Sunday, June 25, 2017

വാക്ക്

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
വിത്തുകൾ മുളപൊട്ടും മനസ്സിലെ
ചിത്രവർണ്ണ ജനാലയ്ക്കൽ സസ്മിതം

കത്തിടുന്ന ചിരന്തനദാഹവു-
മൊത്തു വന്നു പിറന്ന നിമിഷത്തിൽ
അമ്മയെ വിളിച്ചീടുവാൻ ആദ്യമായ്
അർത്ഥമില്ലാത്ത വാക്കു കരച്ചിലായ്
ചുണ്ടിലൂറിയ നാളു തൊട്ടിന്നോളം
ഒപ്പമുണ്ടു നീയെൻ കളിത്തോഴനായ്

മുട്ടുകുത്തിയിഴഞ്ഞ കാലങ്ങളിൽ
അമ്മ ചൊല്ലിത്തരുന്ന കഥകളിൽ
നിന്നു കേട്ടു പഠിച്ചൊരു വിസ്മയ-
പ്പൊൻ കിനാവിലും കണ്ടിരുന്നില്ലയോ
പിന്നെ നാമാക്ഷരങ്ങളായ്, രാത്രി ദു-
സ്സ്വപ്നമൊക്കെയും ആട്ടിയകറ്റുവാൻ
തട്ടിയെന്നെയുറക്കിയ നിന്റെ കൈ-
യ്യിപ്പൊഴും അറിയുന്നെന്റെ മേനിയിൽ

കണ്ണിൽ വർണ്ണപതംഗങ്ങൾ പാറിയ
സുന്ദര മധുരാർദ്രമാം യൗവനം
എന്നിലന്നു നിറച്ച പ്രണയമെൻ
ചുണ്ടിലായിരം ചുംബനമേകവേ
അന്നു കുത്തിക്കുറിക്കുവാൻ പേന തൻ
തുമ്പിലൂറി നീ പ്രേമാർദ്ര കാവ്യമായ്

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
കാർത്തിക ദീപമായി തുണച്ചിരുൾ
മാറ്റിയെന്നിൽ പ്രകാശം നിറയ്ക്കുവാൻ

സ്വന്തമാണെന്ന് ചിന്തിച്ചവർ, കൈകൾ
വീശിയെങ്ങോ മറഞ്ഞു പോയീടവേ
ചിന്തകൾ കടന്നൽ പോലെ മൂളിയെൻ
വന്യതയെ പിടിച്ചെണീപ്പിക്കവേ
കൊന്ന പൂത്തതും, ചിങ്ങം പിറന്നതും
എന്തിനെന്നറിയാതെ ഞാൻ കേഴവേ
വന്നിരുന്നു നീ ചുണ്ടിൽ നിരാശയിൽ
നിന്നു പൊങ്ങുന്നൊരശ്ലീല വാക്കുമായ്

പിന്നെ ജീവിതാസക്തി തളിർപ്പിച്ചു
എന്നിൽ സത്യസ്മരണ പുതുക്കുവാൻ
വന്നു നിസ്സഹായത്വങ്ങൾ ചൂഴുമെൻ
ചേതനയെ അടിച്ചുണർത്തീടുവാൻ
ദ്വന്ദ്വബോധത്തിനപ്പുറം നേർത്തൊരു
വേണുവൂതിച്ചിരിച്ചു കൊണ്ടങ്ങിനെ
നീലമേഘ നിറമാർന്ന വാനിൽ നി-
ന്നൂർന്നിറങ്ങിയ ഗീതാപ്രവാഹമായ്
വാക്കുകളെത്തി ചീർത്തൊരെൻ ദേഹാഭി-
മാനമൊക്കെ പറത്തിക്കളയുവാൻ

മന്ത്രമായി, കിനാവായി, കുഞ്ഞിളം
കൊഞ്ചലിൻ ചന്തമായി, വികാരമായ്,
നെഞ്ചിൽ വിങ്ങും വ്യഥകൾക്കൊരുത്തരം
തന്നു പോകുന്ന കാറ്റിന്റെ ഗീതമായ്
സന്ധ്യ മായുന്ന നേരം അടുത്തു ചേർ-
ത്തെന്നെ പാടിയുറക്കുന്നു വാക്കുകൾ
നന്ദിയോതാതെ പൊയ്‌പ്പോയ കാലങ്ങൾ
പിന്നെയും നിരത്തീടുന്നു വാക്കുകൾ
ഉള്ളിനുള്ളിൽ പടവെട്ടി ആയിരം
യുദ്ധരംഗങ്ങൾ തീർക്കുന്നു വാക്കുകൾ
നിഷ്‌ഫലമെന്നിരിക്കിലും സൗഹൃദം
ചേർത്തു സ്നേഹം കൊരുക്കുന്നു വാക്കുകൾ

എത്തിടാറുണ്ട് വാക്കുകൾ കൃത്യമായ്
എപ്പൊഴൊക്കെയെനിക്കു വേണ്ടുന്നുവോ
നിത്യമുഗ്ദ്ധതയെന്നിൽ നിറയ്ക്കുന്ന
വിസ്മയത്തിൻ ചിറകുമായ് എപ്പോഴും

ആരവങ്ങളൊഴിഞ്ഞു ഞാൻ കെട്ടിയ
വേഷമെല്ലാമഴിക്കാൻ തുടങ്ങവേ
ആർത്തലച്ചു പോയുള്ള കാലത്തിന്റെ
നീർച്ചുഴിയിൽ ഞാനില്ലാതെയാകവേ
മൃത്യവെന്നുള്ള രണ്ടക്ഷരങ്ങളാൽ
ഹൃത്തിനുള്ളിലെ സത്തുപേക്ഷിക്കവേ
പൊട്ടിടുന്ന മൺപാത്രത്തിനൊക്കെയെൻ
നേർത്ത ജീവൻ പടം പൊഴിച്ചീടവേ
ഭാവിയെന്നെയൊന്നോർക്കുവാൻ തക്കതാം
കാവ്യമായി ഞാൻ രൂപാന്തരപ്പെടേ
അപ്പൊഴെത്തണേ താരകബ്രഹ്മമായ്
കാതിനുള്ളിൽ പീയൂഷം പൊഴിക്കുവാൻ
മർത്യലോകത്തിനപ്പുറം കാക്കുന്ന
വേദമന്ത്രധ്വനിയായ് വരേണമേ
നാവു പൊങ്ങുവാൻ ശേഷിയുണ്ടെങ്കിലാ
രാമകൃഷ്ണന്റെ പേരായ് വരേണമേ

2 comments:

  1. Jai Ramakrishna.
    Dear Dileep,
    May Ramakrishna bhagwans blessing always you have

    Go ahead he is behind You...


    ReplyDelete