Wednesday, August 10, 2016

ധന്യനാക്കുകീയെന്നെയും.....

വേദാന്തം, ബ്രഹ്മവാദം, പലതരമറിവിൻ വൻ മണൽക്കൂന താണ്ടി
വന്നെത്തും ശാന്തസൗഖ്യം പകരുമൊരിളനീരേന്തിടും നിൻ കടയ്ക്കൽ
പ്രേമത്തിൽ മത്തനായി ചുവടുകൾ ഇടറും നിൻ മൃദുസ്മേരവക്ത്രം
കണ്ടാലല്ലാതെ എങ്ങെൻ ഹൃദയമറിവതീ ഭക്തിവൈരാഗ്യമെല്ലാം

ഓർക്കാനാവാത്തവണ്ണം സരളത, മധുരം, തപ്തമാം മാനസങ്ങൾ-
ക്കേകീടും ആശ്രയത്തിൻ തണൽ, അതിൽ വിടരും ജീവദേവൈക്യഭാവം
ഓർത്താൽ പോലും മനസ്സിൽ നനവു പടരുമാ നിന്റെയാ സച്ചരിത്രം
പേർത്തും പേർത്തും രുചിച്ചീ അവനിയിൽ വിഹരിക്കുന്നു പുണ്യാത്മവൃന്ദം

ധന്യർ നിൻ പാദധൂളീപരിമളമതിനാൽ മത്തരായ്ത്തീരുവോർകൾ
ധന്യർ നിൻ ദിവ്യലീലാസ്മരണയിൽ ഹൃദയഗ്രന്ഥി പൊട്ടിക്കുവോർകൾ
ധന്യർ നിന്നെ ഭജിക്കാൻ ഇരവുപകലുകൾ നീക്കിവെക്കുന്നവർകൾ
ചെയ്യും കർമ്മങ്ങളെല്ലാം തിരുവചനമതൊത്താക്കുവോർ ധന്യധന്യർ

ശാന്തം നിൻ കൺകളിൽ വീണലിയും ഹൃദയവും, നിന്റെ നാമങ്ങൾ പാടാൻ
ശങ്കിച്ചീടാത്ത നാവും, തവപദഭജനം ചെയ്തിടും കൈകൾ രണ്ടും
നിന്നെച്ചുറ്റുന്ന കാലും, തിരുവചനമതേ കേട്ടിടും കാതുമെല്ലാം
ഉണ്ടെന്നാകിൽ ജയിക്കാൻ കഴിയുമവനു വൻ മൃത്യുവിൻ ഭീതി പോലും

ബദ്ധർ ഞങ്ങൾ ഭജിപ്പൂ ധനകുലമഭിമാനങ്ങളും പുത്രദാരാ-
സക്തർ നിൻ സന്നിധാനപ്പെരുമയിലുമഹോ ക്ഷുദ്രമാം മോഹരക്തർ.
വ്യക്തം നിൻ വാക്കുകേൾക്കാം "പതനമതൊരുനാൾ ഭക്തനുണ്ടാകയില്ലെ"-
ന്നെത്തും കാതിൽ അതിന്നപ്പുറമതു ഹൃദയേ കത്തി നിൽക്കുന്നതില്ലേ..

നിൻ പുണ്യസ്പർശമേൽക്കാൻ, വിഷയമലമയം ഈ ശരീരത്തിനില്ലാ
ഭാഗ്യം, എന്നാൽ പ്രദീപ്തം തവ തിരുഹൃദയത്തിന്റെ കാരുണ്യമൊന്നാൽ
കാണ്മാറായ് നിൻ വപുസ്സാ, തിരുവടികളിലെൻ മസ്തകം ചേർക്കുവാറായ്
ഭാഗ്യം നിൻ നാമമെന്നും ഉരുവിടുവതിനെൻ നാവിനില്ലാ തളർച്ച

ഭാരം താങ്ങിത്തളർന്നും, പിഴകളിൽ ഇടറിജ്ജീവനാകെ പിളർന്നും,
നീറും ദുഃഖത്തിനാലെ ഹൃദയമുരുകിയും, ഭീതിയുള്ളിൽ വളർന്നും
കാരുണ്യത്തിൻ പ്രകാശത്തിനു മനമുഴറും നേരമോർക്കേണ്ട നാമം
ശ്രീരാമകൃഷ്ണനെന്നാണതു മതി മനമേ മുക്തി സിദ്ധിക്കുവാനായ് 

1 comment: