Saturday, February 29, 2020

ശ്യാമം...

അല്പം വൈകിയാലും ഇപ്പോഴെങ്കിലും ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ അടുത്ത തവണ ഗുരുവായൂരിൽച്ചെന്ന് കണ്ണൻ്റെ മുഖത്തെങ്ങിനെ നോക്കും ഞാൻ?
................................................................................
കണ്ണിൻറെ നടുവിൽത്തന്നെ
കറുപ്പ് തന്ന നാൾ മുതൽ
മനസ്സിൻ ശ്രീലകത്തെന്നും
കണ്ണനെന്നാണിതിന്നു പേർ

കോരിക്കുടിച്ചിതാവോളം
അവനാടിയ ലീലകൾ
അമ്മമുത്തശ്ശിമാർ ചൊല്ലി-
ത്തന്നിരുന്നാ ദിനങ്ങളിൽ

എന്നിട്ടും മതിയാവാതെ
തേടി നിന്നെ നടന്നു ഞാൻ
രാധ പോയ വഴിക്കെല്ലാം
നിന്റെ കാൽപ്പാടു തേടി ഞാൻ

മീരയും വ്യാസനും ത്യാഗ
രാജനും പാടിയെങ്കിലും
ഏതോ സാഹസമെന്നോണം
പാടാൻ ഞാനും തുനിഞ്ഞിതു

അക്ഷരങ്ങൾ അതോരോന്നും
നീ തന്നെ തന്നതെങ്കിലും
അതിനാൽ മാല്യവും കോർത്തു
നിൻ കഴൽ തേടി ചാർത്തുവാൻ

ഗുരുവായൂരിലും നിന്റെ
തകർത്ത ജന്മവീട്ടിലും
വൃന്ദാവനത്തിൻ വിപിന
തീർത്ഥങ്ങളിലുമെത്തി ഞാൻ

തിരതല്ലുന്ന കടൽ നിൻ
മേഘനീലാഭ ചാർത്തവേ
പാഞ്ചജന്യസ്വരത്തിൽ വൻ
ദുർമ്മദം തല താഴ്ത്തവേ

കാളിയൻ പാമ്പു പോലുള്ളിൽ
പത്തികൾ നീട്ടിയാടിടും
അഹമ്മതികൾ നിൻ കാലിൻ
ചവിട്ടേറ്റു കുഴങ്ങവേ

ഹൃദയത്തിൽ ചിരാതായി
നിന്നെ ഞാൻ വെച്ച നാൾ മുതൽ
കൃപയായ് പെയ്തു നീ ചിത്തം
കവിയും സ്നേഹവായ്പ്പൊടെ

വാകപൂക്കുന്ന ചോട്ടിൽ ഞാൻ
കണ്ട കാലടി നിന്നുടെ
മുളങ്കൂട്ടത്തിൽ നിന്നപ്പോൾ
കേട്ട പാട്ടുകൾ നിന്നുടെ

കാണുന്ന നിറമോരോന്നും
വിലയിപ്പിച്ചു നിന്നുടൽ
കേൾക്കുന്ന നാദമോരോന്നും
മുരളീനിസ്വനത്തിലും

ഇന്നു കേൾക്കുന്നു നീയേതോ
പൊയ്യിൻ നാടകമാണു പോൽ
വിഷാദഗ്രസ്തനാം തോൽവി-
യടഞ്ഞ നടനാണു പോൽ

മരിക്കും നിമിഷം ഹൃദയം
പൊട്ടി പശ്ചാത്തപിച്ചു പോൽ
വ്യർത്ഥമാം ജീവിതത്തിന്റെ
ജലരേഖയതാണു പോൽ

ഭ്രാന്തമാനസമൊന്നിന്നു
ശ്യാമമാനസനാണു പോൽ
ചോപ്പിൻ കണ്ണട വെച്ചോനു
വെറും കഥകളാണു പോൽ

പിണത്തിൽ പേനയൂന്നുന്ന
കവിതാഗർദഭത്തിനു
കൃഷ്ണനേതോ പഴമ്പാട്ടിൻ
കല്പനാശില്പമാണു പോൽ

കറുപ്പിന്നഴകേ കോടി
ജീവനിൽ മഴവില്ലു നീ
സുകൃതം ചെയ്തവൻ കാണും
ചിന്മയാനന്ദമാണു നീ

പൂന്താനത്തിൽ കിനിഞ്ഞോരു
പൂന്തേനരുവിയാണു നീ
മേല്പത്തൂരിനു മേൽ പെയ്ത
ആയുരാരോഗ്യസൗഭഗം

ധർമ്മാധർമ്മരണം തോറും
പാടും ഗീതകമാണു നീ
തുറുങ്കിൽ പിടയും ജീവ-
നാശ്വാസ ശ്വാസമാണു നീ

പിടയും മാനുഷാത്മാവിൻ
അഴൽ നീക്കും കരങ്ങൾ നീ
പതിതർക്കഭയം നൽകും
കരുണാമൃതസാഗരം

പ്രണവം ശ്രുതിയേറ്റുന്ന
മുരളീനാദമാണു നീ
നിന്ദിക്കുന്നോർക്കും കൈവല്യം
നൽകും ദൈവതമാണു നീ

കണ്ണു മെല്ലെ തുറപ്പിക്കും
അഞ്ജനം ശ്യാമമല്ലയോ
ഉൾക്കണ്ണിൻ തിമിരം നീങ്ങാൻ
അതവന്നേക മാധവാ

3 comments:

  1. Great thoughts well expressed..a befitting response to the misadventures of Guruvayur Devaswam Board's judgement on Prabha Varma's Syama madhanam...blessed wordings ...Sreeguruvayurappa kripa...congratulations Dileep...god bless you

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete