Thursday, June 29, 2017

ഇതെന്റെ ഇതെന്റെ

ഇതെന്റെ ഇതെന്റെ
കളിപ്പാട്ടമെന്റെ
ഇതെന്റെ ഇതെന്റെ
ഈ പാൽക്കുപ്പിയെന്റെ
ഇതെന്റെ ചിരിക്കുന്ന
പാവ,  ഇതെന്റെ
താക്കോൽ കൊടുക്കുമ്പോൾ
ഓടുന്ന നായ

ഇതെന്റെ സുഹൃത്തുക്കൾ,
എന്നമ്മ,വീട്,
ഇതെൻ സ്കൂൾ, ഇതെൻ മാവ്,
മഞ്ചാടി മുത്ത്,
ഇതെൻ പുസ്തകം, എന്റെ ഫോ-
ണെന്റെ വസ്ത്രം
ഇതെൻ ബാഗ്, പേന
കുട, ഷൂസ്, കൈലേസ്

ഇതായെന്റെ കാറ്,
വിജയകിരീടം,
ഇതാ ബുദ്ധിമുട്ടി
ലഭിച്ച ബിരുദം,
ഇതായെന്റെ ഗംഭീര ജോലി,
പ്രതാപം
ഇതാ സ്വർഗസൗന്ദര്യ-
മോലുന്ന ഭാര്യ
ഇതായെന്റെ പുത്രൻ,
പണിക്കാർ, വയസ്യർ
ഇതായെന്റെ പാട്ട്,
കവിത, എഴുത്ത്

ഇതെന്റെ ഇതെന്റെ
നിലക്കാത്ത സ്വാർത്ഥ-
ക്കൊടുംകാടിനുള്ളിൽ
അലർച്ച ഇതെന്റെ
ഇതെന്റെ ഇതെന്റെ
ചിതയ്‌ക്കൊപ്പം ഭസ്മീ-
കരിയ്ക്കപ്പെടും അഭി-
മാനങ്ങൾ എന്റെ

ചിരിക്കുന്ന സൂര്യൻ
തിരക്കുന്നു "സത്യം
ഇതെല്ലാം ഭവാന്റെ,
ഭവാൻ ആരുടേതാ?"
അതിനുത്തരം തേടി
ഉള്ളം കുഴങ്ങേ
തലതാഴ്ത്തിടുന്നു
ഞാനെന്ന ഭാവം

എനിക്കുള്ളതെല്ലാം
വെറും തുച്ഛമീ ഞാൻ
എടുക്കാച്ചരക്കായി
മാറുന്നുവെങ്കിൽ
മറുവാക്കു തേടി
അലഞ്ഞീടവെ ഞാൻ
അറിയുന്നനാഥത്വ-
മീ ജീവിതത്തിൽ

കലങ്ങിത്തെളിയുന്ന
ഹൃന്മണ്ഡലത്തിൽ
ഒരു പൊൻ വെളിച്ചം,
തിളങ്ങുന്ന കൺകൾ,
മെലിഞ്ഞോരു ദേഹം,
ശുഭം ശുഭ്രവസ്ത്രം,
സുധാനന്ദഹാസം,
സുഖാസീനരൂപം

പ്രപഞ്ചങ്ങൾ സൃഷ്ടിച്ചു
പാലിച്ചു പോരും
ചിദാനന്ദ സച്ചിത്
സരിത്താകുമീശൻ
ഇരിക്കുന്നു ചിത്തത്തിൽ
കാലുഷ്യമെല്ലാം
അകറ്റുന്ന ശ്രീ
രാമകൃഷ്ണൻ ഗദായി

പതുക്കെ ചിരിക്കുന്ന
മട്ടിൽ മൊഴിഞ്ഞു
"മറന്നീടുമോ നിന്നെ
ഞാനെന്നുമെന്നും
ഉറപ്പിച്ചു കൊൾക
നിനക്കുണ്ടൊരീശൻ
അതേ എന്റെയാകുന്നു
നീ, എന്റെ മാത്രം"

ഇതായീ ഹൃദയം
ഇതായെൻ ശരീരം
ഇതാ ജീവിതം, ദ്വന്ദ-
ഭാവങ്ങളെല്ലാം
ഇതാ പഞ്ചഭൂതങ്ങൾ
ശ്വാസം, കിനാക്കൾ
മനോബുദ്ധ്യഹങ്കാര
ചിത്തങ്ങൾ, ജ്ഞാനം

ഇതാ സത്യധർമ്മങ്ങൾ
പുണ്യങ്ങൾ,പാപം
ഇതാ പൂർണ്ണമാകാത്തൊ-
രെന്റെ മുമുക്ഷ
ഇതാ വാക്ക്, ഗാനം
ഇതെല്ലാം ഭവാന്റെ
വെറും പൈതലാമീ-
യടിയൻ ഭവാന്റെ

1 comment:

  1. ശങ്കരാചാര്യവിരചിതമായ നിർവാണഷൾക്കം
    മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം
    ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
    ന ച വ്യോമ ഭൂമിർ ന തേജോ ന വായുർ
    ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം.
    (ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നീ അന്തകരണ വൃത്തികൾ നാലുമല്ല,ചെവിയും നാക്കുമല്ല,മൂക്കും
    കണ്ണുമല്ല ,ആകാശം ,ഭൂമി ,അഗ്നി ,വായു ,ഇവയോന്നുമല്ല,ജ്ഞാനനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
    ന ച പ്രാണ സംജ്ഞോ ന വൈ പഞ്ച വായുർ
    ന്നവാ സപ്ത ധാതുർന്ന വാ പഞ്ചകോശ
    ന വാക്ക് പാണി പാദം ന ചോപസ്ഥ പായുർ
    ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം
    (ഞാൻ പ്രാണനല്ല പഞ്ച വായുക്കളല്ല, സപ്ത ധാതുക്കളല്ല,പഞ്ചകോശങ്ങങ്ങളല്ല,വാക്കല്ല,കൈകാലുകളല്ല ഉപസ്ഥപായുക്കളല്ല,ഞാൻ ജ്ഞാനാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ്)
    ന മേ ദോഷരാഗൗ ന മേ ലോഭ മോഹൗ
    മദോ നൈവ മേ നൈവ മാത്സര്യഭാവം
    ന ധർമോ ന ചാർത്ഥോ ന കാമോ ന മോക്ഷ
    ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം
    (എനിക്ക് ദ്വേഷവും രാഗവുമില്ല ലോഭവും മോഹവും ഇല്ല,മദമില്ല,മാത്സര്യമാവട്ടെ ഇല്ല,ധർമ്മാർത്ഥ
    കാമമോക്ഷങ്ങളുമില്ല ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
    ന പുണ്യം ന പാപം ന സൌഖ്യം ന ദുഃഖം
    ന മന്ത്രം ന തീർത്ഥം ന വേദോ ന യജ്ഞാ
    അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
    ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
    (ഞാൻ പുണ്യപാപങ്ങൾ അല്ല സുഖദുഃഖങ്ങളല്ല,മന്ത്രമോ തീർത്ഥമോ അല്ല,വേദമല്ല ,യജ്ഞമല്ല,ഭോജനമല്ല,
    ഭോജ്യമല്ല ,ഭോക്താവല്ല, ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
    ന മൃത്യുർ ന ശങ്കാ ന മേ ജാതി ഭേദാ
    പിതാ നൈവ മേ നൈവ മാതാ ച ജന്മ
    ന ബന്ധുർ ന മിത്രം ഗുരൂർ നൈവ ശിഷ്യാ
    ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
    (എനിക്ക് മരണമില്ല ,ശങ്കയില്ല,ജാതിഭേദമില്ല,പിതാവോ മാതാവോ ഇല്ല ,ജന്മമില്ല,ബന്ധുവില്ല,മിത്രമില്ല,,ഗുരുവില്ല ശിഷ്യനില്ല,ഞാൻ ജ്ഞാനാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ്)
    അഹം നിർവികൽപോ നിരാകാരരൂപോ
    വിഭുത്വാച്ച സർവത്ര സർവേന്ദ്രിയാണം
    ന ചാ സംഗതോ നൈവ മുക്തിർ ന മേയ
    ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
    (ഞാൻ വികല്പം ഇല്ലാത്തവനും ആകൃതി ഇല്ലാത്തവനും ആകുന്നു.വിഭുത്വം ഹേതുവായിട്ടു ഇന്ദ്രിയങ്ങളാൽ
    ഗ്രഹിക്കപ്പെടാവുന്നവനുമല്ല. മോക്ഷമല്ല,പരിമിതി കൽപ്പിച്ചറിയത്തക്കവനുമല്ല ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)

    ReplyDelete