Wednesday, October 30, 2013

ഇനിയുമെന്തെഴുതേണ്ടു ഞാന്‍??

 നു എഴുതിയ കവിത
----------------------------
ഇനിയുമെന്തെഴുതേണ്ടു ഞാന്‍ നെഞ്ചിനുള്ളിലെ
കവിത പോലും വിങ്ങി നില്‍ക്കുന്ന മാത്രയില്‍
നിഴലുകള്‍ ചൂഴുന്നൊരെന്നില്‍ നിറയുവാന്‍
നിറമൊക്കെയും ഭയം കൊണ്ടിരിക്കുന്ന നാള്‍
നിണമുണങ്ങാത്തൊരെന്‍ മുറിവുകള്‍ നക്കുവാന്‍
പിറകിലീ ഓര്‍മ്മകള്‍ പാഞ്ഞു വരുമ്പൊളീ
മിഴി തുടച്ചിനിയെന്റെ തൂലികത്തുമ്പിലൂ-
ടിനിയുമെന്തെഴുതേണ്ടു ഞാന്‍!!!!

ഇനിയുമെന്തെഴുതണം? മരണ സ്വപ്നങ്ങളില്‍
പകുതിയില്‍ വീണ നടുക്കങ്ങളോ? തേഞ്ഞ
ഹൃദയത്തില്‍ വീണ്ടും ചുരിക രാകീടുവാന്‍
അണയുന്ന സൌഹൃദക്കാപട്യമോ? ദൂരെ
തിരയുന്ന കസ്തൂരികാ സ്നേഹഗന്ധമോ?
ഇനിയുമെന്തെഴുതണം?വിരലറ്റ വേടന്റെ
കരളില്‍ പിടഞ്ഞ ഗുരുഭക്തിയോ? ചീറു-
മധികാരമാളും പിശാചരൂപങ്ങള്‍ തന്‍
ചിരിയില്‍ തിളങ്ങും കനല്‍ക്കട്ടയോ?
മേഘമകലുന്ന ഗ്രീഷ്മം പകുത്തെടുക്കും
എന്റെ ഹൃദയത്തിലൊഴുകും നിളാശോഭയോ?
കൂര്‍ത്ത മിഴികള്‍ പറിച്ചെടുക്കും അഭിമാനമോ?
ഇര തേടും വിദ്വേഷ വേഷങ്ങളോ?, ആന്ധ്യ-
തിമിരം നിഴല്‍ മൂടുമുയിരിന്റെ തേങ്ങലോ?....

ഇനിയുമെഴുതേണ്ടതാര്‍ക്കായി??
ഇനിയുമെഴുതേണ്ടതാര്‍ക്കായി?? ചിതാഭസ്മമണിയുവാന്‍
വെമ്പുന്ന ഭാവികാലത്തിനോ?
പിറകില്‍ നിന്നെപ്പോഴും കൂവിയാര്‍ത്തീടുന്ന
കഠിനപരാജിത ഭൂതകാലത്തിനോ??
നിലവിളികള്‍ മുഴങ്ങീടുന്ന നെഞ്ചിലെ
കരിതിരി പാളുന്ന വര്‍ത്തമാനത്തിനോ?
കരള്‍ നൊന്തു പാടുന്ന ബാവുള്‍ ഗാനത്തിനോ?
വിരല്‍ നൊന്തു തേടുന്ന അക്ഷരക്കൂടിനോ?
മറവിയിലാണ്ടൊരെന്‍ ബാല്യകാലത്തിനോ?
നിറമാകെ വറ്റിയ നാട്ടിന്‍പുറത്തിനോ?
വയറൊട്ടിടുന്ന നീര്‍ച്ചാലുകള്‍ക്കോ?
സ്വപ്ന മധുരങ്ങള്‍ കൈവിട്ട ചുളിവാര്‍ന്ന കൈയിനോ?
വെറുതെ പുലമ്പും നിനക്കായിയോ?
ചൊല്ലു ഇനിയുമെഴുതേണ്ടതാര്‍ക്കായി ഞാന്‍??

അര്‍ത്ഥരഹിതം ഇനിയെന്തു  ചൊല്ലേണ്ടു ഞാന്‍?
വ്യര്‍ത്ഥമിനിയേതു ശ്രുതി തന്നില്‍ പാടേണ്ടു  ഞാന്‍?
ആര്‍ത്തഹൃദയത്തില്‍ ഇനിയേതു പൊന്നിന്‍ പ്രതീക്ഷ തന്‍
തിരിയൊന്നു പൊലിയാന്‍ കൊളുത്തേണ്ടു ഞാന്‍?

ഇനിയേതു ചുരിക തന്‍ തുമ്പിലെ
ചോര കൊ-
ണ്ടിനിയേതു ഹൃദയത്തിന്‍ ഭിത്തിമേല്‍
ജീവന്റെ ഉയിരില്‍ നിന്നൊരു വാക്ക്
കോറേണ്ടു ഞാന്‍
ചൊല്‍ക ഇനിയുമെന്തെഴുതേണ്ടു ഞാന്‍?

2 comments: