓരോരോ  കോശവും രോഗ-
ത്തിന്നായിക്കീഴടങ്ങവേ
പരകീയാണു ജീവന്റെ
സ്വാതന്ത്ര്യം കവരുന്നിതാ

അടച്ചു പൂട്ടിടുന്നൂ ഞാൻ
വർണ്ണം പൂശിയ ജാലകം
ഒരല്പം സ്വസ്ഥതക്കായി
വന്നതാം വഴിയോർക്കവേ

തെറ്റിത്തെറിച്ചു വീണോരു
തുപ്പലിന്നുള്ളിൽ നിന്നു ഞാൻ
ഉള്ളിലാക്കിയ കീടാണു
വളരുന്നതനുക്ഷണം

എപ്പോൾ കയറിയെന്നോ അ -
തെങ്ങു നിന്നാണു വന്നതെ-
ന്നറിയില്ലയതെന്നാലും
രോഗം മൂർച്ഛിച്ചിരിപ്പിതാ

സ്വതന്ത്രമായ് നടക്കേണ്ട
നേരം ചങ്ങലയിട്ട പോൽ
 ബന്ധനഗ്രസ്തനായീടും
മദാത്മാവലറുന്നിതാ

കോടിക്കണക്കിനാത്മാവിൻ
പരിതാപാഗ്നിയാളവേ
വെന്തു പോകുന്നു നൈർമല്യം
കണി കാണിച്ച പൈതൃകം

പരന്നുപകരിക്കാനായ്
ജീവിച്ച മൽപിതാമഹർ
തിലോദകം ലഭിക്കാതെ
 ദാഹത്തോടുഴറുന്നിതാ

ജീവലക്ഷ്യം വരച്ചിട്ട
പനയോലകൾ കത്തവേ
പൊടി പാറിച്ചു പായുന്നു
സ്വാർത്ഥത്തിൻ കൊടി വെച്ച കാർ

ഒരു നൂലിൽ കൊരുത്തിട്ട
മണിമുത്തുകളെന്ന പോൽ
ജീവജാലങ്ങൾ കലരും
ആശ്രമക്കുടിൽ തേങ്ങിയോ

പിടിച്ചടക്കി മുന്നേറും
വിജയോന്മാദ സേനകൾ
പൊയ്‌പ്പോയ വഴിവക്കത്തായ്
കത്തുന്നൂ മാനുഷച്ചിത

വന്നതാം വഴിയോർക്കുമ്പോൾ
അറിയാം പണ്ടു തൊട്ടു ഞാൻ
ഉള്ളിൽ കൊണ്ടു നടക്കുന്ന
ഭവരോഗാണു ഭീതിദം

ഒന്നല്ലവധിയില്ലാത്ത
ജന്മങ്ങൾ മൃത്യുപാശമായ്
ഹൃദയഗ്രന്ഥികൾ കെട്ടി
നിൽക്കുന്ന യമകിങ്കരർ

ആത്മാവിൻ യാത്ര തടയും
മമതാ ബന്ധനങ്ങളും
സിരയിൽ പ്രവഹിക്കുന്ന
സ്വാർത്ഥാണുപ്രസരങ്ങളും

തടഞ്ഞിരുന്നുവെന്നാളും
ലക്ഷ്യപ്രാപ്തിയിലെത്തുവാൻ
ഇനി ഞാൻ കുറ്റിയിട്ടോട്ടെ
ഏകാന്തധ്യാനനിഷ്ഠനായ്

ഭവരോഗത്തെ വേരോടെ
കളയും മധുരാസവം
അതു സേവിച്ചിടട്ടേ ഞാൻ
നാരായണ മഹൗഷധം

രോഗലക്ഷണമുള്ളോരെ
പാർപ്പിക്കും ആതുരാലയം
പോകാം നമുക്കു മനമേ
ഗുരുവായുപുരാലയം

പതിതന്നഭയം നൽകും
ഭിഷഗ്വരൻ ഒരാളതാ
ശ്രീലകത്തു വിരാജിപ്പൂ
പൊന്നോടക്കുഴലൂതുവോൻ

കോടക്കാർ നിറമോലുന്ന
മേനി കാണുന്ന മാത്രയിൽ
രോഗം ശമിച്ചു നേടുന്നൂ
ആത്മാവിന്റെ വിശുദ്ധി ഞാൻ

പട്ടുകോണകവും കുഞ്ഞു
കദളിപ്പഴമേകവേ
പുളഞ്ഞിടും കൊടും സ്വാർത്ഥം
പത്തി താഴ്ത്തിയിഴഞ്ഞു പോയ്

വൃന്ദാവന കിശോരന്റെ
നാമം ചെവിയിൽ വീഴവേ
ബാധിര്യം നീങ്ങി ഹൃദയം
പ്രണവധ്വനി കേൾപ്പിതാ

കോശങ്ങൾ തോറുമാ ദിവ്യ-
വൈദ്യുതദ്യുതി കത്തവേ
നശിച്ചിടുന്നൂ രോഗാണു
കൂടു കൂട്ടിയ വാസന

പ്രദക്ഷിണ നമസ്കാരം
കഴിഞ്ഞു  രോഗമുക്തനായ്‌
തിരിച്ചു പോന്നിടുന്നേരം
അങ്ങു പൊന്നമ്പലത്തിലായ്

സ്വാർത്ഥക്കിലുകിലുക്കത്തി-
ന്നിടയിൽ തുടി കൊൾവിതാ
കാണിക്കയായ് സമർപ്പിച്ച
ഹൃദയം സ്നേഹപൂരിതം....

1 comment:

  1. ഹരിഃ ഓം

    പ്രിയ ദിലീപ്

    മനോഹര രചന
    അഭിനന്ദനങ്ങൾ

    പുത്തനാമാധിവ്യാധികൾക്കുണ്ട്
    യുക്തമൗഷധം പൗരാണികം
    തൃപ്തരായിട്ടു വാഴാൻ നൂനം
    പഥ്യം ശ്രീകൃഷ്ണസമാശ്രയം

    പ്രേമാദരപൂർവ്വം
    സ്വാമി അദ്ധ്യാത്മാനന്ദ

    ReplyDelete