Monday, April 28, 2014

നിന്‍റെ കുറിമാനം..

ഇതു വരെ പാടിയ 
പാട്ടുകൾ നീ തന്നെ 
കുരലിൽ നിറച്ചവയായിരുന്നു 
ഇവിടെ ഞാൻ കുത്തി
ക്കുറിച്ചവ നീയെൻറെ
വിരലിൽ കുറിച്ചവയായിരുന്നു 

ഇരുളിൽ ഞാൻ കണ്ണീരിൽ
നനയുമ്പോൾ സാന്ത്വന-
ക്കുടയുമായ് വന്നതു 
നീയല്ലയോ
കരളിൻ നിരാലംബ
നിലവിളികൾ കേട്ടു 
കനവായ് തലോടിയോന്‍
നീയല്ലയോ

ഒഴിയുമെന്‍ ഹൃദ്രക്ത
ചഷകം നിറച്ചെന്നില്‍
നിറമായ്‌ വിടര്‍ന്നതു
നീയല്ലയോ
പകുതിയും ബോധം
നശിച്ചൊരെന്‍ ചേതന-
ക്കകമിരുന്നെന്നെ
നടത്തീലയോ

ശരിതെറ്റുകള്‍ തിരിഞ്ഞീടാത്ത
പാതയില്‍
വഴിവിളക്കായി
തെളിഞ്ഞതല്ലേ
ഇതുവരെ ഞാൻ വന്ന
വഴിയവയൊക്കെയും 
അവിടുന്നു കാട്ടിയതായിരുന്നു.

എന്നിട്ടുമെന്റെ സ്വരം പിഴച്ചെന്നിവര്‍,
എഴുതിയ വാക്കുകള്‍ പോരെന്നിവര്‍,
നിറമായ്‌ വിടര്‍ന്നവ
അടരുന്നുവെന്നിവര്‍,
വെറുതെയീ ജീവിത-
മാണെന്നിവര്‍

എന്നിട്ടുമിവര്‍ എന്‍റെ വഴി
പിഴച്ചെന്നെന്തു
പറയുന്നു? അതു ശരിയെങ്കില്‍ നീയേ,
പിഴവുകള്‍ ചെയ്യിക്കയായിരുന്നോ?
എന്നില്‍ കപടമാം സ്നേഹം
പൊഴിച്ചിരുന്നോ?

ഇവിടെന്റെ വാഴ്വിന്‍
നനുത്ത സ്പര്‍ശങ്ങള്‍ നിന്‍
മിഥ്യാമരീചികയായിരുന്നോ?
കരളലിഞ്ഞാ പാട്ടില്‍
നീയെന്തു പരിഹാസ
സ്മിതമാണു തൂകിയിരുന്നതെന്നോ?

കരള്‍ പൊട്ടിയുച്ചത്തില്‍
ചോദിക്കവേ സൂര്യന്‍
കടലിലെങ്ങാണ്ടോ  മറഞ്ഞു പോയി
പതിവായിയെന്നോട്
കുശലം തിരക്കുന്ന
കരിനീലമേഘം
പറന്നുപോയി

കിളികള്‍ മിണ്ടാതെയായ്,
ദിക്കുകള്‍  ഉരുകുന്ന
ചുടുകാടു  പോലെ വിജനമായി
വ്യഥിതഹൃദയത്തിന്‍ തിരമാലകള്‍
കണ്ടു പതിയെയാ സാഗരമുള്‍വലിഞ്ഞു

അകലെ മുളങ്കാട്ടില്‍
നിന്നും ചിരിച്ചു കൊ-
ണ്ടൊരു മിന്നാമിന്നി അടുത്തു വന്നു
ഇടയിലാ കണ്ണുകള്‍ ചിമ്മി
സ്വകാര്യമായ്
അവളെന്‍റെ കാതില്‍ പറഞ്ഞു തന്നു

"അവിടുന്നു നല്‍കാനയച്ച
പഴയൊരു കുറിമാനമെന്നുടെ
പക്കലുണ്ട്
ഇതുവരെ നിന്നെത്തിരഞ്ഞു
തളര്‍ന്നിനി പറയാം
അതൊന്നിനി കേട്ടുകൊള്‍ക"

"ഇവിടെ ഞാന്‍ നിന്നെയെന്‍
കൈവെള്ളയില്‍ തന്നെ
എഴുതിയിരിപ്പുണ്ടറിഞ്ഞു കൊള്ളൂ**
അവരെന്തു ചൊല്‍കിലും
നീയെന്‍റെ സ്വന്തമാം
അരുമാക്കിടാവാണറിഞ്ഞു കൊള്ളൂ."

പതിയെ മിന്നാമിന്നി
തിരികെപ്പോയ്
ദിക്കുകള്‍ പുതിയ വസ്ത്രത്തില്‍
ഒരുങ്ങിനിന്നു
കിളികളും മേഘവും
തിരമാലയും എന്‍റെ
മിഴിനീരു പയ്യെ തുടച്ചു തന്നു.

പുതിയ വീണക്കമ്പി
മീട്ടുന്ന ഭാസ്കരന്‍
മൃദുവായി ഭൂപാള-
മാലപിച്ചു
ദു:സ്വപ്നമെല്ലാം മറന്നു ഞാന്‍
പിന്നെയും സുഖദസുഷുപ്തിയെ
ചേര്‍ന്നു പുല്‍കി...

**"See I have inscribed you on the palms of my hand." (Isaiah 49:16)
"ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു."(ഏശയ്യ 49:16)

No comments:

Post a Comment