Wednesday, February 25, 2015

അമൃതം ഗമയ

കൌപീനം, ക്ഷീണഗാത്രം, മിഴികളില്‍ ഒഴുകും ദിവ്യകാരുണ്യബാഷ്പം,
സ്പഷ്ടം വാക്കറ്റ വ്യാഖ്യം, ശിവഡമരുവുതിര്‍ത്തീടുന്ന സൂത്രം കണക്കെ
കേള്‍ക്കുന്നൂ നിന്‍റെ വാക്കിന്‍ അരുളതില്‍ ഹൃദയഗ്രന്ഥികള്‍ പൊട്ടിടുന്നൂ
സത്യം നീയഗ്നിരൂപം അരുണഗിരിയതായ്  തോന്നിടുന്നൂ മനസ്സില്‍

"ഞാന്‍ ഞാന്‍" എന്നുള്ളിലാദ്യ സ്ഫുരണമതിനടിത്തട്ടു തേടുന്ന നേരം
നീയെത്തിച്ചേരും  ഉള്ളില്‍ വലതു പുറമിരിക്കുന്ന ഹൃന്മണ്ഡലത്തില്‍
മറ്റെല്ലാം ആയതിന്റെ പ്രതിഫലനമതേയെന്നു നീ കണ്ടിടുമ്പോള്‍
സത്യം നീ തന്നെയായിബ്ഭുവനമിതില്‍ മഹാജ്യോതിസ്സുണര്‍ത്തും

കാലത്തേ കൃത്യമായിട്ടരുണഗിരി വലം വെച്ചു നീ വന്നിരിക്കും
നേരത്തും, കാവ്യകണ്ഠന്‍ ഗണപതിമുനി തന്‍ സംശയം തീര്‍ത്തിടുമ്പോള്‍,
വേദത്തേന്‍ വാര്‍ന്നിടുന്നൂ, ഒരു വരിയയുതം ഭാവമുള്ളില്‍ വിടര്‍ത്തീ-
ട്ടാടുന്നൂ മൌനമെന്നാ ഗുരുവരുള്‍, രമണാ ദക്ഷിണാമൂര്‍ത്തിരൂപാ



അന്നാദ്യം നീ പിതാവിന്‍ സവിധം ഒരു വെറും ബാലനായ് വന്ന നേരം
വിണ്‍താരം പുഞ്ചിരിച്ചീ തിരുവരുണഗിരിവലം വെച്ചിതെങ്ങോ മറഞ്ഞു
കണ്‍ചിമ്മീ മുത്തുപോലെ പുകഴുകള്‍ അരുളും സത്യമീ, മണ്ണില്‍ വീണ്ടും
കാണായ് വന്നീശ്വരേച്ഛക്കനുഗുണമുണരും  മറ്റൊരാനന്ദ ലീല

നിശ്ശബ്ദം നിര്‍വികല്പം വിമലമവികലം നിന്‍റെ സാന്നിധ്യമൊന്നാല്‍
വിശ്വത്തിന്‍ ഉണ്മയെന്തെന്നറിയുമവിടെയെന്‍ സംശയങ്ങള്‍ നശിക്കും.
ശ്വാസോച്ഛ്വാസം കണക്കീ ഹൃദയകുഹരമാം വന്‍ ഗുഹക്കുള്ളില്‍ "ഞാന്‍" എ-
ന്നാശാപാശങ്ങളില്ലാതുണരും വിഷയമെന്‍ ധാരണക്കുള്ളില്‍ വീഴും

*Image Courtsey: Google

4 comments: