Sunday, October 12, 2014

ഇനി ഞാന്‍ വരട്ടെ!!!

നിശ്ശബ്ദമെന്തോ പറയുന്നു കാറ്റിന്‍
വരണ്ട കൈകള്‍ പകരുന്ന ഗന്ധം
പോകേണ്ടയെന്നുള്ളൊരു ഭാവമോടെ
കരം പിടിക്കുന്നിതു മുല്ലവള്ളി

പിണക്കമെല്ലാം നാളേക്ക് മാറും
പറഞ്ഞിടുന്നൂ മധുമാസ ചന്ദ്രന്‍
പറഞ്ഞയക്കാന്‍ കഴിയില്ല നിന്നെ
തടുത്തിടുന്നൂ കരിനീല വണ്ട്

കഴിഞ്ഞ കാലം പിറകെ നടന്നു
കലമ്പല്‍ കൂട്ടുന്നു, നീ പോയിടൊല്ലേ
മറഞ്ഞ മാമ്പൂ മണം ഉള്ളിലേന്തി
കിതച്ചിടുന്നൂ വെറുതെ വളപ്പ്

പടിക്കല്‍ നിന്നു കരയുന്നു പൈക്കള്‍
നിറഞ്ഞ കണ്ണാല്‍ തടയുന്നു ഗേഹം
ക്ഷമിക്കുവിന്‍, പോകണമിന്നു തന്നെ-
യെനിക്ക്, വേറെന്തുര ചെയ്യുവാന്‍ ഞാന്‍

ഒരൊറ്റ ജന്മത്തിന്‍ സുകൃതങ്ങളൊക്കെ
ഒരല്പമില്ലാതെ തുടച്ചു നക്കി
നശിച്ചൊരീ ഭാണ്ടവുമേന്തി വീണ്ടും
നടക്കണം ഞാനിരുള്‍ കാണുവോളം

വെളിച്ചമില്ലാത്ത യുഗങ്ങള്‍ തേടി
വളര്‍ച്ചയില്ലാത്ത കിനാവ്‌ തേടി
തളര്‍ച്ചയുണ്ടെങ്കിലും കാലു നീട്ടി
നടക്കണം നിങ്ങളില്‍ നിന്നു ദൂരം

ഒഴിഞ്ഞ ജീവന്‍ പിളരുന്നു അന്‍പിന്‍
വസന്തമെന്നെ പുണരുന്ന നേരം
കുനിഞ്ഞിടുന്നൂ തല ലജ്ജയാലെ
ശപിച്ച ജന്മത്തില്‍ അലിവിറ്റു തൂകെ

കടങ്ങള്‍ വീട്ടാന്‍ കഴിയില്ല പണ്ടേ
തളര്‍ന്നവന്‍ തോറ്റു തുലഞ്ഞവന്‍ ഞാന്‍
ഒരിറ്റു കണ്ണീര്‍ പകരം തരുന്നൂ
പകര്‍ന്ന സ്നേഹത്തിനു മാത്രമായി

അറിഞ്ഞതിന്നപ്പുറമെങ്ങു നിന്നോ
തിളങ്ങിടുന്നൂ പല താരകങ്ങള്‍
ഇരുണ്ട ലോകങ്ങളില്‍ നിന്നു വന്ന
വിരുന്നുകാരന്‍, ഇനി ഞാന്‍ വരട്ടെ!!!

3 comments:

  1. നിശ്ശബ്ദമെന്തോ പറയുന്ന കവിത

    ReplyDelete
  2. സ്നേഹത്തിനു പകരം ഒരിറ്റ് കണ്ണുനീര്‍ത്തുള്ളി മാത്രമേ ലഭിക്കൂ ,കവിത കൊള്ളാം

    ReplyDelete