Tuesday, September 13, 2016

ഓണപ്പരാതി

തുമ്പയ്ക്കുണ്ട് പരാതി, കുഞ്ഞി-
കയ്യുകൾ വന്നു പറിച്ചില്ല
തുമ്പിക്കുണ്ട് പരാതി, പാറും
വഴിയിൽ പൂക്കളമൊന്നില്ല

പാടത്തിന്നു പരാതി, വിത്തും
കൈക്കോട്ടും ഞാൻ കണ്ടില്ല
ചിങ്ങത്തിന്നു പരാതി, എന്നെ
ആരും താൻ വരവേറ്റില്ല

ഒറ്റയ്‍ക്കേതോ സ്വപ്നത്തെ ധ്യാ-
നിക്കാൻ കണ്ണുകൾ പൂട്ടീടും
മുക്കുറ്റിയ്ക്ക് പരാതി, വീട്ടിൽ
കുട്ടികൾ പൂപ്പൊലി പാടീല

പുത്തനുടുപ്പിൻ ഭംഗി പ്രദർശി-
പ്പിക്കാൻ പാറി നടന്നീടും
പൂമ്പാറ്റയ്ക്ക് പരാതി,  എന്നെ
കണ്ടൂവെന്നു നടിച്ചില്ല

ഓണത്തിന്നു പരാതി, എന്നെ
കച്ചോടക്കളിയാക്കീലേ
ടീവിക്കുള്ളിലെ സങ്കല്പത്തിൽ
എന്നെ നിങ്ങൾ തളച്ചീലേ

തിങ്ങും സ്നേഹത്തോടെ നാടുകൾ
കാണാൻ വന്നു മടങ്ങീടും
മാവേലിയ്ക്ക് പരാതി, എന്നുടെ
നാടിനെ ഇങ്ങിനെയാക്കീലേ

കുഞ്ഞനുറുമ്പിന്നുണ്ട് പരാതി
പായസമൊന്നും കിട്ടീല
ഉപ്പേരിക്കഷണങ്ങൾ പോലും
എങ്ങും കണികാണാനില്ല

ഒന്നിച്ചുണ്ണാൻ മോഹിച്ചെല്ലാ
കൊല്ലം ഓണമൊരുക്കീടും 
അമ്മയ്ക്കുണ്ട് പരാതി
നീയീ ഓണത്തിന്നും വന്നില്ല

ഓണപ്പൂവിളി പൊങ്ങിവന്ന മലനാടിൻ മണ്ണിലീ ചിങ്ങവും
ചേണാർന്നുള്ളൊരു പൂക്കളങ്ങളിടുവാൻ പൂക്കൾ തിരഞ്ഞീടവേ
കാണാവുന്ന കരയ്ക്കുമപ്പുറമിരുന്നോണം കിനാവിൽ നുണ-
ഞ്ഞീ ഞാനിങ്ങു കുറിച്ചിടുന്ന വരിയാലാകട്ടെ ഓണം ശുഭം.

1 comment: